പ്രതികൂലങ്ങള്‍ രക്ഷയിലേക്ക് അടുപ്പിക്കുന്ന അവസരങ്ങള്‍; ജീവിതത്തില്‍ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റുകളിലേക്ക് യേശുവിനെ സ്വാഗതം ചെയ്യുക: മാര്‍പ്പാപ്പ

പ്രതികൂലങ്ങള്‍ രക്ഷയിലേക്ക് അടുപ്പിക്കുന്ന അവസരങ്ങള്‍; ജീവിതത്തില്‍ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റുകളിലേക്ക് യേശുവിനെ സ്വാഗതം ചെയ്യുക: മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി: ജീവിത യാത്രയില്‍ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റുകളെ നേരിടേണ്ടി വരുമ്പോള്‍ യേശുവിനെ വിളിച്ചപേക്ഷിക്കാനും അവനെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യാനും ഓര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. നമ്മോടൊപ്പം യാത്ര ചെയ്യാനും പ്രതികൂല സാഹചര്യങ്ങളില്‍ നമ്മെ സഹായിക്കാനും അവന്‍ എപ്പോഴും സന്നദ്ധനാണ്. ജീവിതത്തില്‍ നേരിടേണ്ടിവരുന്ന ഓരോ പ്രതികൂല സാഹചര്യങ്ങളും രക്ഷയിലേക്ക് നമ്മെ അടുപ്പിക്കുന്ന അവസരങ്ങളാണെന്നും പാപ്പാ പറഞ്ഞു.

ഞായറാഴ്ചത്തെ മധ്യാഹ്ന പ്രാര്‍ത്ഥനയ്ക്ക് ശേഷം സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ കൂടിയിരുന്ന വിശ്വാസികളെ അഭിവാദ്യം ചെയ്ത്, പതിവുപോലെ അവര്‍ക്ക് വചന സന്ദേശം നല്‍കുകയായിരുന്നു പാപ്പാ. തിരമാലകളില്‍പ്പെട്ട് വല്ലാതെ ഉലഞ്ഞ വഞ്ചിയില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന ശിഷ്യന്‍മാരുടെ അടുത്തേക്ക് യേശു രാത്രിയുടെ യാമങ്ങളില്‍ കടലിനു മീതെ നടന്നു ചെന്നതും അവരെ ധൈര്യപ്പെടുത്തി ആശ്വസിപ്പിക്കുന്നതുമായിരുന്നു ഈ ഞായറാഴ്ചത്തെ സുവിശേഷഭാഗം. ഈ സംഭവത്തിലൂടെ സകലത്തിന്റെ മേലും അധികാരമുള്ളവനാണ് താനെന്ന് നമ്മുടെ കര്‍ത്താവ് ശിഷ്യന്മാര്‍ക്ക് മനസിലാക്കികൊടുക്കുകയായിരുന്നു. ജീവിതത്തില്‍ നമുക്കു നേരിടേണ്ടി വരുന്ന ഭയപ്പെടുത്തുന്ന തിന്മകളെയും മറ്റു പ്രതിസന്ധികളെയും എപ്രകാരമാണ് തരണം ചെയ്യേണ്ടതെന്ന് ഇതിലൂടെ അവന്‍ നമ്മെയും പഠിപ്പിക്കുന്നു - പാപ്പാ വിശദീകരിച്ചു.

ധൈര്യമായിരിക്കുവിന്‍, ഭയപ്പെടേണ്ടാ

കടല്‍ പ്രക്ഷുബ്ധമാകുന്നത് അന്ധകാര ശക്തികളുടെ പ്രവര്‍ത്തനഫലമായിട്ടാണ് എന്നാണ് അക്കാലത്തെ ജനങ്ങള്‍ വിശ്വസിച്ചിരുന്നത്. ശക്തമായി വീശിയടിച്ച കൊടുങ്കാറ്റും ഉയര്‍ന്നു പൊങ്ങിയ തിരമാലകളും കൂടാതെ, കടലിനു മീതെ നടന്നുവരുന്ന യേശുവിന്റെ രൂപവും ശിഷ്യന്മാരെ അത്യധികം ഭയവിഹ്വലരാക്കി. എന്നാല്‍, 'ധൈര്യമായിരിക്കുവിന്‍, ഞാനാണ്, ഭയപ്പെടേണ്ടാ' എന്നു പറഞ്ഞുകൊണ്ട് ഉടന്‍തന്നെ യേശു അവരെ ധൈര്യപ്പെടുത്തി. യേശു എല്ലാ പ്രശ്‌നങ്ങള്‍ക്കും പ്രതികൂലങ്ങള്‍ക്കും അതീതനാണെന്ന ബോധ്യം അപ്പോള്‍ അവര്‍ക്കു ലഭിച്ചു. ഇതുപോലെ നമ്മുടെയും ശത്രുക്കള്‍ പാപമോ, മരണമോ, പിശാചോ എന്തുതന്നെയായിക്കൊള്ളട്ടെ, അവയെല്ലാം അവന്റെ കാല്‍ക്കീഴില്‍ ഞെരിഞ്ഞമരുമെന്ന് നാമും മനസിലാക്കണം.

