ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി നരേന്ദ്രമോഡി നാളെ ദക്ഷിണാഫ്രിക്കയിലേക്ക്; ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയേക്കും

ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി നരേന്ദ്രമോഡി നാളെ ദക്ഷിണാഫ്രിക്കയിലേക്ക്; ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയേക്കും

ന്യൂഡല്‍ഹി: ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോഡി നാളെ രാവിലെ ജോഹന്നാസ് ബര്‍ഗിലേക്ക് പുറപ്പെടും. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബര്‍ഗില്‍ നാളെ മുതല്‍ ഈ മാസം 24 വരെയാണ് ഉച്ചകോടി നടക്കുക. മൂന്നു വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് രാഷ്ട്രത്തലവന്മാര്‍ നേരിട്ടു പങ്കെടുക്കുന്ന ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് മതമേല സിറില്‍ റമാഫോസയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.

കോവിഡ് മഹാമാരിയെത്തുടര്‍ന്ന് വിര്‍ച്വല്‍ ഉച്ചകോടിയായിരുന്നു മുമ്പ് നടന്നിരുന്നത്. 'ബ്രിക്സും ആഫ്രിക്കയും: പരസ്പര ത്വരിത വളര്‍ച്ചയ്ക്കും സുസ്ഥിര വികസനത്തിനുമുള്ള പങ്കാളിത്തം എന്നതാണ് ഇത്തവണത്തെ ഉച്ചകോടിയുടെ വിഷയമെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിനയ് ഖ്വത്ര പറഞ്ഞു.

ഗാല്‍വാന്‍ അതിര്‍ത്തി തര്‍ക്കത്തിന് ശേഷം ഇതാദ്യമായാണ് മോഡിയും ജിന്‍പിങ്ങും ഒരു വേദിയില്‍ ഒരുമിക്കുന്നത്. ഇരുവരും തമ്മിലുള്ള ചര്‍ച്ചയ്ക്ക് വേദിയൊരുങ്ങുന്നതായി വിദേശകാര്യമന്ത്രാലയം സൂചിപ്പിച്ചു. 2020 മെയില്‍ ഗാല്‍വാന്‍ അതിര്‍ത്തി തര്‍ക്കം ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ വക്കിലെത്തിയിരുന്നു

ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം ഗ്രീസും 25നു പ്രധാനമന്ത്രി സന്ദര്‍ശിക്കും. ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോട്ടാക്കിസ് ഗ്രീസ് സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ക്ഷണിച്ചിരുന്നു. ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖരുമായും ഗ്രീസിലെ ഇന്ത്യന്‍ സമൂഹവുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തും.

40 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഗ്രീസ് സന്ദര്‍ശിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ചയാവും. ഇരുരാജ്യങ്ങളിലെയും വ്യവസായ പ്രമുഖരുമായും ഗ്രീസിലെ ഇന്ത്യന്‍ സമൂഹവുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.