ജി 20 ഉച്ചകോടി: സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ 11 വരെ 207 ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ

ജി 20 ഉച്ചകോടി: സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ 11 വരെ 207 ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ

ന്യൂഡല്‍ഹി: ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ 207 ട്രെയിനുകള്‍ റദ്ദാക്കിയതായി നോര്‍ത്തേണ്‍ റെയില്‍വേ അറിയിച്ചു. പതിനഞ്ചോളം ട്രെയിനുകളുടെ റൂട്ടില്‍ മാറ്റം വരുത്തിയതായും ആറ് ട്രെയിനുകള്‍ വഴി തിരിച്ചുവിട്ടതായും അറിയിപ്പില്‍ വ്യക്തമാക്കുന്നു. ന്യൂഡല്‍ഹിയില്‍ യാത്ര അവസാനിപ്പിക്കേണ്ട 36 ട്രെയിനുകള്‍ ഗാസിയാബാദ്, നിസാമുദീന്‍ സ്റ്റേഷനുകളില്‍ യാത്ര അവസാനിപ്പിക്കുമെന്നും നോര്‍ത്തേണ്‍ റെയില്‍വേ അറിയിച്ചു.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടി. സെപ്റ്റംബര്‍ 9,10 തിയതികളിലാണ് ഉച്ചകോടി നടക്കുന്നത്. ഉച്ചകോടി നടക്കുന്ന ദിവസങ്ങളില്‍ കനത്ത സുരക്ഷാ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 10 ന് 100 പാസഞ്ചര്‍ ട്രെയിനുകളാണ് റദ്ദാക്കിയത്. ഇവയില്‍ ഭൂരിഭാഗവും ഡല്‍ഹിയില്‍ നിന്ന് തെക്കന്‍ ഹരിയാനയുടെ സോണിപത്-പാനിപത്, റോഹ്തക്, റെവാരി, പല്‍വാള്‍ റൂട്ടുകളിലാണ് ഓടുന്നത്.

കൂടാതെ സെപ്റ്റംബര്‍ 11ന് ഡല്‍ഹി-രെവാറി എക്സ്പ്രസ് സ്പെഷ്യലും രെവാരി-ഡല്‍ഹി എക്സ്പ്രസ് സ്പെഷ്യല്‍ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

അതേസമയം ജി 20 ഉച്ചകോടി നടക്കുന്നത് കണക്കിലെടുത്ത് സെപ്റ്റംബര്‍ എട്ട് മുതല്‍ 10 വരെ ഡല്‍ഹിയില്‍ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ സര്‍ക്കാര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, സ്വകാര്യ ഓഫീസുകളും സ്‌കൂളുകളും അടച്ചിടും. ബാങ്ക് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളും കടകളും ഈ മൂന്ന് ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ല. ഗതാഗത കുരുക്കും സാങ്കേതിക വെല്ലുവിളികളും ഒഴിവാക്കാനാണ് പൊതു അവധി നല്‍കിയത്.

ഡല്‍ഹി പ്രഗതി മൈതാനിലാണ് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ രാജ്യങ്ങളുടെ നേതാക്കളുടെ സംഗമമായ ജി 20 ഉച്ചകോടി നടക്കുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് തുടങ്ങിയ നേതാക്കളെല്ലാം ഉച്ചകോടിയില്‍ സംബന്ധിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.