ഇന്ത്യാ-പാക് പോരാട്ടം: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ന് സൂപ്പര്‍ സണ്‍ഡേ

ഇന്ത്യാ-പാക് പോരാട്ടം: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ന് സൂപ്പര്‍ സണ്‍ഡേ

കൊളംബോ: ഏഷ്യാകപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടുമ്പോള്‍ പ്രേമദാസ സ്റ്റേഡിയത്തിലെ പുല്‍ക്കൊടികള്‍ക്കു പോലും തീ പിടിക്കും.

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മല്‍സരം മഴയില്‍ ഒലിച്ചു പോയതിന്റെ സങ്കടം മാറ്റാന്‍ ഇന്ന് നല്ലൊരു പോരാട്ടമാണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്. ഉച്ചകഴിഞ്ഞ് ഇന്ത്യന്‍ സമയം മൂന്നു മണി മുതലാണ് മല്‍സരം.

ഒരു പക്ഷേ, മറ്റേതൊരു മല്‍സരത്തേക്കാളും ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ ഏറ്റവും ആവേശത്തോടെ ഉറ്റുനോക്കുന്ന മല്‍സരമാണ് ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മല്‍സരം.

ആദ്യ മല്‍സരത്തില്‍ പേരുകേട്ട ഇന്ത്യന്‍ ബാറ്റിംഗ് നിരയെ 266 റണ്‍സിന് എറിഞ്ഞ് ഒതുക്കിയതിന്റെ ആവേശത്തിലാണ് പാക് ടീം. മുന്‍നിര ബാറ്റര്‍മാര്‍ പാകിസ്ഥാന്‍ പേസര്‍മാരെ ഫലപ്രദമായി നേരിടാന്‍ പ്രയാസപ്പെട്ടപ്പോള്‍ ഇഷാന്‍ കിഷനും ഹര്‍ദിക് പാണ്ഡ്യയും നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യക്ക് മാന്യമായ ടോട്ടല്‍ നല്‍കിയത്.

ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ എന്നീ പേസ് ത്രയത്തെ ഫലപ്രദമായി നേരിടുകയെന്നതാകും ഇന്ത്യന്‍ ടീമിന്റെ പ്രധാന വെല്ലുവിളി. കഴിഞ്ഞ മല്‍സരത്തില്‍ ഷഹീന്‍ നാലും, മറ്റു രണ്ടു പേരും മൂന്നു വിക്കറ്റ് വീതവും നേടിയിരുന്നു. ബാബര്‍ അസം നയിക്കുന്ന പാക് ബാറ്റിംഗ് നിരയും ശക്തമാണ്.

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ടീമിലെത്തിയ എന്നാല്‍ ജസ്പ്രീത് ബുംറയുടെ സാന്നിധ്യം ഇന്ത്യന്‍ ബൗളിംഗിന് ആത്മവിശ്വാസമേകുന്നു. ഏതു പേസ് ആക്രമണത്തെയും തച്ചുതകര്‍ക്കാന്‍ കെല്‍പ്പുള്ളവരാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍. അവര്‍ ഫോമിലെത്തിയാല്‍ പിന്നെ ടീമിനെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ല.

പാകിസ്ഥാനെതിരായ മല്‍സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും നേപ്പാളിനെതിരായ മല്‍സരത്തില്‍ ശക്തമായ തിരിച്ചുവരവാണ് രോഹിത് ശര്‍മയും ഗില്ലും നടത്തിയത്.

പുറത്താകാതെ അര്‍ധസെഞ്ചുറികളുമായി നിന്ന ഓപ്പണര്‍മാര്‍ ഫോം കണ്ടെത്തിയിട്ടുണ്ടെന്നത് ഇന്ത്യന്‍ ക്യാമ്പില്‍ ആശ്വാസമാണ്. 10 വിക്കറ്റിനു ജയിച്ച രണ്ടാം മല്‍സരത്തില്‍ മറ്റു ബാറ്റര്‍മാര്‍ക്ക് അവസരം ലഭിച്ചില്ല.

