ജോസ് വിൻ കാട്ടൂർ
ബെത്‌ലെഹെം: ഉണ്ണിയേശുവിന്റെ ജനനത്തെക്കുറിച്ച് മാലാഖമാർ അറിയിച്ച സന്തോഷവാർത്ത കേൾക്കാൻ ഭാഗ്യം ലഭിച്ച ആട്ടിടയന്മാരുടെ പട്ടണമായ ബെത്‌സഹോറിൽ നിന്നും ഇതാ മറ്റൊരു സന്തോഷവാർത്ത കൂടി. ബെത്‌ലെഹെമിനു സമീപമുള്ള ഈ ചെറുപട്ടണത്തിൽ, പെരുമാറ്റവൈകല്യങ്ങളും വൈകാരികമായ മറ്റു പ്രശ്നങ്ങളും അനുഭവിക്കുന്ന കുട്ടികൾക്ക് ആവശ്യമായ ചികിത്സ നൽകി പ്രത്യാശാപൂർണമായ ഒരു ഭാവിയിലേക്ക് അവരെ കൈപിടിച്ചുയർത്താനായി ഒരു സ്ഥാപനം പ്രവർത്തിച്ചുവരുന്നു. ഹോളി ചൈൽഡ് പ്രോഗ്രാം എന്ന പേരിൽ, ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ് ഓഫ് ദി യൂക്കരിസ്റ്റ് എന്ന കത്തോലിക്കാ സന്യാസ സഭാംഗങ്ങളാണ് ഈ സ്ഥാപനം നടത്തുന്നത്.
മാനസികമായ വെല്ലുവിളികൾ നേരിടുന്ന നിരവധി കുട്ടികളുടെ മാതാപിതാക്കന്മാരുടെ അഭ്യർത്ഥനയെ മാനിച്ചാണ്, 1995-ൽ ഈ കേന്ദ്രം സ്ഥാപിക്കപ്പെട്ടത്. നിലവിൽ 35 കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ഈ സ്ഥാപനം സേവനം നൽകിവരുന്നു. കൂടാതെ, ബെത്‌ലെഹെം, അൻ നജാഹ്, ബെർസെയ്ത് മുതലായ യൂണിവേഴ്സിറ്റികൾക്കു വേണ്ടിയുള്ള പരിശീലന കേന്ദ്രങ്ങളും ഇതോടനുബന്ധിച്ച് അവർ നടത്തിവരുന്നു.
'സൗഖ്യത്തിലൂടെ പ്രത്യാശ' എന്നതാണ് ഹോളി ചൈൽഡ് പ്രോഗ്രാമിന്റെ പ്രത്യേക ദൗത്യം. വീടുകളിലും സ്കൂളുകളിലും സമൂഹത്തിലും വൈകാരികമായ പെരുമാറ്റ വൈകല്യങ്ങളുള്ള കുട്ടികൾക്ക് ഇതൊരു അഭയകേന്ദ്രമാണ്. ഇപ്രകാരം വൈകല്യങ്ങളുള്ള കുട്ടികളെ സമൂഹത്തിൽ നിന്നും മാറ്റിനിർത്തുന്ന പ്രവണതയായിരുന്നു നേരത്തെ ഈ പ്രദേശങ്ങളിൽ ഉണ്ടായിരുന്നത്. എന്നാൽ സമീപകാലങ്ങളിൽ അവർക്ക് ലഭിച്ച പരിശീലനത്തിലൂടെ സൗഖ്യം മാത്രമല്ല, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും സാധിച്ചിട്ടുണ്ട്. ബിരുദം നേടിയ കുട്ടികൾക്ക്, അതിനുശേഷം രണ്ടുവർഷത്തേക്ക് തുടർപരിശീലനവും കൊടുക്കുന്നുണ്ട്.
ഹോളി ചൈൽഡ് പ്രോഗ്രാമിൽ പങ്കെടുത്ത കുട്ടികൾക്ക് പ്രശംസാർഹമായ രീതിയിൽ 96 ശതമാനം വരെ വിജയം കൈവരിക്കുവാൻ സാധിച്ചിട്ടുണ്ട്. അതായത്, പ്രോഗ്രാം പൂർത്തിയാക്കിയവർക്ക് തുടർവിദ്യാഭ്യാസ/തൊഴിൽ മേഖലകളിലേക്ക് പ്രവേശിക്കാനും അവരുടെ കുടുംബങ്ങളെ സാമ്പത്തികമായി പിന്തുണയ്ക്കാനും സാധിക്കുന്നു. കത്തോലിക്കാ സഭയുടെ പ്രബോധനങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും അനുസൃതമായാണ് ഈ പ്രോഗ്രാമിന്റെ എല്ലാ ശുശ്രൂഷകളും നിശ്ചയിക്കപ്പെട്ടിരിരിക്കുന്നത്. 2022-23 വിദ്യാഭ്യാസ വർഷത്തിൽ പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന കുട്ടികളിൽ 59% ക്രൈസ്തവരും 41% മുസ്ലീം വിഭാഗത്തിൽ നിന്നുള്ളവരുമായിരുന്നു.
എല്ലാ പ്രഭാതത്തിലും ഒരുമിച്ചുള്ള പ്രാർത്ഥനയോടെയാണ് കുട്ടികൾ തങ്ങളുടെ ദിവസം ആരംഭിക്കുന്നത്. ഇതിലൂടെ മറ്റുള്ളവരുടെ വിശ്വാസത്തെ മനസ്സിലാക്കാനും ബഹുമാനിക്കാനും, നിലനിൽക്കുന്ന ഒരു സുഹൃദ്ബന്ധം തങ്ങൾക്കിടയിൽ രൂപപ്പെടുത്താനും അവർ പഠിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26