മാസപ്പടിയില്‍ മിണ്ടാട്ടമില്ല; കേന്ദ്രത്തെ പഴിച്ചും വികസനം എണ്ണിപ്പറഞ്ഞും പുതുപ്പള്ളിയില്‍ മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം

മാസപ്പടിയില്‍ മിണ്ടാട്ടമില്ല; കേന്ദ്രത്തെ പഴിച്ചും വികസനം എണ്ണിപ്പറഞ്ഞും പുതുപ്പള്ളിയില്‍ മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം

കോട്ടയം: മാസപ്പടി വിഷയത്തില്‍ മൗനം തുടര്‍ന്നും കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തിയും സംസ്ഥാന സര്‍ക്കാരിന്റെ വികസനം എണ്ണിപ്പറഞ്ഞും പുതുപ്പള്ളിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പ്രചാരണം.

കൂരോപ്പട പഞ്ചായത്തില്‍ ജയ്ക് സി തോമസിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കെ ഫോണും വാട്ടര്‍ മെട്രോയും അടക്കം പരാമര്‍ശിച്ചെങ്കിലും കെ റെയിലിനെ കുറിച്ച് മിണ്ടിയില്ല.

സംസ്ഥാനത്ത് ഓണത്തിനെ പറ്റി വലിയ അങ്കലാപ്പ് ഉണ്ടാക്കാനുള്ള ശ്രമം നടന്നുവെന്ന് അദേഹം കുറ്റപ്പെടുത്തി. ഓണം വറുതിയുടെയും ഇല്ലായ്മയുടെയുമാകുമെന്ന് വ്യാപകമായ പ്രചാരണം അഴിച്ചു വിട്ടെങ്കിലും ജനം സ്വീകരിച്ചില്ല. പല പ്രതിസന്ധികളിലൂടെ സംസ്ഥാനം കടന്നു പോവുകയാണ്.

ഒരു ഘട്ടത്തിലും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ സഹായിക്കുന്നില്ല. ഓണം വല്ലാത്ത ഘട്ടത്തിലാണ് എത്തിയത്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ സാമ്പത്തികമായി ഞ്ഞെരുക്കാന്‍ ശ്രമിക്കുന്നു. കേരളത്തെ അവഗണിക്കുകയും പകപോക്കല്‍ നടത്തുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്നും പിണറായി പറഞ്ഞു.

കേരളത്തില്‍ ആറ് ലക്ഷത്തിലധികം പേര്‍ക്ക് ഓണക്കാലത്ത് കിറ്റുകള്‍ കൊടുത്തു. കിറ്റിനെ എപ്പോഴും ഭയപ്പെടുന്ന ഒരു കൂട്ടര്‍ ഇവിടെയുണ്ട്. ഓണക്കാലത്ത് സപ്ലൈകോയ്ക്ക് എതിരെ പലരും പ്രചാരണം നടത്തി. എന്നാല്‍ എല്ലാ സപ്ലൈകോ വിപണന കേന്ദ്രങ്ങള്‍ ജനത്തിന് ഉപകാരമായി മാറിയെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

യുഡിഫ് കാലത്ത് നിര്‍ത്തിവച്ച് പോയ വികസന പദ്ധതികള്‍ എല്‍ഡിഎഫ് നടപ്പിലാക്കുകയാണ്.സംസ്ഥാനത്തെ ഐടി മേഖല മെച്ചപ്പെട്ടുവെന്നും കയറ്റുമതി വര്‍ധിച്ചുവെന്നും കമ്പനികളുടെ എണ്ണം കൂടിയെന്നും പറഞ്ഞ അദേഹം ഇതിലൂടെ തൊഴിലവസരങ്ങളും വര്‍ധിച്ചുവെന്നും ചൂണ്ടിക്കാട്ടി.

കിഫ്ബി വഴി വലിയ വികസനമാണ് കേരളത്തില്‍ നടക്കുന്നത്. ശബരിമല വിമാനത്താവളത്തിനുള്ള അനുമതികള്‍ കിട്ടി വരുന്നുണ്ട്. കെ ഫോണ്‍ യഥാര്‍ത്ഥ്യമായതും സര്‍ക്കാരിന്റെ നേട്ടമായി മുഖ്യമന്ത്രി ഉയര്‍ത്തിക്കാട്ടി. 2025 നവംബര്‍ ഒന്ന് മുതല്‍ കേരളം അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി മാറുമെന്നും അദേഹം പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.