ലോഡ് ഷെഡിങ് ഉണ്ടാവില്ല; കൈമാറ്റക്കരാറിലൂടെ വൈദ്യുതി വാങ്ങാന്‍ നടപടി

ലോഡ് ഷെഡിങ് ഉണ്ടാവില്ല; കൈമാറ്റക്കരാറിലൂടെ വൈദ്യുതി വാങ്ങാന്‍ നടപടി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഉണ്ടാകില്ല. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികളില്‍ തീരുമാനമായെന്ന് വൈദ്യുതി ബോര്‍ഡ് വ്യക്തമാക്കി. ഹ്രസ്വകാല കരാറില്‍ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ബോര്‍ഡ് അടിയന്തര ടെന്‍ഡര്‍ വിളിച്ചു. അടുത്ത മഴക്കാലത്ത് തിരിച്ചുനല്‍കാമെന്ന വ്യവസ്ഥയില്‍ 500 മെഗാവാട്ടിനുള്ള ടെന്‍ഡര്‍ ഇന്ന് വിളിക്കും.

മന്ത്രി കെ. കൃഷ്ണന്‍കുട്ടി വിളിച്ച അവലോകന യോഗത്തിലാണ് പവര്‍ എക്സ്ചേഞ്ചില്‍ നിന്ന് ദിവസേന മുന്‍കൂര്‍ പണം കൊടുത്ത് വൈദ്യുതി വാങ്ങുന്നതിനേക്കാള്‍ ചെലവ് കുറഞ്ഞ ബദല്‍ മാര്‍ഗങ്ങള്‍ തേടാമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചത്. മുന്‍കൂര്‍ പണം നല്‍കേണ്ടി വന്നത് ബോര്‍ഡിന് വലിയ ബാധ്യതയാണുണ്ടാക്കിയിരുന്നത്. ചില ദിവസങ്ങളില്‍ ആയിരം മെഗാവാട്ടിന്റെവരെ കുറവ് ഇപ്പോള്‍ നേരിടുന്നു. 17 കോടിരൂപ വരെ അധികം നല്‍കേണ്ടിയും വരുന്നു.

മഴക്കാലത്ത് തിരികെ നല്‍കാമെന്ന വ്യവസ്ഥയില്‍ വേനല്‍ക്കാലത്ത് പുറത്തു നിന്ന് വൈദ്യുതി വാങ്ങാറുണ്ട്. കൈമാറ്റക്കരാര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത്തവണ മഴക്കാലമാണെങ്കിലും വൈദ്യുതിയില്ലാത്തതുകൊണ്ടാണ് കൈമാറ്റക്കരാറില്‍ ഏര്‍പ്പെടുന്നത്. അടുത്ത മഴക്കാലത്ത് തിരികെ നല്‍കും. ഇങ്ങനെ വൈദ്യുതി വാങ്ങുന്നതിന് പണം നല്‍കേണ്ടതില്ല. വാങ്ങുന്നതിനെക്കാള്‍ നിശ്ചിത ശതമാനം അധികം തിരികെ നല്‍കണം. എന്നാല്‍ ഹ്രസ്വകാല കരാറില്‍ കൂടിയ വില നല്‍കേണ്ടി വരും. ഇത്തരം കരാറുകള്‍ സാധിച്ചില്ലെങ്കില്‍ മാത്രം പവര്‍ എക്സ്ചേഞ്ചില്‍ നിന്ന് വൈദ്യുതി വാങ്ങും. ഇതിന് പറമേ, രാത്രിയില്‍ വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിന് പ്രചാരണം നടത്താനും മന്ത്രി നിര്‍ദേശിച്ചു. വൈദ്യുതി പ്രതിസന്ധിയെക്കുറിച്ചും ബോര്‍ഡ് സ്വീകരിച്ച നടപടികളെക്കുറിച്ചും 25 ന് മുഖ്യമന്ത്രിയെ ധരിപ്പിക്കും.

അതേസമയം വൈദ്യുതി പ്രതിസന്ധി മുന്‍കൂട്ടിക്കണ്ട് കെ.എസ്.ഇ.ബി. തയ്യാറെടുപ്പുകള്‍ നടത്താത്തതില്‍ സര്‍ക്കാരും റെഗുലേറ്ററി കമ്മിഷനും അതൃപ്തി അറിയിച്ചു. ചട്ടം ലംഘിച്ചെന്ന പേരില്‍ റെഗുലേറ്ററി കമ്മിഷന്‍ വില കുറഞ്ഞ കരാറുകള്‍ റദ്ദാക്കിയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് വരുത്തിത്തീര്‍ക്കാന്‍ ബോര്‍ഡ് ശ്രമിച്ചെന്നാണ് റെഗുലേറ്ററി കമ്മിഷന്റെ വിമര്‍ശനം. ഇതുസംബന്ധിച്ച പത്രവാര്‍ത്തകള്‍ വന്നതിലും കമ്മിഷന്‍ ചെയര്‍മാന്‍ ടി.കെ ജോസ് അതൃപ്തി അറിയിച്ചു.

കൈമാറ്റക്കരാറിനും ഹ്രസ്വകാല കരാറിനും നേരത്തേതന്നെ ശ്രമിച്ചിരുന്നെങ്കില്‍ ദിവസേന മുന്‍കൂര്‍ പണം നല്‍കി വൈദ്യുതി വാങ്ങേണ്ട സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്നാണ് സര്‍ക്കാരിന്റെ പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.