സംസ്ഥാനത്ത് 43 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് അനുമതി

സംസ്ഥാനത്ത് 43 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പുതുതായി 43 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആലപ്പുഴ മെഡിക്കല്‍ കോളജ് 13, എറണാകുളം മെഡിക്കല്‍ കോളജ് 15, കണ്ണൂര്‍ മെഡിക്കല്‍ കോളജ് 15 എന്നിങ്ങനെയാണ് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നത്.

സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പി.ജി. സീറ്റുകള്‍ വര്‍ധിപ്പിച്ച് ശക്തിപ്പെടുത്തിപ്പെടുത്തുന്നതിനും അപ്ഗ്രേഡ് ചെയ്യുന്നതിനും വേണ്ടിയുള്ള സ്‌കീം അനുസരിച്ചാണ് സീറ്റുകള്‍ വര്‍ധിപ്പിച്ചത്. 28 സ്‌പെഷ്യാലിറ്റി സീറ്റുകള്‍ക്കും ഒന്‍പത് സൂപ്പര്‍ സ്‌പെഷ്യാലിറ്റി സീറ്റുകള്‍ക്കും അനുമതി നേടിയെടുത്തതിന് പുറമേ ഇതുകൂടാതെയാണ് 43 പിജി സീറ്റുകള്‍ കൂടി ലഭ്യമാകുന്നത്. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ വളര്‍ച്ചയ്ക്ക് ഇതേറെ സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ അനസ്തേഷ്യ, കമ്മ്യൂണിറ്റി മെഡിസിന്‍, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി എന്നീ വിഭാഗങ്ങളില്‍ രണ്ട് വീതവും ഡെര്‍മറ്റോളജി, ഫോറന്‍സിക് മെഡിസിന്‍, ജനറല്‍ മെഡിസിന്‍, പത്തോളജി, ഫാര്‍മക്കോളജി, ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ എന്നിവയ്ക്ക് ഓരോന്നുമാണ് അനുവദിച്ചിരിക്കുന്നത്.

എറണാകുളം മെഡിക്കല്‍ കോളജില്‍ അനസ്തേഷ്യ, ഓര്‍ത്തോപീഡിക്സ്, റേഡിയോ ഡയഗ്‌നോസിസ്, ഗൈനക്കോളജി, ജനറല്‍ സര്‍ജറി എന്നീ വിഭാഗത്തില്‍ രണ്ടു വീതവും ജനറല്‍ മെഡിസിന്‍, കമ്മ്യൂണിറ്റി മെഡിസിന്‍, ഫോറന്‍സിക് മെഡിസിന്‍, റെസ്പിറേറ്ററി മെഡിസിന്‍, ഒഫ്ത്താല്‍മോളജി എന്നീ വിഭാഗത്തില്‍ ഓരോന്നു വീതവുമാണ് അനുവദിച്ചത്.

കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ റേഡിയോ ഡയഗ്‌നോസിസ്, പീഡിയാട്രിക്സ്, ഫോറന്‍സിക് മെഡിസിന്‍, എമര്‍ജന്‍സി മെഡിസിന്‍, ഓര്‍ത്തോപീഡിക്സ് എന്നീ വിഭാഗത്തില്‍ രണ്ടും അനസ്തേഷ്യ, ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, ജനറല്‍ സര്‍ജറി, റെസ്പിറേറ്ററി മെഡിസിന്‍ എന്നീ വിഭാഗങ്ങളില്‍ ഓരോന്നുമാണ് പി.ജി. സീറ്റുകള്‍ അനുവദിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.