'പാര്‍ട്ടി ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ ഒരു ശക്തിക്കും കഴിയില്ല'; ഹൈക്കോടതി ഉത്തരവിനെതിരെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി

'പാര്‍ട്ടി ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ ഒരു ശക്തിക്കും കഴിയില്ല'; ഹൈക്കോടതി ഉത്തരവിനെതിരെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി

തൊടുപുഴ: പാര്‍ട്ടി ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്. നിര്‍മ്മാണ നിരോധനത്തില്‍ പരസ്യ പ്രസ്താവന പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചു കൊണ്ടാണ് വര്‍ഗീസിന്റെ പരാമര്‍ശം. അടിമാലിയില്‍ ഇന്നലെ നടന്ന പാര്‍ട്ടി യോഗത്തിലായിരുന്നു ജില്ലാ സെക്രട്ടറിയുടെ വെല്ലുവിളി.

നിയമപരമായ വ്യവസ്ഥതകള്‍ ഉപയോഗിച്ച് പാര്‍ട്ടി ഇക്കാര്യങ്ങളെ നേരിടും. സിപിഎമ്മിന് ഇതില്‍ ആശങ്കയില്ല. 1964 ലെ ഭൂപതിവ് വിനിയോഗം ചട്ടഭേദഗതി ബില്‍ ഈ മാസം 14 ന് ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. ഇതോടെ ഇടുക്കിയിലെ നിര്‍മ്മാണ നിരോധനം മാറും. ജില്ലയിലെ സിപിഎമ്മിന്റെ എല്ലാ പാര്‍ട്ടി ഓഫിസുകളും സൈ്വര്യമായി പ്രവര്‍ത്തിച്ചിരിക്കുമെന്നും സി.വി വര്‍ഗീസ് വ്യക്തമാക്കി.

അന്‍പത് വര്‍ഷക്കാലമായി പ്രവര്‍ത്തിക്കുന്ന ശാന്തന്‍പാറ ഏരിയാ കമ്മിറ്റി ഓഫിസ് അനധികൃതമാണെന്നാണ് പറയുന്നത്. വീട്ടില്‍ പട്ടിണി കിടക്കുമ്പോളും അരിമേടിക്കാന്‍ വച്ച പൈസ നല്‍കി സഖാക്കള്‍ നിര്‍മിച്ച ഓഫിസുകളാണിതെന്നും സി.വി വര്‍ഗീസ് യോഗത്തില്‍ പറഞ്ഞു.

ഇടുക്കി ജില്ലയിലെ മൂന്നാര്‍ മേഖലയിലെ അനധികൃത പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തിനെതിരായ കേസുകള്‍ പരിഗണിക്കുമ്പോഴായിരുന്നു വിഷയത്തില്‍ പരസ്യ പ്രസ്താവന നടത്തരുതെന്ന് ജില്ലാ സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.