അജിത്-ശരദ് പവാര്‍ കൂടിക്കാഴ്ച: ബിജെപിയുമായി കൈകോര്‍ക്കില്ലെന്ന് സഞ്ജയ് റാവത്ത്; ഒരു ഓഫറും ലഭിച്ചിട്ടില്ലെന്ന് സുപ്രിയ സുലെ

അജിത്-ശരദ് പവാര്‍ കൂടിക്കാഴ്ച: ബിജെപിയുമായി കൈകോര്‍ക്കില്ലെന്ന് സഞ്ജയ് റാവത്ത്; ഒരു ഓഫറും ലഭിച്ചിട്ടില്ലെന്ന് സുപ്രിയ സുലെ

മുംബൈ: എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും പാര്‍ട്ടി പിളര്‍ത്തി എന്‍ഡിഎ ക്യാംപിലെത്തിയ വിമത നേതാവ് അജിത് പവാറും തമ്മില്‍ പുനെയില്‍ നടത്തിയ രഹസ്യ കൂടിക്കാഴ്ചയെച്ചൊല്ലിയുള്ള അഭ്യൂഹങ്ങളാണ് ഇപ്പോള്‍ ചര്‍ച്ച.

ശനിയാഴ്ച ഉച്ചയ്ക്ക് പുണെ കൊറേഗാവ് പാര്‍ക്കിലെ സുഹൃത്തായ വ്യവസായിയുടെ വീട്ടില്‍ വച്ചാണ് ഇരുവരും തമ്മില്‍ കണ്ടത്. കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുവരും മടങ്ങുന്ന ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ ബിജെപിയുമായി ഒരിക്കലും കൈകോര്‍ക്കില്ലെന്ന് ശരദ് പവാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.
ഇപ്പോള്‍ ശരദ് പവാറിന്റെ ബിജെപി പ്രവേശന അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്തും രംഗത്തെത്തിയിരിക്കുകയാണ്. ശരദ് പവാര്‍ ജീവിതത്തിലൊരിക്കലും ബിജെപിയുമായി കൈകോര്‍ക്കില്ലെന്ന് സഞ്ജയ് റാവത്ത് വ്യക്തമാക്കുന്നു. അദ്ദേഹം തന്റെ പാര്‍ട്ടിയെ പുനക്രമീകരിക്കുകയാണെന്നും ബിജെപിയില്‍ ചേരാന്‍ ഒരു സാധ്യതയുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

2024ല്‍ ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ പ്രതിപക്ഷ സഖ്യം ഇന്ത്യയുടെ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തുമെന്നും രാജ്യം ആ നിമിഷത്തിനായി കാത്തിരിക്കുകയാണെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ റാവത്ത് അവകാശപ്പെട്ടു. മഹാരാഷ്ട്രയില്‍ പ്രതിപക്ഷമായ ശിവസേനയുടെയും (യുബിടി) കോണ്‍ഗ്രസിന്റെയും സഖ്യകക്ഷിയാണ് ശരദ് പവാറിന്റെ പാര്‍ട്ടി.

വ്യവസായിയുടെ വസതിയിലെ കൂടിക്കാഴ്ചയ്ക്കിടെ അജിത് പവാര്‍ ശരദ് പവാറിന് എന്തെങ്കിലും ഓഫര്‍ നല്‍കിയോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തെ പരിഹസിച്ച റാവത്ത്, എന്നുമുതലാണ് ശരദ് പവാറിന് ഓഫര്‍ നല്‍കാന്‍ മാത്രം അജിത് പവാര്‍ വളര്‍ന്നതെന്ന് മറുചോദ്യം ചോദിച്ചു. ശരദ് പവാറും അദ്ദേഹത്തിന്റെ അനന്തരവനും തമ്മിലുള്ള അടിക്കടിയുള്ള കൂടിക്കാഴ്ചകള്‍ എന്‍സിപി സ്ഥാപകന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുകയാണെന്ന് ശിവസേന (യുബിടി) മുഖപത്രമായ 'സാമ്ന'യുടെ എഡിറ്റോറിയലിന് പിന്നാലെയായിരുന്നു റാവത്തിന്റെ പ്രതികരണം. മഹാരാഷ്ട്രയില്‍ പ്രതിപക്ഷമായ ശിവസേനയുടെയും (യുബിടി) കോണ്‍ഗ്രസിന്റെയും സഖ്യകക്ഷിയാണ് ശരദ് പവാറിന്റെ പാര്‍ട്ടി.

ഇതിനിടെ വിഷയത്തില്‍ പ്രതികരണവുമായി ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെയും രംഗത്തെത്തി. ഒരു ഓഫറും ലഭിച്ചിട്ടില്ലെന്നായിരുന്നു സുപ്രിയയുടെയും വാദം. ശരദ് പവാറിന് കേന്ദ്രത്തില്‍ കൃഷി മന്ത്രി സ്ഥാനവും നീതി ആയോഗ് ചെയര്‍മാന്‍ സ്ഥാനവും ബിജെപി വാഗ്ദാനം ചെയ്തതായി പൃഥ്വിരാജ് ചവാനെ ഉദ്ധരിച്ച് ഒരു പത്രമാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പുറമെ എംപി സുപ്രിയ സുലെ, എംഎല്‍എ ജയന്ത് പാട്ടീല്‍ എന്നിവരെ മന്ത്രിമാരാക്കുമെന്നും വാഗ്ദാനമുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഈ റിപ്പോര്‍ട്ടിന് പിന്നാലെ ശരദ് പവാറിന്റെ നിലപാട് വ്യക്തമാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യമുന്നയിച്ചു.

വിവാദത്തില്‍ താന്‍ കൃത്യമായ മറുപടി നല്‍കുമെന്ന് എന്‍സിപി എംപി സുപ്രിയ സുലെ പറഞ്ഞു. ഓഫറുകളൊന്നും ലഭിച്ചിട്ടില്ല. ഒരു ഓഫറിനെക്കുറിച്ചും തനിക്കറിയില്ല. കോണ്‍ഗ്രസ് എന്ത് പ്രസ്താവനയാണ് നടത്തുന്നതെന്ന് അറിയില്ല. ഞാനും പവാര്‍ സാഹിബും പ്രസ്താവനകള്‍ നല്‍കിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുമായും സോണിയ ഗാന്ധിയുമായും സംസാരിക്കും. തങ്ങള്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനൊപ്പം ഇരുന്ന് അവരുമായി ചേര്‍ന്നാണ് തന്ത്രങ്ങള്‍ മെനയുന്നത്. അദ്ദേഹത്തിന്റെ സംസ്ഥാന നേതൃത്വത്തെക്കുറിച്ച് താന്‍ പറയുന്നത് അനുചിതമാണ്. കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വത്തെക്കുറിച്ച് പ്രതികരിക്കാന്‍ കഴിയില്ലെന്നും സുപ്രിയ സുലെ കൂട്ടിച്ചേര്‍ത്തു.

അതേസമയം എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും അജിത് പവാറും തമ്മിലുള്ള രഹസ്യ കൂടിക്കാഴ്ച താന്‍ അംഗീകരിക്കുന്നില്ലെന്നും ഇത് പാര്‍ട്ടിക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെ പറഞ്ഞു. കോണ്‍ഗ്രസ് ഉന്നത നേതാക്കള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. ഇന്ത്യ സഖ്യവും ഇത് ചര്‍ച്ച ചെയ്യും. അതിനാല്‍ താന്‍ കൂടുതല്‍ ചര്‍ച്ച ചെയ്യുന്നത് ഉചിതമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.