'ഏഴ് ദിവസത്തിനുള്ളില്‍ രണ്ടരക്കോടി, അല്ലെങ്കില്‍ പരസ്യ ക്ഷമാപണം'; സി.എന്‍ മോഹനനെതിരെ അപകീര്‍ത്തിക്കേസുമായി മാത്യു കുഴല്‍നാടന്റെ നിയമ സ്ഥാപനം

'ഏഴ് ദിവസത്തിനുള്ളില്‍ രണ്ടരക്കോടി, അല്ലെങ്കില്‍ പരസ്യ ക്ഷമാപണം'; സി.എന്‍ മോഹനനെതിരെ അപകീര്‍ത്തിക്കേസുമായി മാത്യു കുഴല്‍നാടന്റെ നിയമ സ്ഥാപനം

കൊച്ചി: സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന് വക്കീല്‍ നോട്ടീസയച്ച് മാത്യൂ കുഴല്‍നാടന്‍ എം.എല്‍.എ പങ്കാളിയായ നിയമ സ്ഥാപനം. സ്ഥാപനത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. കെഎംഎന്‍പി ലോ എന്ന സ്ഥാപനമാണ് അപകീര്‍ത്തിക്കേസ് നല്‍കിയത്.

രണ്ട് കോടി അമ്പത് ലക്ഷം രൂപ ഏഴ് ദിവസത്തിനുള്ളില്‍ മോഹനന്‍ നല്‍കണമെന്നും വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നോട്ടിസ് ലഭിച്ച് ഏഴു ദിവസത്തിനുള്ളില്‍ പരസ്യമായി മാപ്പ് പറയണമെന്നും അല്ലെങ്കില്‍ പണം നല്‍കണമെന്നുമാണ് ആവശ്യം. സുപ്രീം കോടതി അഭിഭാഷകനായ റോഹന്‍ തവാനി മുഖേന ഡല്‍ഹി ഹൈക്കോടതിയിലാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.

മാത്യു കുഴല്‍നാടന്‍ പങ്കാളിയായ കെ.എം.എന്‍.പി. ലോ എന്ന നിയമ സ്ഥാപനത്തിന് കൊച്ചി, ന്യൂ ഡല്‍ഹി, ബെംഗളൂരു, ഗുവഹാത്തി, ദുബായ് എന്നിവിടങ്ങളില്‍ ഓഫീസുകളുണ്ടെന്ന് സി.എന്‍ മോഹനന്‍ പറഞ്ഞിരുന്നു. ഈ ഓഫീസുകള്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കല്‍ നടത്തുന്നുവെന്നുമായിരുന്നു ആരോപണം. എന്നാല്‍ ദുബായില്‍ തങ്ങള്‍ക്ക് ഓഫീസ് ഇല്ലെന്നും കള്ളപ്പണ ഇടപാട് നടത്തിയിട്ടില്ലെന്നും നോട്ടിസില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിയമ മേഖലയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെ ഇത്തരം ആരോപണം ഉന്നയിച്ചത് അപകീര്‍ത്തികരമാണെന്നും നോട്ടിസില്‍ പറയുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയ്ക്കെതിരെ മാത്യു കുഴല്‍നാടന്‍ രംഗത്തെത്തിയതിനു പിന്നാലെ, സി.എന്‍ മോഹനന്‍ എറണാകുളത്ത് വാര്‍ത്താ സമ്മേളനം വിളിച്ചാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്. ഇതിനിടെയാണ് മാത്യു കുഴല്‍നാടന്‍ കൂടി പങ്കാളിയായ നിയമസ്ഥാപനത്തിനെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍ മോഹനന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കമ്പനി ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.