പഴയ നിയമത്തിലെ ഉല്പത്തി പുസ്തകം മുതല്‍ പുതിയ നിയമത്തിലെ വെളിപാട് വരെ ദൈവത്തിന്റെ വാഗ്ദാനമായ പരിശുദ്ധ കന്യകാമറിയത്തെ കാണുവാന്‍ സാധിക്കും. ഏഴാം നൂറ്റാണ്ട് മുതലാണ് സെപ്റ്റംബര്‍ എട്ട് മറിയത്തിന്റെ ജനനത്തിരുനാളായി ആഘോഷിച്ചു വരുന്നത്.
പരിശുദ്ധ കന്യക മറിയവുമായി ബന്ധപ്പെട്ട് നാം കേള്‍ക്കുന്ന പ്രധാനപ്പെട്ട ദിവസങ്ങളാണ് ആഗസ്റ്റ് പതിനഞ്ച്, സെപ്റ്റംബര്‍ എട്ട്, ഡിസംബര്‍ എട്ട് തുടങ്ങിയ ദിനങ്ങള്‍. ഓഗസ്റ്റ് 15 മാതാവിന്റെ സ്വര്‍ഗാരോപണ തിരുനാളായും സെപ്റ്റംബര്‍ എട്ട് ജനന തിരുനാളായും ഡിസംബര്‍ എട്ട് അമലോല്‍ഭവ തിരുനാളായുമാണ് ആഗോള കത്തോലിക്ക സഭ ആഘോഷിക്കുന്നത്. ജനത്തിരുനാളും അമലോല്‍ഭവ തിരുനാളും തമ്മില്‍ ഒന്‍പത് മാസത്തിന്റെ വ്യത്യാസമാണുള്ളത്.
ജൊവാക്കിമിനും അന്നായ്ക്കും വര്‍ഷങ്ങളായി കുഞ്ഞുങ്ങള്‍ ഇല്ലായിരുന്നു. മക്കള്‍ ജനിക്കാത്തത് കൊണ്ട് ദൈവത്തിന്റെ ഒരു ശിക്ഷ എന്ന നിലയിലായിരുന്നു അവര്‍ ഇതിനെ കണ്ടിരുന്നത്. വര്‍ഷങ്ങള്‍ നീണ്ട അവരുടെ പ്രാര്‍ത്ഥനയുടെ ഫലമായി മറിയം ജനിച്ചു. ദൈവത്തിന്റെ സൃഷ്ടികളില്‍ ഏറ്റവും വിശുദ്ധിയുള്ളവളും, എല്ലാ മനുഷ്യരുടെയും ആത്മീയ മാതാവുമായ കന്യകാമറിയം, ലോകരക്ഷകന്റെ അമ്മയാകുവാന്‍ വേണ്ടിയാണ് ഈ ഭൂമിയില്‍ ജനിച്ചത്.
യേശുവിന്റെ അമ്മയാകുവാന്‍ ഭാഗ്യം ലഭിച്ചപ്പോള്‍ തന്നെ പരിശുദ്ധ കന്യകാമറിയാം ലോകത്തിന്റെ അമ്മയായി മാറുകയായിരുന്നു. വിശ്വാസികള്‍ക്ക് അഭയവും മാധ്യസ്ഥവും വഹിക്കുന്ന പരിശുദ്ധ അമ്മ മുട്ടുന്നവര്‍ക്ക് അനുഗ്രഹത്തിന്റെ വാതില്‍ തുറന്നു കൊടുക്കുന്നു. ഈശോയുടെ രക്ഷാപദ്ധതി പൂര്‍ത്തീകരണത്തിന്റെ ദൗത്യം പൂര്‍ണ്ണമാക്കുമ്പോള്‍ നാം ആദ്യം ദര്‍ശിക്കുക പരിശുദ്ധ ദൈവമാതാവിനെ തന്നെയാണ്.
പരിശുദ്ധ അമ്മയോടുള്ള പ്രാര്‍ത്ഥന നമ്മുടെ ആരാധന ക്രമങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് മനുഷ്യവംശത്തിന്റെ രക്ഷാകര ചരിത്രത്തില്‍ മാതാവിന് പ്രത്യേക സ്ഥാനം ഉള്ളതുകൊണ്ടാണ്. സ്വര്‍ഗീയ റോസാപ്പൂവായി മര്‍ത്യ ഹൃദയങ്ങളിലേക്ക് സ്‌നേഹത്തിന്റെയും ക്ഷമയുടെയും കരുണയുടെയും ഭാവം പകരാന്‍ പരിശുദ്ധ ദൈവമാതാവിന് മാത്രമേ സാധിക്കു.
മാതാവിന്റെ പ്രത്യക്ഷപ്പെടലിലൂടെ പല രാജ്യങ്ങളും മാനസാന്തരത്തിന്റെ അനുഭവങ്ങളിലേക്ക് പോലും വന്ന ചരിത്രമുണ്ട്. പരിശുദ്ധ കന്യകാമറിയത്തിന്റെ സാന്നിധ്യം വിശ്വാസം വളര്‍ത്തുന്നതിനും രാജ്യങ്ങളുടെ മാനസാന്തരത്തിനും ദൈവവിശ്വാസം വര്‍ധിപ്പിക്കുന്നതിനും കാരണമായിട്ടുണ്ട്.
മാതാവ് പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നും പ്രത്യേകമായ സാന്നിധ്യം കൊണ്ടും പല പേരുകളില്‍ മാതാവിനെ അറിയപ്പെടുന്നുണ്ട്. ലൂര്‍ദ് മാതാവ്, ഫാത്തിമ മാതാവ്, ഗുഡലുപ്പേ, കര്‍മല മാതാവ് നിത്യസഹായ മാതാവ്, വ്യാകുലമാതാവ്, വേളാങ്കണ്ണി മാതാവ്, വല്ലാര്‍പാടത്തമ്മ എന്നിങ്ങനെയും പരിശുദ്ധ മറിയം അറിയപ്പെടുന്നു.
ദൈവനിയോഗത്തെ സമര്‍പ്പിതമായി ഏറ്റെടുത്ത കാവല്‍ മാലാഖയാണ് പരിശുദ്ധ മറിയം. രക്ഷകന്റെ മാതാവും വാഗ്ദാനത്തിന്റെ പേടകവുമായ പരിശുദ്ധ കന്യാമറിയത്തിന്റെ ക്ഷമയും സഹനവും നിറഞ്ഞ ജീവിതം പുതുതലമുറയ്ക്ക് എന്നും നവപ്രതീക്ഷയേകുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.