ലണ്ടന്‍: റഷ്യയുടെ ചാരന്മാരെന്ന് സംശയിക്കുന്ന മൂന്ന് പേര്‍ ബ്രിട്ടനില്‍ അറസ്റ്റിലായി. അറസ്റ്റിലായ മൂന്നുപേരും ബള്‍ഗേറിയന്‍ പൗരന്‍മാരാണ്. മൂന്നു പേരും റഷ്യന്‍ സെക്യൂരിറ്റി സര്‍വീസിന് വേണ്ടിയാണ് ജോലി ചെയ്തിരുന്നതെന്നാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. ബ്രിട്ടനിലെ ദേശീയ സുരക്ഷാ ഏജന്‍സി ഇവര്‍ക്കെതിരെ കുറ്റം ചുമത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരിയിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. വ്യക്തമായ തെളിവുകള്‍ ശേഖരിക്കാനായി കസ്റ്റഡിയിലെടുത്ത് മാസങ്ങളോളം ബ്രിട്ടന്‍ ഈ വിവരം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
നോര്‍ഫോക്കില്‍ താമസിക്കുന്ന ഒര്‍ലിന്‍ റൂസെവ്, വടക്ക്-പടിഞ്ഞാറന്‍ ലണ്ടനിലെ ഹാരോയില്‍ താമസിച്ചിരുന്ന ബിസര്‍ ധംബസോവ്, ഹാരോയില്‍ നിന്നു തന്നെയുള്ള കാട്രിന്‍ ഇവാനോവ എന്നിവരാണ് അറസ്റ്റിലായത്. മൂവരും വര്‍ഷങ്ങളായി യുകെയില്‍ താമസിക്കുകയായിരുന്നു. ബ്രിട്ടനിലെ വിവിധ മേഖലകളിലായാണ് ഇവര്‍ ജോലി ചെയ്തത്.
അറസ്റ്റിലായ പ്രതികള്‍ കൈവശം വെച്ച തിരിച്ചറിയില്‍ രേഖകള്‍ വ്യാജമാണെന്ന് അന്വേഷണ ഏജന്‍സി കണ്ടെത്തി. തെറ്റായ ഉദ്ദേശ്യത്തോടെ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ കൈവശം വച്ചതിനാണ് ഇവര്‍ക്കെതിരെ ആദ്യഘട്ടത്തില്‍ കുറ്റം ചുമത്തിയത്. യുകെ, ബള്‍ഗേറിയ, ഫ്രാന്‍സ്, ഇറ്റലി, സ്പെയിന്‍, ക്രൊയേഷ്യ, സ്ലോവേനിയ, ഗ്രീസ്, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകളും മറ്റ് തിരിച്ചറിയല്‍ കാര്‍ഡുകളുമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ബ്രിട്ടനില്‍ ചാരകേസുകള്‍ അന്വേഷിക്കുന്ന മെട്രോപൊളിറ്റന്‍ തീവ്രവാദ വിരുദ്ധ ഡിറ്റക്ടീവുകളാണ് ഇവരെ അറസ്റ്റ് ചെയ്തത്.
റൂസെവിന് റഷ്യയില്‍ ബിസിനസ് ഇടപാടുകളുണ്ടായിരുന്നുവെന്നാണ് അന്വേഷണ ഏജന്‍സി കണ്ടെത്തിയത്. 2009-ല്‍ ആണ് റൂസെവ് യുകെയിലേക്ക് എത്തിയത്. പിന്നീട് മൂന്ന് വര്‍ഷം ബാങ്കിങ് സെക്ടറിലെ ടെക്‌നിക്കല്‍ വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു. ബള്‍ഗേറിയന്‍ ഊര്‍ജ മന്ത്രാലയത്തിന്റെ ഉപദേശകനായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ഹാരോയിലെ ആശുപത്രിയിലായിരുന്നു ഇവാനോവ ജോലി ചെയ്തത്. ലാബോറട്ടറി അസിസ്റ്റന്റ് എന്നാണ് ലിങ്ക്ഡിന്‍ പ്രൊഫൈലില്‍ ജോലി സംബന്ധിച്ച് വിശദീകരണം നല്‍കിയത്.
ആശുപത്രികളുടെ ഡ്രൈവറായിട്ടാണ് ബിസര്‍ ധംബസോവ് ജോലി ചെയ്തിരുന്നത്. ഏകദേശം പത്ത് വര്‍ഷം മുന്‍പാണ് ഇവര്‍ രണ്ടു പേരും ബ്രിട്ടനിലേക്ക് താമസത്തിനെത്തിയത്. ബ്രിട്ടീഷ് സമൂഹത്തിന് സേവനങ്ങള്‍ നല്‍കുന്നതിനായി ഒരു സന്നദ്ധ സംഘടനയ്ക്കും ഇരുവരും രൂപം നല്‍കിയിരുന്നു.
മൂന്ന് പ്രതികളുടെയും വിചാരണ ജനുവരിയില്‍ ലണ്ടനിലെ ഓള്‍ഡ് ബെയ്ലിയില്‍ നടക്കും. യുകെയില്‍ റഷ്യന്‍ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം നടന്നത്. രാജ്യത്തിന് ഭീഷണിയാകുന്ന തരത്തില്‍ പ്രതികള്‍ റഷ്യയ്ക്ക് രഹസ്യ വിവരങ്ങള്‍ കൈമാറിയതായാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.
2018-ല്‍, ഇംഗ്ലണ്ടിലെ സാലിസ്ബറിയില്‍ റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം ഇവരിലേക്ക് എത്തിയത്. രഹസ്യാന്വേഷണ ഏജന്റ് സെര്‍ജി സ്‌ക്രിപലും മകള്‍ യൂലിയയും മാരകമായ വിഷമേറ്റ് കൊല്ലപ്പെട്ട സംഭവമാണ് കേസിനാധാരമായത്. റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ ഉദ്യോഗസ്ഥനായിരിക്കെ ബ്രിട്ടീഷ് ചാര സംഘടനയ്ക്ക് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് റഷ്യന്‍ ഭരണകൂടം ഇദ്ദേഹത്തിന് ജയില്‍ ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍, സെര്‍ജിക്ക് ബ്രിട്ടണ്‍ അഭയം നല്‍കുകയായിരുന്നു. ഇരുവരുടെയും മരണത്തിനു പിന്നില്‍ മോസ്‌കോ ആയിരിക്കാനാണ് സാധ്യതയെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ അന്നു പറഞ്ഞിരുന്നു.
2006-ല്‍, മുന്‍ റഷ്യന്‍-ഇന്റലിജന്‍സ് ഓഫീസര്‍ അലക്‌സാണ്ടര്‍ ലിറ്റ്വിനെങ്കോയെ റഷ്യന്‍ ഭരണകൂടത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കൊലയാളി സംഘം വിഷം കൊടുത്ത് കൊലചെയ്ത സംഭവവും ലണ്ടന്‍ പോലീസിന്റെ രേഖകളിലുണ്ടായിരുന്നു. ഈ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് ബ്രിട്ടന്‍ പോലീസിനെ എത്തിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.