കൊച്ചി: ക്രൈസ്തവ സഭയുടെ ജീവകാരുണ്യ സ്ഥാപനങ്ങൾക്ക് അർഹമായ ആനുകൂല്ല്യങ്ങൾ നിഷേധിക്കപ്പെട്ടതുമൂലം പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഇവരെ ആദരിക്കവാനും പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ പ്പെടുത്തുന്നതിനും ലക്ഷ്യമിടുന്ന 'യൂത്ത് വാക്ക് വിത്ത് മദർ തെരേസ' അനുകരണീയമായ പ്രവർത്തനമാണെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻ്റ് അഡ്വ. ബിജു പറയന്നിലം. തൊടുപുഴ ചിലവ് മരിയ നിവാസിൽ 'യൂത്ത് വാക്ക് 2023'വിൻ്റെ ഉദ്ഘാടന കർമ്മം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് മരിയ നിവാസ് സുപ്പീരിയർ സിസ്റ്റർ ആൻ ട്രീസയെ അദ്ദേഹം പൊന്നാടയണിച്ച് ആദരിച്ചു.
കത്തോലിക്കാ കോൺഗ്രസ് യുവജന വിഭാഗമായ യൂത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ കേരളത്തിലെ രൂപതകളിൽ വിവിധ ജീവകാരുണ്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന ദശദിന കാരുണ്യോത്സവമാണ് യൂത്ത് വാക്ക്.
മദർ തെരേസയുടെ ജന്മദിനമായ ഓഗസ്റ്റ് 26 മുതൽ മരണ ദിനമായ സെപ്റ്റംബർ 5 വരെയാണ് യൂത്ത് വാക്ക് നടത്തുന്നത് സീറോ മലബാർ സഭയിലെ എല്ലാ രൂപതകളിലും ഓഗസ്റ്റ് 26 മുതൽ കൗൺസിൽ അംഗങ്ങളുടെ നേതൃത്വത്തിൽ കത്തോലിക്ക കോൺഗ്രസ് പ്രവർത്തകർ ജീവകാരുണ്യ സ്ഥാപനങ്ങൾ സന്ദർശിക്കുകയും സഹായസഹകരണങ്ങൾ നൽകുകയും ചെയ്യും. ജീവകാരുണ്യ സ്ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധികൾ സർക്കാരിന്റെയും പൊതു സമൂഹത്തിന്റെയും മുമ്പിൽ എത്തിക്കുന്നതിനുമാണ് ഈ പ്രോഗ്രാം നടത്തുന്നത്.
യൂത്ത് കൗൺസിൽ ഗ്ലോബൽ കൺവീനർ ട്രീസാ ലിസ് സെബാസ്റ്റ്യൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജനറൽ കോഡിനേറ്റർ സിജോ ഇലന്തൂർ മുഖ്യപ്രഭാഷണവും കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡൻറ് ഡോ. ജോസുകുട്ടി ഒഴുകയിൽ മദർ തെരേസ അനുസ്മരണവും നടത്തി. യൂത്ത് കൗൺസിൽ കോഡിനേറ്റർമാരായ ജോയ്സ് മേരി ആന്റണി, അനൂപ് പുന്നപ്പുഴ, ജോമോൻ മതിലകത്ത് എന്നിവർ ചേർന്ന് സ്നേഹ സമ്മാനങ്ങൾ കൈമാറി. യൂത്ത് കൗൺസിൽ കോതമംഗലം രൂപത കോർഡിനേറ്റർമാരായ ഷൈജു ഇഞ്ചക്കൽ, അബി മാത്യു, സിറിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26