ക്രിസ്തു ഭൂതകാലത്തിലെ ഓര്‍മ്മയല്ല വര്‍ത്തമാനകാലത്തിന്റെ ദൈവമാണ്: ഫ്രാന്‍സിസ് പാപ്പ

ക്രിസ്തു ഭൂതകാലത്തിലെ ഓര്‍മ്മയല്ല വര്‍ത്തമാനകാലത്തിന്റെ ദൈവമാണ്: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ജീവിത യാത്രയില്‍ ഒരിക്കലും നാം തനിച്ചല്ല എന്ന് ധൈര്യപ്പെടുത്തി ഫ്രാന്‍സിസ് പാപ്പയുടെ ഞായറാഴ്ച സന്ദേശം. 'ക്രിസ്തു ഭൂതകാലത്തിലെ ഓര്‍മ്മയല്ല, വര്‍ത്തമാനകാലത്തിന്റെ ദൈവമാണ്' - പാപ്പ ഓര്‍മ്മപ്പെടുത്തി. ത്രികാല പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി, വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഒരുമിച്ചുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പാപ്പാ. കര്‍ത്താവിലുളള വിശ്വാസം പുതുക്കാനും കൂദാശകളിലും തിരുവചനത്തിലുമുള്ള അവിടുത്തെ സാന്നിദ്ധ്യത്തിന്റെ സ്മരണ ഹൃദയത്തില്‍ വളര്‍ത്താനും പാപ്പ എല്ലാവരെയും ആഹ്വാനം ചെയ്തു.

വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ, 'മനുഷ്യപുത്രന്‍ ആരെന്നാണ് മനുഷ്യര്‍ പറയുന്നത്?' എന്ന യേശുവിന്റെ ചോദ്യത്തെയും അതിന് ശിഷ്യര്‍ നല്‍കുന്ന മറുപടിയെയും (മത്തായി 16: 13 - 20) ആസ്പദമാക്കിയാണ്, പാപ്പ ഈയാഴ്ചത്തെ വിചിന്തനനങ്ങള്‍ പങ്കുവച്ചത്. ഈ ചോദ്യം, നാം ഓരോരുത്തരും നമ്മോടുതന്നെ ചോദിക്കണം - പാപ്പ പറഞ്ഞു.

ക്രിസ്തു വര്‍ത്തമാനകാലത്തിന്റെ ദൈവം
മഹാനായ ഒരു ഗുരുവായോ, അല്ലെങ്കില്‍ നല്ലവനും നീതിമാനും ധൈര്യശാലിയുമായ ഒരു വിശിഷ്ട വ്യക്തിയായോ ആണ് യേശുവിനെ ജനങ്ങള്‍ പൊതുവെ കണക്കാക്കുന്നത്. എന്നാല്‍ വാസ്തവം അങ്ങനെയല്ല. അവന്‍ പണ്ടെങ്ങോ ജീവിച്ച ഒരു പ്രവാചകനോ, മണ്‍മറഞ്ഞുപോയ ചരിത്രപുരുഷനോ അല്ല മറിച്ച്, ഇന്നും നമ്മോടൊപ്പമുള്ള ജീവിക്കുന്ന ദൈവമാണ്. ക്രിസ്തു ഭൂതകാലത്തിലെ ഒരു ഓര്‍മ്മയല്ല പിന്നെയോ, വര്‍ത്തമാനകാലത്തിന്റെ ദൈവമാണ് - പാപ്പാ വിശദീകരിച്ചു.

യേശു ഇന്നും ജീവിക്കുന്നു. അവന്‍ നമ്മുടെ പക്ഷത്താണ്. തന്റെ വചനത്താലും കൃപയാലും, വെളിച്ചവും ഉന്മേഷവും പകര്‍ന്ന്, നമ്മുടെ യാത്രയില്‍ അവന്‍ നമ്മോടൊപ്പമുണ്ട്. വിദഗ്ധനും ജ്ഞാനിയുമായ ഒരു വഴികാട്ടിയെപ്പോലെ, ദുര്‍ഘടമായ പാതകളിലും ചെങ്കുത്തായ ചെരുവുകളിലും സന്തോഷത്തോടെ അവന്‍ നമ്മോടൊപ്പം യാത്ര ചെയ്യുന്നു.

പത്രോസ് തനിക്കു ലഭിച്ച കൃപയാല്‍ യേശുവിനെ ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായി തിരിച്ചറിയുകയും പ്രഖ്യാപിക്കുകയും ചെയ്തു. അതുപോലെ നാമും യേശുവിനെ മിശിഹായായി, മനുഷ്യനായി അവതരിച്ച ദൈവപുത്രനായി തിരിച്ചറിയണം. നമ്മുടെ സന്തോഷങ്ങളിലും അധ്വാനങ്ങളിലും നമ്മോടൊപ്പം പങ്കു ചേരുന്ന യേശുവിനെ ജീവിതത്തിലൂടെ പ്രഘോഷിക്കുകയും വേണം.

യേശു നമ്മോടൊപ്പമുണ്ടെന്ന് ഉറച്ചു വിശ്വസിച്ചാല്‍, നമുക്ക് അസാധ്യമെന്നു തോന്നുന്ന പല കാര്യങ്ങളും അങ്ങനെയല്ലാതായി മാറും. ക്രിസ്തീയ ജീവിതപാത കുത്തനെയുള്ളതും ലക്ഷ്യം അപ്രാപ്യമായും നമുക്ക് തോന്നാം. എന്നാല്‍, നമ്മുടെ ബലഹീനതകളെ മനസിലാക്കിയും, പ്രയത്‌നങ്ങള്‍ പങ്കുവച്ചും യേശു നമുക്കൊപ്പം യാത്ര ചെയ്യുന്നു. അവന്റെ ശക്തമായ കരത്താല്‍ നമ്മെ താങ്ങി നടത്തുന്നു.

'അതിനാല്‍ ക്രിസ്തുവിലുള്ള വിശ്വാസം നമുക്കു നവീകരിക്കാം. കൂദാശകളിലും തിരുവചനത്തിലുമുള്ള അവന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള സ്മരണ നമ്മുടെ ഹൃദയത്തില്‍ വളര്‍ത്തിയെടുക്കാം. നമ്മുടെ സഹോദരീ സഹോദരന്മാര്‍ക്കൊപ്പം അവന്‍ കാട്ടിത്തരുന്ന വഴിയിലൂടെ നമുക്കു സഞ്ചരിക്കാം' - ഈ ആഹ്വാനത്തോടെ പാപ്പ തന്റെ സന്ദേശം ഉപസംഹരിച്ചു.

മാര്‍പ്പാപ്പയുടെ ഞായറാഴ്ച്ച ദിന സന്ദേശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.