തിരുവനന്തപുരം: ഉറവിട മാലിന്യ സംസ്‌കരണം ജനങ്ങളുടെ ഉത്തരവാദിത്വമാക്കി കേരള പഞ്ചായത്തി രാജ്, മുനിസിപ്പല്‍ നിയമങ്ങള്‍ ഉടന്‍ ഭേദഗതി ചെയ്യും. നിയമ ലംഘനം നടത്തുന്നവര്‍ 1000 മുതല്‍ 10,000 രൂപവരെ പിഴ നല്‍കേണ്ടി വരും. മാലിന്യം വലിച്ചെറിയുന്നത് റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് പാരിതോഷികം നല്‍കണമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.
ഏറ്റവും ശുചിത്വമുള്ള സംസ്ഥാനമായി മാറുകയാണ് ലക്ഷ്യം. തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറാക്കിയ ബില്ലിന്റെ കരട് നിയമ വകുപ്പിന് വൈകാതെ കൈമാറും. സെപ്തംബര്‍ 14 ന് അവസാനിക്കുന്ന നിയമസഭ സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ പിന്നാലെ ഓര്‍ഡിനന്‍സായി കൊണ്ടു വരാനാണ് തീരുമാനം.
സംസ്‌കരണ പ്‌ളാന്റുകള്‍ സ്ഥാപിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം. പരിസരത്ത് താമസിക്കുന്നവരുടെ എതിര്‍പ്പ് ഒഴിവാക്കാന്‍ അവര്‍ക്കായി പ്രത്യേക ക്ഷേമ പദ്ധതിയും നികുതി ഇളവുകളും നല്‍കാന്‍ വ്യവസ്ഥ ചെയ്യും.
ഒഴിഞ്ഞു കിടക്കുന്ന ഭൂമിയോ അനുയോജ്യമായ സ്വകാര്യ ഭൂമിയോ കണ്ടെത്തി സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നടപടിയെടുക്കാം. തൊട്ടടുത്തുള്ള തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സംയുക്തമായും പദ്ധതി നടപ്പാക്കാം.
ഉറവിട മാലിന്യ സംസ്‌കരണം പൗരന്മാര്‍ നടത്തുന്നുവെന്ന് ഉറപ്പാക്കേണ്ട പൂര്‍ണ ഉത്തരവാദിത്വം പഞ്ചായത്ത് കമ്മിറ്റികള്‍ക്കും മുനിസിപ്പല്‍ കൗണ്‍സിലുകള്‍ക്കും ആയിരിക്കും. സെക്രട്ടറിമാരാണ് ഇക്കാര്യം ഉറപ്പുവരുത്തേണ്ടത്. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടതും സെക്രട്ടറിമാരാണ്. പരിസര ശുചിത്വം ഉറപ്പാക്കേണ്ട ബാദ്ധ്യതയും ജനങ്ങള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കുമുണ്ട്.
മാലിന്യങ്ങള്‍ പൊതുസ്ഥലത്തോ ജലാശയങ്ങളിലോ സ്വകാര്യഭൂമിയിലോ വലിച്ചെറിയുന്നവര്‍ക്ക് 5000 രൂപയാണ് പിഴ. മലിന ജലം ഒഴുക്കി വിട്ടാലും ഇതേ പിഴ. എല്ലായിടത്തും തദ്ദേശ സ്ഥാപനങ്ങള്‍ നിരന്തരം നിരീക്ഷണവും പരിശോധനയും നടത്തണം.
കടകളുടെയും സ്ഥാപനങ്ങളുടെയും പരിസരങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ട ഉത്തരവാദിത്വം ഉടമകള്‍ക്കാണ്. വീഴ്ച വരുത്തിയാല്‍ 5000 രൂപ വരെയാണ് പിഴ. നിര്‍ദ്ദിഷ്ട വ്യവസ്ഥകള്‍ പാലിക്കാതെ തദ്ദേശ സ്ഥാപനങ്ങളുമായി നിസഹകരിച്ചാല്‍ പതിനായിരം രൂപവരെ പിഴ ചുമത്താം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.