ജി20 ഉച്ചകോടി: ലോക നേതാക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത് സ്വര്‍ണവും വെള്ളിയും പൂശിയ പാത്രങ്ങളില്‍

ജി20 ഉച്ചകോടി: ലോക നേതാക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത് സ്വര്‍ണവും വെള്ളിയും പൂശിയ പാത്രങ്ങളില്‍

ന്യൂഡല്‍ഹി: പ്രഗതി മൈതാനിലെ പ്രധാന വേദിയായ ഭാരത് മണ്ഡപത്തില്‍ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയ്ക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പല രാജ്യങ്ങളിലേയും നേതാക്കള്‍ ഇന്ത്യയില്‍ എത്തുന്നതിനാല്‍ നിരവധി ക്രമീകരണങ്ങളാണ് ഉദ്യോഗസ്ഥര്‍ ചെയ്തിട്ടുള്ളത്.

ലോക നേതാക്കള്‍ക്ക് മുന്നില്‍ രാജ്യത്തിന്റെ സംസ്‌കാരവും പൈതൃകവും പ്രദര്‍ശിപ്പിക്കുന്നതിനായി വെള്ളി, സ്വര്‍ണ്ണം എന്നിവ പൂശിയ പാത്രങ്ങളിലാണ് ഭക്ഷണം നല്‍കുന്നത്. ഇതിനായി കൊത്തുപണികളാല്‍ അലങ്കരിച്ച 15,000 പാത്രങ്ങള്‍ തയ്യാറാക്കി കഴിഞ്ഞു. മിക്ക പാത്രങ്ങളിലും വെള്ളിയും സ്വര്‍ണവും പൂശിയിട്ടുണ്ട്. ജയ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മെറ്റല്‍ വെയര്‍ സ്ഥാപനമാണ് പാത്രങ്ങള്‍ നിര്‍മിച്ചത്.

അതേസമയം ലോക നേതാക്കള്‍ക്ക് ശനിയാഴ്ച രാഷ്ട്രപതി ദ്രൗപദി മുര്‍മു നല്‍കുന്ന അത്താഴവിരുന്നിലേക്ക് വ്യവസായികളെയും ക്ഷണിച്ചിട്ടുണ്ട്. റിലയന്‍സ് മേധാവി മുകേഷ് അംബാനി, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി, ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍, ഭാരതി എയര്‍ടെല്‍ സ്ഥാപക ചെയര്‍മാന്‍ സുനില്‍ മിത്തല്‍ എന്നിവരെയാണ് ക്ഷണിച്ചിരിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, യു.കെ പ്രധാനമന്ത്രി ഋഷി സുനക്, സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി അന്റോണി അല്‍ബനീസ് തുടങ്ങിയവര്‍ വിരുന്നിനെത്തും.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും വിരുന്നില്‍ പങ്കെടുക്കും. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും വന്നേക്കുമെന്നാണ് സൂചന. ഇരുവരെയും രാഷ്ട്രപതി വിരുന്നിന് ക്ഷണിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.