കോട്ടയം: പുതുപ്പള്ളി മണ്ഡലത്തില്‍ 48 മണിക്കൂര്‍ നിരോധനാജ്ഞ. ഇന്ന് വൈകിട്ട് ആറ് മുതല്‍ സെപ്റ്റംബര്‍ അഞ്ചിന് വൈകിട്ട് ആറ് വരെയാണ് നിരോധനാജ്ഞ. ആളുകള്‍ ഒത്തുകൂടുന്നതും റാലികളും പ്രകടനങ്ങളും പൊതു സമ്മേളനങ്ങളും നടത്തുന്നതിനും വിലക്കേര്‍പ്പെടുത്തി. ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്ന പുതുപ്പള്ളിയില്‍ മൂന്ന് മുന്നണിയും തികഞ്ഞ ആത്മ വിശ്വാസത്തിലാണ്.
പരസ്യ പ്രചാരണം അവസാനിച്ചപ്പോള്‍ തികഞ്ഞ ആവേശത്തിലാണ് പ്രധാന മുന്നണികളുടെയെല്ലാം പ്രവര്‍ത്തകര്‍. റോഡ് ഷോയും തിരക്കിട്ട പ്രചാരണവുമായി അവസാന വോട്ടും തങ്ങളുടെ പാളയത്തിലെത്തിക്കാനുള്ള പരിശ്രമത്തിലായിരുന്നു സ്ഥാനാര്‍ത്ഥികള്‍. ഇന്ന് വൈകുന്നേരം ആറിനാണ് പരസ്യ പ്രചാരണം അവസാനിച്ചത്. പരസ്യ പ്രചാരണത്തിന്റെ അവസാന നിമിഷവും മൂന്ന് മുന്നണിയുടെയും സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും വലിയ ആത്മവിശ്വാസത്തിലായിരുന്നു. റോഡുകളില്‍ വന്‍ പ്രകടനമാണ് മൂന്ന് മുന്നണികളും കാഴ്ചവച്ചത്.
പ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ പ്രവര്‍ത്തകര്‍ക്കൊപ്പം വോട്ടര്‍മാരെ നേരില്‍ കാണുകയായിരുന്നു. മുഴുവന്‍ സമയ റോഡ് ഷോയിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് ശ്രദ്ധ കേന്ദ്രീകരിച്ചത്. മണ്ഡലത്തിനു പുറത്തുള്ള നേതാക്കള്‍ ഇന്ന് അഞ്ചോടെ പുതുപ്പള്ളി വിട്ടിരുന്നു.
എന്‍ഡിഎ സ്ഥാനാര്‍ഥി ലിജിന്‍ലാല്‍ അകലകുന്നം, അയര്‍ക്കുന്നം, പാമ്പാടി പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചായിരുന്നു വോട്ടര്‍മാരെ നേരില്‍ കണ്ടത്. പാമ്പാടിയിലായിരുന്നു കൊട്ടിക്കലാശം. കൊട്ടിക്കലാശം യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും വലിയ ശക്തി പ്രകടനത്തിന്റെ പൂരകാഴ്ച തന്നെയായിരുന്നു.
ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പൊലീസ് നേരത്തെ തന്നെ സ്ഥലം അനുവദിച്ച് നല്‍കിയിരുന്നു. പ്രധാന പാര്‍ട്ടികളുടെയെല്ലാം പ്രമുഖ നേതാക്കള്‍ കൊട്ടിക്കലാശം ഗംഭീരമാക്കാന്‍ പുതുപ്പള്ളിയില്‍ എത്തിച്ചേര്‍ന്നിരുന്നു. കോട്ടയം-കുമളി ദേശീയപാതയില്‍ പാമ്പാടി കാളച്ചന്ത കവല മുതല്‍ ബസ് സ്റ്റാന്‍ഡ് വരെയുള്ള ഭാഗം സി.പി.എമ്മിനും, ബസ് സ്റ്റാന്‍ഡ് മുതല്‍ പാമ്പാടി ഗ്രാമ പഞ്ചായത്ത് ഓഫീസ് വരെയുള്ള ഭാഗം കോണ്‍ഗ്രസിനും ആശുപത്രി മുതല്‍ ആലാംപള്ളി വരെ ബി.ജെപിക്കുമാണ് കൊട്ടിക്കലാശത്തിന് അനുവദിച്ചിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.