കര്‍ഷകരുമായുള്ള ചര്‍ച്ച പരാജയം; വൈദ്യുതി നിയമ ഭേദഗതിയില്‍ മാത്രം സമവായം: തിങ്കളാഴ്ച വീണ്ടും ചര്‍ച്ച

കര്‍ഷകരുമായുള്ള ചര്‍ച്ച പരാജയം; വൈദ്യുതി നിയമ ഭേദഗതിയില്‍ മാത്രം സമവായം: തിങ്കളാഴ്ച വീണ്ടും ചര്‍ച്ച

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള പ്രക്ഷോഭം ഒത്തുതീര്‍പ്പാക്കാന്‍ കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ആറാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു. തിങ്കളാഴ്ച വീണ്ടും ചര്‍ച്ച നടത്തും. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടത്തിയ ചര്‍ച്ചയില്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, റെയില്‍വെ മന്ത്രി പീയൂഷ് ഗോയല്‍, സഹമന്ത്രിമാരായ കൈലാഷ് ചൗധരി, സോം പ്രകാശ് എന്നവരാണ് നാല്‍പ്പതോളം കര്‍ഷക സംഘടന പ്രതിനിധികളോട് ചര്‍ച്ച നടത്തിയത്.

ചര്‍ച്ച അവസാനിച്ചത് ഒരു നല്ല സൂചന നല്‍കിയാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പ്രതികരിച്ചു. കര്‍ഷകര്‍ മുന്നോട്ടുവച്ച നാല് അജണ്ടകളില്‍ സമാവയത്തിലെത്താന്‍ സാധിച്ചെന്നും മന്ത്രി വ്യക്തമാക്കി. കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നതില്‍ പിഴ ഈടാക്കരുത് എന്ന കര്‍ഷകരുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു.

വൈദ്യുതി നിയമത്തില്‍ പരിഷ്‌കരണം കൊണ്ടുവന്നാല്‍ നഷ്ടം സംഭവിക്കുമെന്ന് കര്‍ഷകര്‍ കരുതുന്നു. ജലസേചനത്തിനായി സംസ്ഥാനങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കുന്ന വൈദ്യുതി സബ്സിഡി തുടരണമെന്ന് യൂണിയനുകള്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തിലും സമവായത്തിലെത്തിയതായി മന്ത്രി പറഞ്ഞു.

എന്നാല്‍ മൂന്ന് നിയമങ്ങളും പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ കര്‍ഷക സംഘടനകള്‍ ഉറച്ചുനിന്നു. താങ്ങുവില എടുത്തുകളയില്ലെന്ന് എഴുതി നല്‍കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം കര്‍ഷകര്‍ നിരാകരിച്ചു. ഇതിന് നിയമ പ്രാബല്യം വേണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനാവില്ല, പകരം നിയമങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാമെന്ന നിലപാടില്‍ കേന്ദ്രസര്‍ക്കാരും ഉറച്ചുനിന്നതോടെ സമരവുമായി മുന്നോട്ടുപോകുമെന്ന് കര്‍ഷകര്‍ പിന്നീട് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.