കോട്ടയം: കോട്ടയം അതിരൂപതയുടെ പുതിയ സഹായ മെത്രാനായി ഫാ. തോമസ് ആനിമൂട്ടിലിനെ നിയമിച്ചു. സീറോ മലബാർ സിനഡ് നടക്കുന്ന കാക്കനാട് സെന്റ് തോമസ് മൗണ്ടിലും റോമിലും ഒരേ സമയമാണ് ഔദ്യോഗിക നിയമന ഉത്തരവ് പ്രഖ്യാപിച്ചത്. കോട്ടയം അതിരൂപതയുടെ മുഖ്യവികാരി ജനറലായി സേവനം അനുഷ്ഠിച്ചു വരവെയാണ് പുതിയ നിയോഗം തേടിയെത്തിയിരിക്കുന്നത്.
ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് അധ്യക്ഷനായ കോട്ടയം അതിരൂപതയിൽ ഇതോടെ സഹായമെത്രാന്മാരുടെ എണ്ണം മൂന്നായി ഉയർന്നു. മാർ ജോസഫ് പണ്ടാരശേരിൽ, ഗീവർഗീസ് മാർ അപ്രേം എന്നിവരാണ് മറ്റ് സഹായ മെത്രാന്മാർ.
കണ്ണൂർ പയ്യാവൂർ ആനിമൂട്ടിൽ കുടുംബാംഗമായ ഫാ. തോമസ് ആനിമൂട്ടിൽ, പരേതരായ ജോസഫ് - ഏലി ദമ്പതികളുടെ പുത്രനായി 1962 ജനുവരി 13നാണ് ജനിച്ചത്. പയ്യാവൂർ സെക്രെട്ട് ഹാർട്ട് സ്കൂളിലെ പഠനത്തിന് ശേഷം സെമിനാരിയിൽ ചേർന്ന അദേഹം കോട്ടയം സ്റ്റനിസ്ലാവോസ് മൈനർ സെമിനാരി, മംഗലാപുരം സെന്റ് ജോസഫ് സെമിനാരി എന്നിവിടങ്ങളിലെ പരിശീലനത്തിനു ശേഷം 1989 ഏപ്രിൽ 13ന് ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് കുന്നശേരിയിൽ നിന്ന് പൗരോഹിത്യ സ്വീകരണം നേടി. തുടർന്ന് റോമിലെ അത്തെനയോ റൊമാനോ സാന്റാ ക്രോസൈലിൽ നിന്ന് കാനൻ ലോയിൽ ലൈസൻഷ്യേറ്റും കരസ്ഥമാക്കി.
വയനാട് പുളിഞ്ഞാൽ ക്രിസ്തുരാജ പള്ളി, ശ്രീപുരം സെന്റ് മേരീസ് പള്ളി, ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോന പള്ളി, കടുത്തുരുത്തി വലിയ പള്ളി എന്നിവിടങ്ങളിൽ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ കോട്ടയം ക്രിസ്തുരാജ കത്തീഡ്രൽ അഡ്മിനിസ്ട്രേറ്റർ, അതിരൂപത ചാൻസലർ, ട്രൈബ്യൂണൽ ജഡ്ജി, മാർ കുര്യാക്കോസ് കുന്നശേരിയുടെ സെക്രട്ടറി തുടങ്ങി നിരവധി സുപ്രധാന പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ ലോസ് ആഞ്ചലസിൽ നിന്ന് ക്ലിനിക്കൽ പാസ്റ്ററൽ എജ്യുക്കേഷൻ പൂർത്തിയാക്കിയ അദേഹം അമേരിക്കയിൽ ക്നാാനായ കാത്തലിക് മിഷൻ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
കോട്ടയം കാരിത്താസ് ആശുപത്രി ഡയറക്ടറായി 11 വർഷം ശ്രദ്ധേയമായ സേവനമാണ് കാഴ്ചവച്ചത്. വാഴ്ത്തപ്പെട്ട മാർ മാത്യു മാക്കീൽ, ദൈവദാസൻ ഫാ. തോമസ് പൂതത്തിൽ എന്നിവരുടെ നാമകരണ നടപടികളുടെ പ്രൊമോട്ടർ, കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിലും ഫാ. തോമസ് പ്രവർത്തിക്കുന്നു. മലയാളം, ഇംഗ്ലീഷ് ഭാഷകൾക്ക് പുറമെ ഇറ്റാലിയൻ, ജർമൻ ഭാഷകളും വശമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.