ഉള്ളിലേക്ക് പ്രകാശം നല്‍കുന്ന വിളക്കാകണം അധ്യാപകര്‍

ഉള്ളിലേക്ക് പ്രകാശം നല്‍കുന്ന വിളക്കാകണം അധ്യാപകര്‍

വീണ്ടും ഒരു അധ്യാപക ദിനം കൂടി വരവായി. ഒരോ വര്‍ഷവും അധ്യാപക ദിനം ആഘോഷിക്കപ്പെടുമ്പോഴും യഥാര്‍ത്ഥമായും അധ്യാപക ദിനത്തിന്റെ പ്രാധാന്യം നാം മനസിലാക്കിയിട്ടുണ്ടോയെന്ന് നാം ചിന്തിക്കണം. മുന്‍ ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന സര്‍വ്വേപള്ളി രാധാകൃഷ്ണന്‍ എന്നറിയപ്പെടുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമാണ് ഇന്ത്യയില്‍ അധ്യാപക ദിനമായി ആചരിക്കപ്പെടുന്നത്.

മാതാ പിതാ ഗുരു ദൈവം എന്നാണ് പറയുന്നത്. മാതാവ് പിതാവിനെയും പിതാവ് ഗുരുവിനെയും ഗുരു ദൈവത്തെയും കാട്ടിത്തരുന്നു എന്നാണ് ഈ ചിന്തയിലൂടെ നാം മനസിലാക്കുന്നത്. എന്നാല്‍ നമ്മുടെ അധ്യാപകര്‍ക്ക് എത്രപേര്‍ക്ക് കുഞ്ഞുങ്ങളിലേക്ക് ദൈവ വിശ്വാസവും ചൈതന്യവും പകര്‍ന്നുകൊടുക്കാന്‍ സാധിക്കും? ഇതൊരു ചോദ്യ ചിഹ്നം തന്നെയായി ഉയര്‍ന്നു നില്‍ക്കുന്നു.

ആദര്‍ശ ശുദ്ധിയുള്ള അധ്യാപകരിലൂടെ മാത്രമേ പുതുതലമുറയെ സമൂഹത്തിന് മാതൃകയുള്ള പൗരന്മാരായി വാര്‍ത്തെടുക്കാന്‍ പറ്റുകയുള്ളൂ. ഒരുപക്ഷേ ഇരുട്ടില്‍ വീണ മനസുമായും തകര്‍ന്ന ഹൃദയത്തോടെയുള്ള സുഹൃത്തുക്കള്‍ നമുക്കും ഉണ്ടാകും. ചിലപ്പോഴെങ്കിലും അവഗണനയും വേദനയും സഹിക്കാത്തവരായി വളരെ ചുരുക്കം പേരെ കാണുകയുള്ളൂ.

വിദ്യാഭ്യാസ കാലഘട്ടത്തില്‍ എവിടെയെങ്കിലും ഒക്കെ ഇത്തരത്തില്‍ ചില പൊരുത്തക്കേടുകള്‍ നമ്മുടെയൊക്കെ ജീവിതത്തില്‍ കല്ലുകടി ഉണ്ടാക്കിയിട്ടുണ്ടാവാം. പക്ഷേ അത്തരം കല്ലുകടികളെയും അസ്വാസ്ഥ്യങ്ങളെയും നാം എങ്ങനെ ജയിക്കുന്നു എന്നുള്ളതാണ് നമ്മുടെ ജീവിത വിജയം. അവയെ അവസരമാക്കുമ്പോഴാണ് തള്ളിക്കളഞ്ഞ ജീവിതങ്ങളില്‍ മൂല്യത്തിന്റെ വിത്തുണ്ടായിരുന്നതായി തിരിച്ചറിയപ്പെടുന്നത്.

പഠിക്കുവാന്‍ പോരാ എന്നു പറഞ്ഞ് തള്ളിക്കളഞ്ഞ അധ്യാപകര്‍ ജീവിത വിജയത്തിന്റെ തേരിലേറി നില്‍ക്കുന്ന പഴയ വിദ്യാര്‍ത്ഥിയെ നോക്കി കാണുമ്പോള്‍ അഭിനന്ദന പ്രവാഹവുമായി നിങ്ങള്‍ക്കരികിലെത്തും.

