ബംഗളൂരു: ഓസ്‌ട്രേലിയയില്‍ ജനിച്ച് ദൈവഹിതത്താല്‍ ഇന്ത്യയിലെത്തി ആതുരസേവനത്തില്‍ പുതു ചരിത്രം കുറിച്ച സിസ്റ്റര്‍ ഡോ. മേരി ഗ്ലോവറിയുടെ നാമകരണ നടപടികള്‍ പുരോഗമിക്കുന്നു 2010ലാണ് ദൈവ ദാസിയായ സിസ്റ്റര്‍ മേരിയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള നാമകരണ നടപടികള്‍ ആരംഭിച്ചത്. ആതുരശുശ്രൂഷയിലൂടെ ക്രിസ്തുവിന്റെ സ്‌നേഹവും കരുണയും പങ്കുവെച്ച സിസ്റ്റര്‍ ഗ്ലോവറിയുടെ നാമകരണ നടപടികള്‍ ഓസ്‌ട്രേലിയയിലെയും ഇന്ത്യയിലെയും വിശ്വാസി സമൂഹത്തിന് ഏറെ പ്രതീക്ഷ പകരുന്നതാണ്.
1887-ല്‍ ഓസ്ട്രേലിയയിലെ വിക്‌ടോറിയ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മെല്‍ബണിന്റെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ബിറെഗെറ എന്ന സ്ഥലത്താണ് സിസ്റ്റര്‍ മേരി ഗ്ലോവറി ജനിച്ചത്. മേരിയുടെ പൂര്‍വികര്‍ ഐറിഷ് കുടിയേറ്റക്കാരായിരുന്നു. അടിയുറച്ച കത്തോലിക്കാ വിശ്വാസികളായിരുന്നു മേരിയുടെ മാതാപിതാക്കളും അഞ്ച് സഹോദരങ്ങളമടങ്ങുന്ന കുടുംബം.
പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന സിസ്റ്റര്‍ മേരി സൗത്ത് മെല്‍ബണ്‍ കോളജില്‍ സ്‌കോളര്‍ഷിപ്പോടെയാണ് പഠനം പൂര്‍ത്തീകരിച്ചത്. മെല്‍ബണ്‍ സര്‍വകലാശാലയില്‍ നിന്നും ആര്‍ട്ട്സ് വിഷയത്തില്‍ ബിരുദ പഠനം ആരംഭിച്ച ഗ്ലോവറി, പിതാവിന്റെ താല്‍പര്യപ്രകാരം വൈദ്യശാസ്ത്രം പഠിക്കാന്‍ തീരുമാനിച്ചു.
ഡോ. സിസ്റ്റര്‍ മേരി ഗ്ലോവറി ഗുണ്ടൂരില്‍ സേവനത്തില്‍ (1925-ലെ ചിത്രം)
1910-ല്‍ മേരി ഗ്ലോവറി എംബിബിഎസ് ബിരുദം നേടി. ശസ്ത്രക്രിയയിലും പ്രാവീണ്യം നേടി. ആ കാലഘട്ടത്തില്‍ ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയ ചുരുക്കം വനിതകളില്‍ ഒരാളായിരുന്നു മേരി. ന്യൂസിലന്‍ഡിലേക്ക് താമസം മാറിയ അവര്‍ രാജ്യത്തിന്റെ ചരിത്രത്തില്‍ പുറത്തും നിന്നും വന്ന ആദ്യത്തെ വനിത ഡോക്ടര്‍ എന്ന ബഹുമതിക്ക് അര്‍ഹയായി.
പിന്നീട് ഓസ്ട്രേലിയയിലേക്ക് മടങ്ങിയെത്തിയ മേരി ഗ്ലോവറി സിഡ്നിയിലും മെല്‍ബണിലും ഡോക്ടറായി സേവനം ചെയ്തു. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യപരിപാലനത്തിനായി പ്രത്യേക താല്‍പര്യം കാണിച്ചിരുന്ന അവര്‍ ക്യാമ്പര്‍വെല്ലില്‍ കുട്ടികള്‍ക്കായി ഒരു ക്ലിനിക്കും ആരംഭിച്ചു. കുട്ടികള്‍ക്കുള്ള ചികിത്സ ഇവിടെ സൗജന്യമായാണു നല്‍കിയിരുന്നത്.
