സംസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് ഏകാധിപത്യം അനുവദിക്കില്ല; ഓർത്തഡോക്സ് സഭ

സംസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് ഏകാധിപത്യം അനുവദിക്കില്ല; ഓർത്തഡോക്സ് സഭ

കോട്ടയം: മുഖ്യമന്ത്രിയെ ശക്തമായി വിമർശിച്ച് ഓർത്തഡോക്സ് സഭ. മുഖ്യമന്ത്രിയുടേത് ഭരണകൂട ഫാസിസമാണെന്നും സംസ്ഥാനത്ത് കമ്മ്യൂണിസ്റ്റ് ഏകാധിപത്യം അനുവദിക്കില്ലെന്നും ഓർത്തഡോക്സ് സഭ. മുഖ്യമന്ത്രിയുടെ രാഷ്ട്രീയമറുപടികൾ‍ ലോക്കൽ പാർട്ടി ഓഫീസുകളിൽ മതിയെന്നും ഓർത്തഡോക്സ് സഭയോട് വേണ്ടാന്നും സഭാ മാധ്യമവിഭാഗം തലവൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു.

മലപ്പുറത്തു വച്ച് ഓർത്തഡോക്‌സ് സഭയുടെ വീഴ്ചകൾ എന്ന നിലയിൽ മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾ മുഴുവൻ വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്നും നിർഭാഗ്യകരമാണെന്ന് മാർ ദിയസ്കോറസ് പറഞ്ഞു. സുപ്രീംകോടതി വിധി നടപ്പാക്കാൻ ഭരണഘടനാപരമായ ചുമതലയുള്ള മുഖ്യമന്ത്രി ഒരു വിഭാഗത്തിന്റെ വക്താവായി സംസാരിക്കുന്നത് ഖേദകരമാണ്. അദ്ദേഹത്തിന്റെ പദവിക്കു നിരക്കാത്ത പക്ഷപാതമാണ് കാണിച്ചിരിക്കുന്നത്. ഒരുസഭയുടെ ആഭ്യന്തര പ്രശ്‌നങ്ങളിൽ ഇതരസഭകൾ ഇടപെടുന്ന ശൈലി ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. കേരള മുഖ്യമന്ത്രി അതിനും വഴിയൊരുക്കിയിരിക്കുന്നു. സഭാതർക്കം നിലനിർത്തി ലാഭം കൊയ്യാനുള്ള ശ്രമങ്ങൾ ഒറ്റക്കെട്ടായി ചെറുക്കും. മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ നീതിന്യായ വ്യവസ്ഥയോടുളള വെല്ലുവിളിയായി മാത്രമേ കാണാനാവു എന്നും മാർ ദിയസ്കോറസ് പറഞ്ഞു. 

മലപ്പുറത്ത് ഓർത്തഡോക്സ് വൈദികന്റെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടിയാണ് ഓർത്തഡോക്സ് സഭയെ ചൊടിപ്പിച്ചത്. പിണറായി വിജയനെ കാണുന്നത് നാടിന്റെ മുഖ്യമന്ത്രിയായിട്ടാണ്. ആ ബഹുമാനം കിട്ടണമെങ്കിൽ അതേരീതിയിൽ ഇടപെടണം. അവസരം കിട്ടിയാൽ ഏകാധിപത്യം നടത്തുന്നവരാണിവർ. അതിവിടെ നടക്കില്ല. മതവർഗീയതയെക്കാൾ ഭീകരമായ ഫാസിസമാണ് കേരളത്തിൽ നടത്തുന്നത്. അത് തിരുത്തിയിെല്ലങ്കിൽ ജനം തിരുത്തും. മുഖ്യമന്ത്രിയെ ആദരണീയനെന്ന് വിളിക്കുന്നത് പേടിച്ചിട്ടാണെന്ന് കരുതരുത്. മുഖ്യമന്ത്രി മലപ്പുറത്ത് നുണകൾ പറയുകയും വൈദികകുപ്പായത്തെ ചോദ്യംചെയ്യുകയുമായിരുന്നു. നീതിന്യായകോടതികൾ ശരിയെന്ന് പറഞ്ഞതിനെ ധിക്കരിച്ച് ഇടപെടാൻ ഓർത്തഡോക്സ് സഭ മുഖ്യമന്ത്രിയുടെ അടിമയല്ല. മുഖ്യമന്ത്രിക്ക് പറ്റിയ തെറ്റ് തിരുത്തുന്നതാണ് നല്ലത്. സഭ പള്ളി പിടിക്കാൻ പോയിട്ടില്ല. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി റവന്യൂ അധികാരികൾ പള്ളികൾ ഒഴിപ്പിച്ചെടുത്ത് നൽകിയതാണ്. അത് സർക്കാരിന്റെ ദാക്ഷിണ്യമല്ല. ആർക്കും പള്ളിയിൽ വരാം. എന്നാൽ ശുശ്രൂഷകൾ നടത്തണമെങ്കിൽ മലങ്കര മെത്രാപ്പൊലീത്തയുടെ അനുമതിപത്രമുണ്ടായിരിക്കണം.

പ്രധാനമന്ത്രി സഭയിലെ വഴക്ക് തീർക്കാൻ ഇടപെടുന്നതല്ല. എന്നാൽ സഭയുടെ ആശങ്കകൾ പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. രാജ്യതലസ്ഥാനം തിരുവനന്തപുരമാണെന്ന് ആർക്കെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കിൽ അത് മാറ്റണമെന്ന സന്ദേശമാണ് പ്രധാനമന്ത്രി നൽകിയത്. കോടതി തീരുമാനത്തെ ചർച്ചയിലൂടെ മറികടക്കാമെന്ന് വിചാരിക്കുന്നെങ്കിൽ അത് മോഹം മാത്രമാണെന്നും പ്രധാനമന്ത്രിയുമായുള്ള ചർച്ചയെ പരാമർശിച്ച് മാർ യൂലിയോസ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.