ഒരു അധ്യാപകരും ദയവായി കുട്ടികളെ മറ്റൊരു കുട്ടിയോട് താരതമ്യപ്പെടുത്തരുത്. ഇക്കാലത്ത് താരതമ്യപ്പെടുത്തല്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് പൂര്‍ണമായി ഉത്തരം പറയാന്‍ സാധിക്കുകയില്ല. കാരണം ഇന്നും അത്തരത്തിലുള്ള പ്രവണതകള്‍ ഒക്കെയും തുടരുന്നുണ്ട്. പക്ഷേ ആ പ്രവണത ഒരുപക്ഷേ തകര്‍ക്കുന്നത് നല്ലൊരു വിദ്യാഭ്യാസ കാലഘട്ടത്തെ ആയിരിക്കും.

ഒന്നും തകര്‍ക്കുന്നവരാകരുത് അധ്യാപകര്‍ മറിച്ച് മെനയുന്നവരാവണം. കുഞ്ഞുങ്ങളിലെ കഴിവ് കണ്ടെത്താനും അവര്‍ക്ക് വേണ്ട പ്രോത്സാഹനം ഏറ്റവും അധികം നല്‍കി ഏറ്റവും നല്ല സുഹൃത്തായി അവര്‍ക്കൊപ്പം നടന്ന അവരെ സ്‌നേഹിച്ചും ലാളിച്ചും കടന്നുപോകേണ്ട സുന്ദര മനോഹരമായ സമയമാണ് വിദ്യാഭ്യാസ കാലഘട്ടം.

പഠിക്കുവാന്‍ മിടുക്കില്ലാത്ത ഒരു വിദ്യാര്‍ത്ഥിയോ വിദ്യാര്‍ത്ഥിനിയോ ജീവിതത്തില്‍ തോറ്റുപോകും എന്ന് പറയുന്ന അധ്യാപകര്‍ ഉണ്ടെങ്കില്‍ ഈ അധ്യാപക ദിനം നിങ്ങള്‍ക്ക് മാറാനുള്ള ഒരു അവസരം കൂടിയാണ്. കാരണം പരീക്ഷകളിലെ മാര്‍ക്ക് കൊണ്ട് ജീവിതത്തില്‍ ഒന്നാമന്‍ ആവണമെന്നില്ല. കുഞ്ഞുങ്ങളെ ജീവിക്കാനും ചിന്തിപ്പിക്കാനും അധ്യാപകര്‍ കാലാകാലങ്ങളില്‍ പഠിപ്പിക്കേണ്ടിയിരിക്കുന്നു. മുറിപ്പെടുത്തുന്ന വിദ്യാഭ്യാസത്തിന് പകരം സ്വീകരിക്കേണ്ടത് സ്വീകരിക്കാനും സ്വംശീകരിക്കുവാനും സഹായകരമാവുന്ന അധ്യാപന രീതിയാണ് ഇന്നിന്റെ ആവശ്യം.

പുസ്തകപ്പുഴുക്കളായി കുഞ്ഞുങ്ങളെ മാറ്റിയെടുക്കാതെ സ്വതന്ത്ര ചിന്തകരാകുവാന്‍ അവരെ പ്രേരിപ്പിക്കുക. ശാസനകള്‍ നല്‍കേണ്ടപ്പോള്‍ വടികൊണ്ടല്ല സ്‌നേഹ ശാസനകള്‍ നല്‍കി അവരെ ചേര്‍ത്തു പിടിക്കുകയാണ് വേണ്ടത്. പലപ്പോഴും അധ്യാപകര്‍ തള്ളിക്കളഞ്ഞവര്‍ മികവിന്റെ പടവുകള്‍ കയറിയ ചരിത്രം ഉണ്ട്.

അധ്യാപനം കേവലം തൊഴിലല്ല അത് ആത്മാവും ജീവനുമായി കാത്തുപാലിക്കുന്ന അധ്യാപകര്‍ക്ക് ഹൃദയം നിറഞ്ഞ അധ്യാപക ദിനാശംസകള്‍. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്കും സമൂഹത്തിനും മുന്‍പില്‍ സ്വയം വിളക്കായി പ്രകാശിച്ച് വെളിച്ചത്തിലേക്ക് അവരെ നയിച്ചിടാനും അധ്യാപകര്‍ക്ക് സാധിക്കട്ടെ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26