ഈയാഴ്ച കൂടി മഴ തുടരും; ഹിമാചലിലും ഉത്തരാഖണ്ഡിലും സൈന്യത്തിന്റെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം

ഈയാഴ്ച കൂടി മഴ തുടരും; ഹിമാചലിലും ഉത്തരാഖണ്ഡിലും സൈന്യത്തിന്റെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം

ന്യൂഡല്‍ഹി: പ്രളയം നാശം വിതച്ച ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും സൈന്യത്തിന്റെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. മൂന്ന് ദിവസമായി പെയ്ത കനത്ത മഴയില്‍ ഹിമാചലില്‍ 72 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഹിമാചല്‍ പ്രദേശിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ നിന്ന് 1000 ആളുകളെ രക്ഷപ്പെടുത്തി. രണ്ടു സംസ്ഥാനങ്ങളിലും ഈയാഴ്ച കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം.

ഹിമാചലില്‍ കാന്‍ഗ്ര ജില്ലയില്‍ മാത്രം വ്യോമസേന ഇന്നലെ 220-ലധികം ആളുകളെ രക്ഷപ്പെടുത്തി. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ കണക്കുകള്‍ പ്രകാരം 1,762 വീടുകള്‍ പൂര്‍ണമായും 8,952 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ജൂലൈ മുതല്‍ തുടരുന്ന മഴയയില്‍ 113 ഉരുള്‍പൊട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് സുഖു, കാന്‍ഗ്ര ജില്ലയിലെ ഇന്‍ഡോറയിലും ഫത്തേപൂര്‍ പ്രദേശത്തും വ്യോമ നിരീക്ഷണം നടത്തി.

ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതി തുടരുമ്പോള്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്നും പ്രതിസന്ധി ഘട്ടത്തില്‍ എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ഓഗസ്റ്റ് 20-21 തീയതികളില്‍ താന്‍ ഹിമാചല്‍ പ്രദേശ് സന്ദര്‍ശിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഉത്തരാഖണ്ഡില്‍ ഋഷികേശിലെ ലക്ഷ്മണ്‍ ജൂലൈ സമീപം കാര്‍ ഒലിച്ചുപോയതിനെ തുടര്‍ന്ന് കാണാതായ സ്ത്രീയ്ക്കും മകനും വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി. പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെ രംഗത്തിറക്കിയിട്ടുണ്ട്.

കനത്ത മഴയെത്തുടര്‍ന്നുള്ള ഗംഗാ നദിയിലെ കുത്തൊഴുക്കില്‍ ഋഷികേശിലെ രാംജൂല പാലത്തില്‍ താങ്ങു വയര്‍ പൊട്ടിയതിനാല്‍ ഇരുചക്ര വാഹനങ്ങള്‍ നിരോധിച്ചു. സംസ്ഥാനത്ത് 52 പേര്‍ മരിക്കുകയും 37 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് ഔദ്യോഗിക കണക്ക്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.