കൊച്ചി: തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ വ്യക്തമായ മറുപടിയുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കുടുംബത്തെപ്പറ്റി, നിയമ സ്ഥാപനത്തെപ്പറ്റി, ചിന്നക്കനാലിലെ വസ്തുവിനെക്കുറിച്ചെല്ലാം വിവാദങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് തന്റെ ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെഅദ്ദേഹം വിശദീകരണവുമായി എത്തിയിരിക്കുന്നത്.
മാത്യു കുഴല്‍നാടന്റെ വിശദീകരണം ഇങ്ങനെ:
ഏറെ വിവാദങ്ങളാണ് തന്നെയും തന്റെ കുടുംബത്തെയും ലോ ഫേമിനെ പറ്റിയും മൂന്നര്‍ ചിന്നക്കനാലിലെ വസ്തുവിനെ പറ്റിയുമൊക്കെ ഉള്ളത്. എല്ലാ വിവാദങ്ങളിലും തന്നോടൊപ്പം നിന്ന് പിന്തുണ നല്‍കിയത് ഈ നാട്ടിലെ നല്ലവരായ ജനങ്ങളാണെന്നും കേരളത്തിലെ പൊതുസമൂഹമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഇങ്ങനെയൊക്കെ പറയുമ്പോഴും മറുവശത്ത് സര്‍ക്കാരും സിപിഎമ്മിന്റെ ഉത്തരവാദിത്തപ്പെട്ട വലിയ മുതിര്‍ന്ന നേതാക്കന്‍മാരും മറിച്ചാണെന്ന് അദ്ദേഹം വീഡിയോയില്‍ പറയുന്നു. മാത്യു ഇങ്ങനെ കയ്യേറ്റം ചെയ്തിട്ടുണ്ട്, പാടം നികത്തി അതല്ലെങ്കില്‍ ചിന്നക്കനാലില്‍ റിസോര്‍ട്ട് അനധികൃതമായി നിര്‍മിച്ചു, ലോ ഫേമില്‍ കണക്കല്ലാത്ത പണം സമ്പാദിച്ചു എന്നൊക്കെ പറയുമ്പോള്‍ ആരുടെ മനസിലും നാട്ടില്‍ പറയുന്നത് പോലെ തീയില്ലെങ്കില്‍ പുകയുണ്ടാവില്ലല്ലോ എന്ന തോന്നല്‍ ഉണ്ടാകും.
പക്ഷെ താന്‍ രാഷ്ട്രീയത്തില്‍ വന്ന കാലം മുതല്‍ പറയുന്ന ഒരു കാര്യമുണ്ട്. ട്രാന്‍സ്പരന്‍സിയാണ് പൊളിറ്റിക്‌സില്‍ ഏറ്റവും വലിയ നന്‍മയെന്ന് താന്‍ വിശ്വസിക്കുന്നു. ജനങ്ങള്‍ക്ക് മുന്നില്‍ പൊതുപ്രവര്‍ത്തകനായി നില്‍ക്കുമ്പോള്‍ നൂറ് ശതമാനം സുതാര്യതയോട് കൂടി നില്‍ക്കാന്‍ കഴിയുമെന്നുണ്ടെങ്കില്‍ നൂറ് ശതമാനം ജനം നമ്മളെ വിശ്വസിക്കും. നമ്മള്‍ പറയുന്നതില്‍ വിശ്വാസ്യതയുണ്ടാകും.
തന്റെ കുടുംബവീട്ടില്‍ എന്താണ് ചെയ്തതെന്ന് കേരളത്തിന്റെ പൊതുസമൂഹത്തെ മനസിലാക്കിത്തരാം. അതിനുള്ള പരിശ്രമമാണ്. 'ഇത് കക്കടാശേരി കാളിയാര്‍ റോഡെന്ന് പറയുന്ന ഇവിടുത്തെ പ്രധാനപ്പെട്ട റോഡാണ്. ആ റോഡ് തന്റെ വീടിന്റെ മുന്നിലൂടെയാണ് കടന്നുപോകുന്നത്. ഈ റോഡിന് യഥാര്‍ഥത്തില്‍ വളരെ വീതി കുറവായിരുന്നു. ഞങ്ങളുടെ വീട് കുറച്ച് കൂടി കയറിയാണ് നിന്നിരുന്നത്. വീതി കുറവാണെന്ന ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് സ്ഥലം വിട്ടുകൊടുക്കുകയാണ് ഉണ്ടായത്. ഈ റോഡ് പരിശോധിച്ചാല്‍ കക്കടാശേരി മുതല്‍ റോഡ് അവസാനിക്കുന്ന ഞാറയ്ക്കാട് വരെ ഏറ്റവും വീതിയുള്ള ഭാഗം വീടിരിക്കുന്നതിന്റെ മുന്നിലുള്ള ഭാഗമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു'.
താന്‍ എംഎല്‍എ ആയതിന് ശേഷമാണ് ഈ റോഡുപണി വന്നത്. പിഡബ്ല്യുഡിയോട് നിങ്ങള്‍ക്ക് ആവശ്യമുള്ളത്രയും വീതിയെടുക്കാമെന്ന് പറഞ്ഞത്. അങ്ങനെ വീതിയെടുത്തപ്പോഴാണ് ഇത്രയും വീതി വന്നത്. അതില്‍ തനിക്ക് പരാതിയോ തര്‍ക്കമോ ഇല്ല. ദൗര്‍ഭാഗ്യവശാല്‍ മുന്‍പ് റോഡ് നേരെ വന്ന് വീട്ടിലേക്ക് വണ്ടി കയറാന്‍ പറ്റുമായിരുന്നു. അവിടെ വിശാലമായ മുറ്റവും മാവും ഞാവല്‍മരങ്ങളും ഉണ്ടായിരുന്നു. ഇപ്പോള്‍ മുറ്റത്തിന്റെ വീതി, ഉള്ളില്‍ നിന്നും വണ്ടി നേരിട്ട് റോഡിലേക്ക് ഇറങ്ങാത്ത രീതിയിലാണ് ഉള്ളത്. വശത്തൂടെ വണ്ടിയിറക്കി പിന്നിലേക്ക് ഇറങ്ങുകയെ മാര്‍ഗമുള്ളു.