കാറും കോളും നിറഞ്ഞ നമ്മുടെ ജീവിത സാഹചര്യങ്ങളില്‍ നാം ഒറ്റയ്ക്കല്ലെന്നും യേശു നമ്മോടൊപ്പമുണ്ടെന്നും ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ ജീവിത നൗകയെ തകര്‍ക്കാനായി കൊടുങ്കാറ്റുകള്‍ ആഞ്ഞടിക്കുമ്പോള്‍ ശിഷ്യന്മാര്‍ നിലവിളിച്ചതുപോലെ നാമും യേശുവിനെ വിളിച്ചപേക്ഷിക്കുകയും അവനെ നമ്മുടെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുകയും വേണം. 'കര്‍ത്താവേ രക്ഷിക്കണമേ!' എന്നുള്ള പത്രോസിന്റെ നിലവിളി യേശുവിലുള്ള ഉറച്ച വിശ്വാസത്തിന്റെ പ്രഖ്യാപനം കൂടിയായിരുന്നു. അതുപോലെ നമ്മെ കീഴ്‌പ്പെടുത്താന്‍ നോക്കുന്ന ഭയത്തിന്റെയും തിന്മകളുടെയും മധ്യേ, നമുക്കും ആവര്‍ത്തിക്കാവുന്ന മനോഹരമായ ഒരു പ്രാര്‍ത്ഥനയാണിത് - പാപ്പാ പറഞ്ഞു.

രക്ഷയിലേക്ക് അടുപ്പിക്കുന്ന അവസരങ്ങള്‍

ജീവിതത്തില്‍ നേരിടേണ്ടി വരുന്ന ഓരോ പ്രതികൂലങ്ങളും രക്ഷയിലേക്ക് നമ്മെ അടുപ്പിക്കുന്ന അവസരങ്ങളാക്കി മാറ്റണം. കര്‍ത്താവിന്റെ കരങ്ങളില്‍ മുറുകെപ്പിടിച്ച്, അവന്‍ കൂടെയുണ്ടെന്നുള്ള ഉറച്ച വിശ്വാസത്തോടെ, പ്രതിസന്ധികളെ അഭിമുഖീകരിക്കാന്‍ നമ്മെ അവന്‍ ക്ഷണിക്കുന്നു. രാത്രിയുടെ യാമങ്ങളില്‍ കടലിനു മീതെ നടന്നുവന്ന യേശുവിനെ തങ്ങള്‍ സഞ്ചരിച്ചിരുന്ന വഞ്ചിയിലേക്ക് ശിഷ്യന്മാര്‍ സ്വീകരിച്ചതുപോലെ, അന്ധകാരപൂര്‍ണമായ നിമിഷങ്ങളില്‍ നമ്മുടെ ജീവിതങ്ങളിലേക്ക് അവനെ സ്വീകരിക്കാം.

യേശുവാകുന്ന പ്രകാശം

ഭയം നമ്മെ ഗ്രസിക്കുന്ന നിമിഷങ്ങളില്‍, അതില്‍ നിന്ന് പുറത്ത് കടക്കാന്‍ ശ്രമിക്കുന്നത് സ്വന്തം ശക്തിയാലാണോ അതോ കര്‍ത്താവില്‍ ആശ്രയമര്‍പ്പിച്ചാണോ എന്ന് ഓരോരുത്തരും ആത്മശോധന ചെയ്തു കണ്ടുപിടിക്കണം. കൊടുങ്കാറ്റിനെയും തിരമാലകളെയുംകാള്‍ ശക്തിയുള്ളവനാണ് ക്രിസ്തു എന്ന് നാം വിശ്വസിക്കുന്നുണ്ടോ? നമ്മുടെ ജീവിത യാനങ്ങളിലേയ്ക്ക്, പ്രത്യേകിച്ച് പ്രതികൂല സാഹചര്യങ്ങളില്‍, ക്രിസ്തുവിനെ സ്വാഗതം ചെയ്യാനും അവനെ അമരക്കാരനാക്കാനും നാം തയ്യാറാണോ?- പാപ്പാ ചോദിച്ചു. അന്ധകാരപൂര്‍ണമായ നമ്മുടെ ജീവിത യാത്രകളില്‍ സമുദ്രതാരമായ പരിശുദ്ധ മറിയം ക്രിസ്തുവിന്റെ പ്രകാശത്തിലേക്ക് നമ്മെ നയിക്കട്ടെ എന്നാശംസിച്ചുകൊണ്ട് തന്റെ സന്ദേശം പാപ്പ ഉപസംഹരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.