തിരുവനന്തപുരം: അമ്മത്തൊട്ടിലില്‍ ലഭിച്ച കുഞ്ഞിന് പേര് പ്രഗ്യാന്‍ ചന്ദ്ര. ശിശുക്ഷേമ സമിതിയുടെ ഹൈടെക് അമ്മത്തൊട്ടിലില്‍ നിന്നും ലഭിച്ച നാല് ദിവസം പ്രായമുള്ള കുഞ്ഞിനാണ്, രാജ്യത്തിന്റെ അഭിമാന സ്തംഭങ്ങളുടെ പേര് തന്നെ നല്‍കിയത്. ചന്ദ്രനില്‍ രാജ്യത്തിന്റെ അഭിമാനമുദ്ര പതിപ്പിച്ച ചന്ദ്രയാന്‍-3യുടെയും ചെസ് ലോകകപ്പ് ഫൈനലില്‍ ലോക ചാമ്പ്യനെ വിറപ്പിച്ച ആര്‍ പ്രഗ്‌നാനന്ദയുടെയും പേര് ചേര്‍ത്താണ് കുഞ്ഞിന് പ്രഗ്യാന്‍ ചന്ദ്ര എന്ന് പേര് നല്‍കിയത്. സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍ അരുണ്‍ ഗോപിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഹൈടെക് അമ്മത്തൊട്ടിലില്‍ നിന്നും ലഭിച്ച മൂന്നാമത്തെ കുഞ്ഞാണ് പ്രഗ്യാന്‍. ദത്തെടുക്കല്‍ കേന്ദ്രത്തില്‍ സ്ഥാപിച്ച മോണിറ്ററില്‍ കുട്ടിയുടെ ചിത്രവും ഭാരവും രേഖപ്പെടുത്തിയുള്ള സന്ദേശവും ബീപ് സൈറണും മുഴങ്ങി. ഇതോടെ കുഞ്ഞിനെ തേടി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സും ആയമാരും എത്തി. ആദ്യം കുഞ്ഞിനെ ദത്തെടുക്കല്‍ കേന്ദ്രത്തിലേക്കും പിന്നാലെ ആരോഗ്യ പരിശോധനയ്ക്കായി തൈക്കാട് ആശുപത്രിയിലേക്കും എത്തിച്ചു.
തുടര്‍ ചികിത്സയുടെ ഭാഗമായി നിലവില്‍ കുഞ്ഞ് തൈക്കാട് ആശുപത്രിയിലാണ് ഉള്ളത്. ജില്ലകളില്‍ സ്പോണ്‍സര്‍മാരുടെ സഹായത്തോടെ മാറ്റി സ്ഥാപിക്കാവുന്ന കൂടുതല്‍ അമ്മത്തൊട്ടിലുകള്‍ സ്ഥാപിക്കുമെന്നും ജനറല്‍ സെക്രട്ടറി ജി.എല്‍ അരുണ്‍ ഗോപി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.