കണക്കുകള്‍ ഇങ്ങനെ!

ഇതുവരെ 14 മല്‍സരങ്ങളിലാണ് ഇരുടീമും ഏഷ്യാകപ്പില്‍ മാറ്റുരച്ചത്. ഇതില്‍ ഏഴു തവണ വിജയം ഇന്ത്യയുടെ കൈയില്‍ നിന്നപ്പോള്‍ അഞ്ചു മല്‍സരങ്ങളില്‍ പാകിസ്ഥാന്‍ വിജയിച്ചു. ഒരു മല്‍സരം ടൈയായി. കഴിഞ്ഞ മല്‍സരം മഴമൂലം മാറ്റി.

കഴിഞ്ഞ ഏഷ്യാകപ്പില്‍ പരസ്പരം ഏറ്റുമുട്ടിയ രണ്ടു തവണയും വിജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. ഈ രണ്ടു മല്‍സരത്തിലും അര്‍ധസെഞ്ചുറിയും സെഞ്ചുറിയും നേടിയ വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മ ഇന്ത്യയെ നയിക്കുമ്പോള്‍ ജയത്തില്‍ കുറഞ്ഞൊന്നും ഇന്ത്യ ചിന്തിക്കുന്നില്ല.

രണ്ടു വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ അനുഭവസമ്പത്തും സാന്നിധ്യവും ടീമിനു മുന്‍തൂക്കം നല്‍കുന്നുണ്ട്.

വിരാട് കോലിയുടെ ബാറ്റിംഗിലും ഇന്ത്യ പ്രതീക്ഷയര്‍പ്പിക്കുന്നു. പാകിസ്ഥാനെതിരെ മികച്ച ആവറേജും സ്‌ട്രൈക്ക് റേറ്റും കോലിക്കുണ്ട്. പാണ്ഡ്യ, ജഡേജ എന്നിവരുടെ ഓള്‍റൗണ്ട് മികവും ആദ്യ മല്‍സരത്തില്‍ മികച്ച ബാറ്റിംഗ് കാഴ്ചവെച്ച ഇഷാന്‍ കിഷനും ഇന്ത്യയ്ക്ക് പ്രതീക്ഷ ഉയര്‍ത്തുന്നു.

2014നു ശേഷം ഇതുവരെ ഏഷ്യാകപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്താന്‍ പാകിസ്ഥാനു സാധിച്ചിട്ടില്ല. അന്ന് അവസാന ഓവര്‍ വരെ നീണ്ട ആവേശപോരില്‍ ഷാഹിദ് അഫ്രീദിയുടെ ബാറ്റിംഗ് കരുത്തില്‍ ഒരു വിക്കറ്റിനായിരുന്നു പാകിസ്ഥാന്‍ വിജയം തട്ടിയെടുത്തത്. അതിനു ശേഷം ഇതുവരെ ഇന്ത്യ ഏഷ്യാകപ്പില്‍ പാകിസ്ഥാനു മുന്നില്‍ അടിയറവു പറഞ്ഞിട്ടില്ല.

അതേ സമയം, ഇന്നു ലോകക്രിക്കറ്റിലെ ഒന്നാം നമ്പര്‍ ടീമാണ് പാകിസ്ഥാന്‍. ബാബര്‍ അസം നയിക്കുന്ന ബാറ്റിംഗ് നിര ഏതു ലോകോത്തര ബോളര്‍മാരെയും തച്ചുതകര്‍ക്കാന്‍ കെല്‍പ്പുള്ളതാണ്. മികച്ച പേസ് നിരയും പാകിസ്ഥാനുണ്ട്. എന്തായാലും കണക്കിലെ കളികള്‍ പ്രകാരം ഇന്ന് ഇന്ത്യന്‍ ടീമിനാണ് മേല്‍ക്കോയ്മ. നല്ലൊരു പോരാട്ടം തന്നെ പ്രതീക്ഷിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.