അറസ്റ്റ് ഭയന്ന് ബ്രിക്‌സ് ഒഴിവാക്കിയ പുടിന്‍ അടുത്ത മാസം ഇന്ത്യയിലെത്തുമോ? പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ജി20 വേദിയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

അറസ്റ്റ് ഭയന്ന് ബ്രിക്‌സ് ഒഴിവാക്കിയ പുടിന്‍ അടുത്ത മാസം ഇന്ത്യയിലെത്തുമോ? പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ജി20 വേദിയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട് ഭയന്ന് ദക്ഷിണാഫ്രിക്കയിലെ ബ്രിക്‌സ് ഉച്ചകോടി ഒഴിവാക്കിയ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ അടുത്ത മാസം ഇന്ത്യയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്ക് എത്തുമോ എന്ന ആകാംക്ഷയിലാണ് പാശ്ചാത്യ രാജ്യങ്ങള്‍. പുടിന്റെ വരവിനെക്കുറിച്ച് മോസ്‌കോയില്‍നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലെങ്കിലും പങ്കെടുക്കാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളയുന്നില്ലെന്നാണ് പേര് വെളിപ്പെടുത്താത്ത ക്രെംലിന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരസ്യ പ്രസ്താവനകള്‍ പൊതുവെ നടത്താത്ത പുടിന്‍ ഇക്കാര്യത്തില്‍ മനസു തുറന്നിട്ടില്ല.

18 മാസം മുമ്പ് ഉക്രെയ്ന്‍ അധിനിവേശം ആരംഭിച്ച ശേഷം പാശ്ചാത്യ രാജ്യങ്ങളുടെ നേതാക്കള്‍ പങ്കെടുത്ത അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ പുടിന്റെ സാന്നിധ്യമുണ്ടായിട്ടില്ല. യുദ്ധത്തിന്റെ പേരില്‍ ഏറെ പഴി കേള്‍ക്കുകയും ഒറ്റപ്പെടുകയും ചെയ്ത പുടിന്‍ സ്വന്തം പ്രതിച്ഛായ മിനുക്കാനുള്ള അവസരമായി ജി20 ഉച്ചകോടിയെ കാണുന്നുണ്ട്. റഷ്യയില്‍ ഒമ്പത് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നതിനാല്‍ ലോക വേദികളില്‍ മറ്റു നേതാക്കള്‍ക്കിടയില്‍ സ്വീകാര്യത വര്‍ധിപ്പിക്കാനും പുടിന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.

ഉക്രെയ്ന്‍ അധിനിവേശ കേസില്‍ ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതും. അന്താരാഷ്ട്ര കോടതിയുടെ ഉടമ്പടിയില്‍ ഒപ്പുവച്ച ദക്ഷിണാഫ്രിക്കയ്ക്ക് വാറണ്ട് അവഗണിക്കാന്‍ കഴിയില്ല. അതിനാല്‍ ബ്രിക്‌സ് ഉച്ചകോടിക്കായി പുടിന്‍ ദക്ഷിണാഫ്രിക്കയില്‍ എത്തിയാല്‍ അറസ്റ്റ് ചെയ്യേണ്ടി വരും. ഈ കാരണത്താല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പുടിന്‍ ഉച്ചകോടിയില്‍ പങ്കെടുത്തത്.

ഷി ജിന്‍പിങ്ങിന്റെ തന്ത്രം പയറ്റാന്‍ പുടിനും

2019 മുതല്‍ ലോക നേതാക്കളുടെ ജി20 യോഗത്തില്‍ അദ്ദേഹം നേരിട്ട് പങ്കെടുത്തിട്ടില്ല. കഴിഞ്ഞ വര്‍ഷം ഇന്തോനേഷ്യയില്‍ ഉച്ചകോടി നടക്കുന്നതിന് ഒരാഴ്ച മുമ്പ് റഷ്യന്‍ പ്രസിഡന്റ് അതില്‍ നിന്ന് പിന്മാറിയിരുന്നു. എന്നാല്‍ ഇക്കുറി കാറ്റു മാറിവീശുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. ഇക്കാര്യത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ തന്ത്രം പുടിനും പയറ്റിയേക്കുമെന്നാണ് സൂചന. ഇത്തരം ലോകവേദികളില്‍ പങ്കെടുത്ത് പാശ്ചാത്യ രാജ്യങ്ങളോട് ആഭിമുഖ്യം പുലര്‍ത്താത്ത രാജ്യങ്ങളെ തന്നിലേക്ക് ആകര്‍ഷിക്കാനുള്ള തന്ത്രം പുടിന്‍ സ്വീകരിച്ചേക്കും.