മറ്റൊരു വിവാദ നിര്‍മാണം എന്ന് പറയുന്നത് തന്റെ ഔട്ട് ഹൗസിനെയും ഓഫിസ് മുറിയെയും കുറിച്ചാണ്. മുന്‍പ് ഇതേ ഫൗണ്ടേഷനില്‍ ഇവിടെയുണ്ടായിരുന്നത് തൊഴുത്തും തണ്ടിയപ്പുരയും അത് കൂടാതെ അപ്പച്ചന്റെ കാലത്തുണ്ടായിരുന്ന രണ്ട് ഔട്ട് ഹൗസ് മുറികളുമായിരുന്നു. കോവിഡ് കാലത്ത് തന്റെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞത് അനുസരിച്ച് ആളുകളെ കാണാന്‍ പണിതതാണ്. തൊഴുത്തുമാറ്റി ഗസ്റ്റ് റൂമും ബെഡ്‌റൂമും പണിതു. അതേ ഫൗണ്ടേഷനില്‍ തന്നെയാണ് പണിതിരിക്കുന്നത്. പരാതി ഉയര്‍ന്നപ്പോള്‍ വില്ലേജ് ഓഫിസില്‍ നിന്ന് വന്ന് പരിശോധിച്ചു. പഴയ ഫൗണ്ടേഷന്‍ തന്നെയാണെന്നും ഉള്ളില്‍ മാത്രമാണ് മാറ്റം വരുത്തിയിട്ടുള്ളുവെന്നും സ്ഥിരീകരിച്ചു.
പഴയ കുളപ്പുരയെ ചുറ്റിപ്പറ്റിയാണ് അടുത്ത ആരോപണം. പണ്ട് അത് പലതട്ടായാണ് കിടന്നിരുന്നത്. കുളം മാറ്റാന്‍ പറ്റില്ലെന്നുള്ളതുകൊണ്ട് ഇവിടെ ഇരിക്കുന്നതിനായി കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു. കുളത്തിന്റെ അങ്ങേവശത്തേക്കുള്ള ഒരുഭാഗം മണ്ണിട്ട് ഉയര്‍ത്തേണ്ടി വന്നു. ആഴമേറിയ കെട്ടുകളോട് കൂടിയ കുളമാണിത്.
മണ്ണിട്ട് ഉയര്‍ത്തിയെന്ന് പറയുന്നത് ശരിയാണ് എട്ടടിയോളം ഉയര്‍ത്തി കല്ലുകെട്ടിയിട്ടുണ്ട്. ദൈവം ഒടുവില്‍ നമുക്ക് വേണ്ടി ഒരു തെളിവ് അവശേഷിപ്പിക്കുമെന്ന് പറയുന്നത് പോലെ ഒരു തെങ്ങ് മാത്രം വെട്ടാതെ നിര്‍ത്തിയിരുന്നു. മാരിക്കണ്ടത്തെ പഴക്കമേറിയ തെങ്ങുകളിലൊന്നാണിത്. തേക്കും മറ്റ് മരങ്ങളും വെട്ടി മാറ്റിയിരുന്നു. ഈ തെങ്ങിന്റെ അടിയോളം താഴ്ന്നാണ് ഭൂമിയിരുന്നത്. ഭൂമി ഉയര്‍ത്തിയെന്നത് സത്യമാണ്. ഇത് നെല്‍പ്പാടമാണെന്ന് പറഞ്ഞാണ് വിവാദം. ആദ്യം ഇവിടെ റബര്‍ തോട്ടമായിരുന്നു. പിന്നീട് തെങ്ങിന്‍തോപ്പും ശേഷം തേക്കും പ്ലാവുമെല്ലാമായിരുന്നു. ഇവിടെ പാടം അതിദീര്‍ഘകാലമായി ഇല്ല.
പൊലീസ് വന്ന് പരിശോധിച്ചപ്പോള്‍ പണം മുടക്കി വാങ്ങിയ മണ്ണാണ് മുറ്റത്തുള്ളതെന്ന് കണ്ടു. ആരോപണം അടിസ്ഥാനരഹിതമാണ്. അനധികൃതമായി താന്‍ ഒന്നും തന്നെ ചെയ്തിട്ടില്ല. പാടം നികത്തി വീടുവച്ചിട്ടില്ല. ഒന്നും അനധികൃതമായി ചെയ്യില്ല. നിയമത്തിന് വിധേയമായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് താന്‍. നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ പരിശോധിക്കട്ടെ എന്നത് പറയുന്നതും അതുകൊണ്ടാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ജനങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയുന്നു. അഴിമതിക്കെതിരായ പോരാട്ടം ഇനിയും തുടരും. എന്തെങ്കിലും ക്ലാരിറ്റിക്കുറവ് ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ വിശദീകരിക്കാന്‍ താന്‍ തയ്യാറാണെന്നും അന്വേഷണം നേരിടാന്‍ ഒരുക്കമാണെന്നും കുഴല്‍നാടന്‍ വീഡിയോയില്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.