മണിപ്പൂര്‍ കലാപം: എഡിറ്റേഴ്സ് ഗില്‍ഡ് അംഗങ്ങളുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

മണിപ്പൂര്‍ കലാപം: എഡിറ്റേഴ്സ് ഗില്‍ഡ് അംഗങ്ങളുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

ന്യൂഡല്‍ഹി: മണിപ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുകളില്‍ നിന്ന് എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയുടെ നാല് അംഗങ്ങളുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഇജിഐ അംഗങ്ങള്‍ നല്‍കിയ റിട്ട് ഹര്‍ജിയില്‍ മണിപ്പൂര്‍ സംസ്ഥാനത്തിന് നോട്ടീസ് അയച്ചുകൊണ്ട് ഉത്തരവിട്ടത്.

ഹര്‍ജിയിന്മേല്‍ അടിയന്തര വാദം കേള്‍ക്കണമെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ കോടതിയെ അറിയിച്ചതിനെതുടര്‍ന്ന് ചീഫ് ജസ്റ്റിസ് കേസ് പരിഗണിക്കാന്‍ സമ്മതിക്കുകയായിരുന്നു.

ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാനും പരിമിതമായ പരിരക്ഷ നല്‍കി റിട്ട് ഹര്‍ജി തീര്‍പ്പാക്കാനാണ് ബെഞ്ച് ശ്രമിച്ചത്. എഡിറ്റേഴ്സ് ഗില്‍ഡിന്റെ റിപ്പോര്‍ട്ടിനെതിരെ മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ് കഴിഞ്ഞ ദിവസം രംഗത്തെത്തിയെന്നും പ്രസ്താവന കോടതി പരിഗണിക്കേണ്ട അധിക വശമാണെന്നും അഭിഭാഷകന്‍ അറിയിച്ചു.

ഗില്‍ഡിന്റെ 24 പേജുള്ള കണ്ടെത്തലുകള്‍ സെപ്തംബര്‍ രണ്ടിനാണ് പുറത്തുവന്നത്. മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് ഇജിഐ പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യാജവും കെട്ടിച്ചമച്ചതാണെന്നും ആരോപിച്ചാണ് വസ്തുതാന്വേഷണ സമിതിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മണിപ്പൂര്‍ സര്‍ക്കാര്‍ കേസെടുത്തത്. മണിപ്പൂരിലെ ഒരു സാമൂഹ്യ പ്രവര്‍ത്തകന്റെ പരാതിയില്‍ ഇംഫാല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.