ചണ്ഡീഗഢ്: വിശ്വഹിന്ദു പരിഷത്ത് നടത്തുന്ന ശോഭാ യാത്രയുടെ സാഹചര്യത്തിൽ നൂഹിൽ കനത്ത ജാഗ്രത ഏർപ്പെടുത്തി. സംഘർഷ സാധ്യത കണക്കിലെടുത്താണ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ 1,900 പൊലീസുകാരെയും 24 കമ്പനി അർദ്ധസൈനിക വിഭാഗത്തെയും ഹരിയാനയിൽ വിന്യസിച്ചു. തിങ്കളാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകളും അടച്ചിടാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടിരുന്നു. ഒരു പ്രദേശത്ത് നാലോ അതിലധികമോ ആളുകൾ കൂടുന്നതും വിലക്കിയിരുന്നു.ഹരിയാന അതിർത്തികളിലും ചെക്ക് പോയിന്റുകളിലും വൻ പൊലീസ് സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. നുഹ് മേവാത്തിലേക്ക് പോകുന്ന വാഹനങ്ങളും സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്.
ഇതിനിടെ ജനങ്ങളോട് യാത്രയിൽ പങ്കെടുക്കരുതെന്ന അഭ്യർത്ഥനയുമായി ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടാർ രംഗത്തെത്തി. ജനങ്ങൾക്ക് തൊട്ടടുത്ത അമ്പലത്തിൽ പോയി പ്രാർത്ഥന നടത്താമെന്നും ഖട്ടാർ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളുടെ വിശ്വാസത്തെ മാനിച്ച് അമ്പലങ്ങളിൽ ജലാഭിഷേകം നടത്താൻ അനുമതി നൽകിയിട്ടുണ്ടെന്നും ഖട്ടാർ അറിയിച്ചിട്ടുണ്ട്. ഇതിനിടെ ബ്രജ് മണ്ഡൽ ശോഭായാത്രയുമായി മുന്നോട്ടുപോകുമെന്നാണ് വിശ്വഹിന്ദു പരിഷത്ത് വ്യക്തമാക്കിയിരിക്കുന്നത്.
ജൂലൈ 31ന് നൂഹിൽ ഉണ്ടായ വർഗ്ഗീയ സംഘർഷത്തിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. നൂഹിൽ നിന്ന് വളരെ വേഗം ഗുർഗ്രാം അടക്കമുള്ള ഇടങ്ങളിലേക്ക് സംഘർഷം പടർന്നിരുന്നു.വിഎച്ച്പി സംഘടിപ്പിച്ച ശോഭായാത്രയിൽ മോനു മനേസർ പങ്കെടുക്കുമെന്ന അഭ്യൂഹങ്ങളാണ് നൂഹിലെ സംഘർഷങ്ങൾക്ക് വഴി തെളിച്ചത്. ഭിവാനിയിൽ പശുമോഷണം ആരോപിച്ച് രണ്ട് രാജസ്ഥാൻ സ്വദേശികളെ കൊന്ന കേസിൽ ഒളിവിലായിരുന്ന മോനു മനേസർ സോഷ്യൽ മീഡിയയിലൂടെ ശോഭായാത്രയിൽ പങ്കെടുക്കുമെന്ന് പ്രചരിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.