ബ്രിക്‌സ് ഉച്ചകോടിയില്‍ നടത്തിയ ഓണ്‍ലൈന്‍ പ്രസംഗത്തിലെ പുടിന്റെ വാക്കുകള്‍ ഇതിനുദാഹരണമാണ്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കുള്ള ധാന്യ വിതരണം റഷ്യ ഉത്തരവാദിത്തത്തോടെ തുടരുമെന്നാണ് പുടിന്‍ വാഗ്ദാനം ചെയ്തത്.



അതേസമയം, സെപ്റ്റംബര്‍ 9, 10 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി20 സമ്മേളനത്തില്‍ പുടിന്‍ നേരിട്ട് എത്തിയാല്‍ ഉക്രെയ്ന്‍ അധിവേശം സംബന്ധിച്ച് പാശ്ചാത്യ നേതാക്കളുമായി മുഖാമുഖമുള്ള ഏറ്റുമുട്ടലിലേക്കു കാര്യങ്ങള്‍ മാറാന്‍ സാധ്യതയുണ്ട്.

വിമര്‍ശനങ്ങളെ ഭയമോ?

ലണ്ടനിലെ റോയല്‍ യുണൈറ്റഡ് സര്‍വീസസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ജോനാഥന്‍ ഇയാല്‍ പറയുന്നത്, റഷ്യന്‍ തലവന് മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് ഉക്രെയ്ന്‍ അധിനിവേശം സംബന്ധിച്ചും എതിരാളികളെ അടിച്ചമര്‍ത്തുന്നതിനെക്കുറിച്ചും ചോദ്യങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഉറപ്പാണെന്നാണ്. രാഷ്ട്രത്തലവന്മാര്‍ ഒരുമിച്ചുള്ള ചിത്രങ്ങളില്‍ പോലും പുടിന് പിരിമുറുക്കമില്ലാതെ നില്‍ക്കാന്‍ സാധിക്കുമോ അതോ ഒഴിവാക്കപ്പെടുമോ എന്നതും പ്രസക്തമാണ്.

രാഷ്ട്രീയമായി വിമര്‍ശനങ്ങള്‍ ഉയരില്ലെന്ന് ഉറപ്പുകളൊന്നും ലഭിച്ചില്ലെങ്കില്‍, പുടിന്‍ ഓണ്‍ലൈനായി മാത്രമേ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുള്ളൂ. അല്ലെങ്കില്‍ പങ്കാളിത്തം പൂര്‍ണ്ണമായും റദ്ദാക്കമെന്ന് ജോനാഥന്‍ ഇയാല്‍ കൂട്ടിച്ചേര്‍ത്തു.

2014ല്‍, റഷ്യ ക്രിമിയ പിടിച്ചടക്കിയതിന് ശേഷം ഓസ്ട്രേലിയയില്‍ നടന്ന ജി20 ഉച്ചകോടിക്കെത്തിയ പുടിനെ പാശ്ചാത്യ രാജ്യങ്ങള്‍ പരസ്യമായി ഒഴിവാക്കുകയും മാറ്റിനിര്‍ത്തുകയും ചെയ്തിരുന്നു. ഈ നിലപാടില്‍ പ്രതിഷേധിച്ച് പുടിന്‍ ഉച്ചകോടിയിലെ പരിപാടികള്‍ വെട്ടിച്ചുരുക്കി അന്നു നേരത്തെ മടങ്ങുകയും ചെയ്തു. ഓസ്‌ട്രേലിയ പുടിനെ വിളിച്ചുവരുത്തി അപമാനിച്ചെന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ അന്നു വിമര്‍ശിച്ചത്. ഈ സാഹചര്യം ഇക്കുറി ഇന്ത്യയില്‍ ആവര്‍ത്തിക്കാതിരിക്കന്‍ അദ്ദേഹം മുന്‍കരുതല്‍ സ്വീകരിച്ചേക്കുമെന്നും ഒരു വിഭാഗം പറയുന്നു.

റഷ്യയുമായി ഇന്ത്യക്ക് വിപുലമായ വ്യാപാര ബന്ധമുള്ളതിനാലും ഉക്രെയ്നിന്റെ അധിനിവേശത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇതുവരെ അപലപിച്ചിട്ടില്ലാത്തതിനാലും പുടിന്‍ എന്തു തീരുമാനമെടുക്കുമെന്നത് ഏറെ പ്രസക്തമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.