സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും; രാജിക്ക് സമ്മര്‍ദ്ദമേറുന്നു: നിയമസഭയ്ക്ക് അപമാനമെന്ന് ചെന്നിത്തല, കേരളത്തിന് നാണക്കേടെന്ന് കെ. സുരേന്ദ്രന്‍

സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും; രാജിക്ക് സമ്മര്‍ദ്ദമേറുന്നു: നിയമസഭയ്ക്ക് അപമാനമെന്ന് ചെന്നിത്തല,  കേരളത്തിന് നാണക്കേടെന്ന് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സംസ്ഥാന നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യാനൊരുങ്ങുന്നു. ഡോളര്‍ അടങ്ങിയ ബാഗ് പ്രതികള്‍ക്ക് കൈമാറിയെന്ന ഗുരുതര മൊഴി സ്പീക്കര്‍ക്കെതിരെ ഉണ്ടായ സാഹചര്യത്തിലാണ് ഭരണഘടനാ പദവി വഹിക്കുന്ന സ്പീക്കറും ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വരുന്നത്. അടുത്ത ആഴ്ച നോട്ടീസ് നല്‍കി സ്പീക്കറെ കൊച്ചിയിലേക്ക് വിളിച്ചു വരുത്താനാണ് കസ്റ്റംസ് നീക്കം.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തുമാണ് ഡോളര്‍ അടങ്ങിയ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ എത്തിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടുവെന്ന് ഇരുവരും മജിസ്ട്രേറ്റിനും കസ്റ്റംസിനും നല്‍കിയ മൊഴിയില്‍ സ്പീക്കര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. സ്വപ്നയും സരിത്തും കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ സ്പീക്കര്‍ ഉള്‍പ്പെടെ പല പ്രമുഖരുടെയും പേരുണ്ടായിരുന്നു. മജിസ്ട്രേറ്റിന് മുന്നില്‍ ഇതേ മൊഴി ആവര്‍ത്തിച്ചതോടെയാണ് നോട്ടീസ് നല്‍കി വിളിച്ചുവരുത്താന്‍ കസ്റ്റംസ് തീരുമാനിച്ചതെന്നാണ് സൂചന.

സരിത്തിനെയും സ്വപ്നയെയും പുറത്തെ ഒരു ഫ്ളാറ്റിലേക്ക് സ്പീക്കര്‍ വിളിച്ചുവരുത്തി ഡോളര്‍ അടങ്ങിയ ബാഗ് കൈമാറുന്നു. അവരോട് കോണ്‍സുലേറ്റ് ജനറല്‍ ഓഫീസിലേക്ക് എത്തിക്കാന്‍ സ്പീക്കര്‍ നിര്‍ദ്ദേശിച്ചു. ഇതുപ്രകാരം ഇരുവരും ബാഗ് കോണ്‍സുലേറ്റ് ജനറല്‍ ഓഫീസില്‍ എത്തിച്ചു എന്നാണ് സരിത്തിന്റെയും സ്വപ്നയുടെയും മൊഴി. ഉന്നതരുടെ പേരുകള്‍ ഉണ്ടായതിനാല്‍ തന്നെ മൊഴികളില്‍ ആധികാരികത വരുത്താനാണ് മജിസ്ട്രേറ്റിന് രഹസ്യ മൊഴിനല്‍കിയ ശേഷം തുടര്‍നടപടികളിലേക്ക് കസ്റ്റംസ് നീങ്ങുന്നത്.

എന്നാല്‍ ഇതേക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നും പരസ്യ പ്രതികരണത്തിനില്ലെന്നുമാണ് സ്പീക്കര്‍ വ്യക്തമാക്കിയത്. ഡോളര്‍കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന വാര്‍ത്ത ശരിയാണെങ്കില്‍ സ്പീക്കര്‍ക്ക് ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാനുള്ള യോഗ്യതയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ജനാധിപത്യത്തില്‍ സ്പീക്കറുടെ സ്ഥാനം ഉന്നതമാണ്. ആ സ്പീക്കര്‍ തന്നെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഡോളര്‍ക്കടത്ത് കേസില്‍ പങ്കാളിയാവുന്നുവെന്നത് കേരള നിയമസഭയ്ക്ക് തന്നെ അപമാനകരമാണ്. മാന്യതയുണ്ടെങ്കില്‍ ചോദ്യം ചെയ്യാന്‍ വിളിക്കുമ്പോള്‍ തന്നെ ആ സ്ഥാനത്ത് നിന്നും മാറിനില്‍ക്കണമെന്നും ചെന്നിത്തല പറഞ്ഞു.

ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ആവശ്യപ്പെട്ടു. വാര്‍ത്ത ഞെട്ടിക്കുന്നതാണ്. തന്റെ പദവിയുടെ പവിത്രത കാത്തുസൂക്ഷിക്കാന്‍ ബധ്യതയുള്ള സ്പീക്കര്‍ ഇത്തരമൊരു കാര്യം ചെയ്തിട്ടുണ്ടെങ്കില്‍ സ്ഥാനമൊഴിയണം. കേരളം ലോകത്തിനു മുന്നില്‍ നാണംകെടുന്ന കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി സ്പീക്കര്‍ക്ക് ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞത് എങ്ങനെയാണ്. എന്താണ് കൈമാറിയ ബാഗിലുണ്ടായിരുന്നത്. എന്താണ് പ്രതികള്‍ക്ക് നല്‍കിയ സന്ദേശം തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ടതുണ്ട്. ധാര്‍മികമായി ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കാന്‍ സ്പീക്കര്‍ക്ക് ബാധ്യതയുണ്ടന്നും സുരേന്ദ്രന്‍ പറഞ്ഞു.

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍ എന്നതിന്റെ സൂചനയാണ് ഇപ്പോള്‍ സ്പീക്കറെ ചോദ്യം ചെയ്യുമെന്ന വാര്‍ത്തയിലൂടെ പുറത്തുവരുന്നതെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് പ്രതികരിച്ചു. വാര്‍ത്ത ശരിയാണെങ്കില്‍ സ്പീക്കര്‍ ആ സ്ഥാനം രാജിവെക്കണം. രാഷ്ട്രീയത്തിനതീതമായി കാണുന്ന ഒരു ഭരണഘടനാ പദവിയാണ് സ്പീക്കറുടേത്. സ്പീക്കര്‍ക്കെതിരെ സംശയമാണ് ഉയരുന്നതെങ്കില്‍ പോലും ആ സംശയ നിവാരണം നടത്തുന്നതുവരെ ആ സ്ഥാനത്തിരിക്കാന്‍ പാടില്ലെന്നും ഫിറോസ് പ്രതികരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.