ജി 20 ഉച്ചകോടി: ചൈനീസ് പ്രസിഡന്റ് ഇന്ത്യയിലേക്കില്ല?; പകരം വരുന്നത് പ്രധാനമന്ത്രിയെന്ന് റിപ്പോര്‍ട്ട്

ജി 20 ഉച്ചകോടി: ചൈനീസ് പ്രസിഡന്റ്  ഇന്ത്യയിലേക്കില്ല?; പകരം വരുന്നത് പ്രധാനമന്ത്രിയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് എത്തിയേക്കില്ലെന്ന് റിപ്പോര്‍ട്ട്. പകരം ചൈനീസ് പ്രധാനമന്ത്രി ലി ഖ്വിയാങ് ഇന്ത്യയില്‍ എത്തുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇന്ത്യ, ചൈന വിദേശകാര്യ മന്ത്രാലയങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

അരുണാചല്‍ പ്രദേശിനെ ഉള്‍പ്പെടുത്തി അടുത്തയിടെ ഭൂപടം പ്രസിദ്ധീകരിച്ചത് ഉള്‍പ്പെടെ ഇന്ത്യയും ചൈനയും തമ്മില്‍ പുതിയ തര്‍ക്കങ്ങള്‍ രൂപപ്പെട്ട പശ്ചാത്തലത്തിലാണ് ഷി ഇന്ത്യാ സന്ദര്‍ശനം ഒഴിവാക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം.

അതിര്‍ത്തിയിലെ കടന്നു കയറ്റത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് ചൈനയുടെ പുതിയ നീക്കമുണ്ടായത്. ഇതിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് ഇന്ത്യ രംഗത്ത് വന്നിരുന്നു.

സെപ്റ്റംബര്‍ എട്ടിന് ഷി ഡല്‍ഹിയില്‍ എത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തുമെന്നും നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

അതേസമയം ഷി ഷി ജിന്‍ പിങ് ഇന്ത്യയിലെത്തിയാല്‍ ടിബറ്റന്‍ അഭയാര്‍ത്ഥികളുടെ ഭാഗത്തു നിന്ന് പ്രതിഷേധമുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് എതിരെയും പ്രതിഷേധ സാധ്യതയുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.