ഡോ. സിസ്റ്റര്‍ മേരി ഗ്ലോവറി ഓസ്‌ട്രേലിയയില്‍ പഠനകാലത്ത്
വിക്ടോറിയ, വാഗ്ഗ എന്നീ സ്ഥലങ്ങളില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് കാത്തലിക് വുമണ്‍ ലീഗ് എന്ന സംഘടനയും അവര്‍ ആരംഭിച്ചു. ഗൈനക്കോളജി വിഭാഗത്തില്‍ തന്റെ ഉപരിപഠനം പൂര്‍ത്തിയാക്കിയ മേരി ഗ്ലോവറി 1919-ല്‍ എംഡിയും കരസ്ഥമാക്കി. ഈ സമയത്താണ് ഇന്ത്യയില്‍ ശിശു മരണ നിരക്ക് വളരെ ഉയര്‍ന്നതാണെന്ന പഠനം അവര്‍ വായിക്കുന്നത്. വൈദ്യശാസ്ത്ര രംഗത്ത് ഉന്നത ബിരുദങ്ങള്‍ കരസ്ഥമാക്കിയ മേരി ഗ്ലോവറി തന്റെ ജീവിതത്തെ ക്രിസ്തുവിനായി സമര്‍പ്പിക്കാനും ഭാരതത്തിലെ കുട്ടികളെ ശുശ്രൂഷിക്കാനും തീരുമാനിച്ചു.
1915 ഒക്ടോബറില്‍, ആഗ്‌നസ് മക്ലാരന്‍ എന്ന സ്‌കോട്ടിഷ് മിഷനറി ഡോക്ടറിന്റെ ജീവിതത്തെക്കുറിച്ചും ഇന്ത്യയില്‍ വനിതാ ഡോക്ടര്‍മാരുടെ ആവശ്യകതയെക്കുറിച്ചും മേരി ഗ്ലോവറി ഒരു ലഘുലേഖ വായിച്ചു. ഇതോടെ ഇന്ത്യയിലെ നിര്‍ധനരെ കേന്ദ്രീകരിച്ച് തന്റെ സേവനം വ്യാപിപ്പിക്കാന്‍ അവര്‍ തീരുമാനിച്ചുറപ്പിച്ചു.
1920 ജനുവരി 21-ന് ഗ്ലോവറി മെല്‍ബണ്‍ വിട്ടു. ഫെബ്രുവരി 12 ന് അവര്‍ ആന്ധ്രാ പ്രദേശിലെ ഗുണ്ടൂരില്‍ എത്തി. സൊസൈറ്റി ഓഫ് ജീസസ്, മേരി ആന്റ് ജോസഫ് എന്ന ഡച്ച് കോണ്‍ഗ്രിഗേഷനില്‍ മേരി ഗ്ലോവറി ചേര്‍ന്നു. ഭാരതത്തിലേക്ക് എത്തുന്ന ആദ്യത്തെ വനിത മിഷണറി ഡോക്ടര്‍ എന്ന ബഹുമതിയോടെ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ഇടയിലേക്ക് ഇറങ്ങിവന്ന് അവര്‍ പ്രവര്‍ത്തിച്ചു.
ഗുണ്ടൂരില്‍, സഹായം തേടിയവര്‍ക്കെല്ലാം, പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും, സിസ്റ്റര്‍ മേരി ആശ്രയമായി മാറി. അവരില്‍ ഒരാളാകാന്‍ അവര്‍ തെലങ്ക് ഭാഷ പഠിച്ചച്ചെടുത്തു.
'കാത്തലിക് ഹോസ്പ്പിറ്റല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ' എന്ന പേരില്‍ രാജ്യത്തെ ആരോഗ്യപരിപാലന മേഖലകളെ ശക്തിപ്പെടുത്തുന്നതിനുള്ള സംഘടനയും സിസ്റ്റര്‍ മേരി ഗ്ലോവറിയാണ് ആരംഭിച്ചത്. ആരോഗ്യരംഗത്ത് മികച്ച പരിശീലനം നല്‍കുന്നതിലും, കത്തോലിക്ക വിശ്വാസത്തില്‍ ജീവന് കല്‍പ്പിക്കുന്ന വിലയെന്താണെന്നും കാത്തലിക് ഹോസ്പ്പിറ്റല്‍ അസോസിയേഷന്‍ അവരുടെ പ്രവര്‍ത്തനത്തിലൂടെ കാണിച്ചു നല്‍കി. പ്രതിവര്‍ഷം 21 ദശലക്ഷത്തിലധികം ആളുകള്‍ക്ക്, പ്രത്യേകിച്ച് സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായവര്‍ക്ക് പരിചരണം നല്‍കുന്നു.
1957 മെയ് 5-നു ഭൂമിയിലെ തന്റെ ശുശ്രൂഷ അവസാനിപ്പിച്ച് സിസ്റ്റര്‍ മേരി ദൈവസന്നിധിയിലേക്ക് യാത്രയായി.
മരണത്തിനു മുന്‍പ് പതിറ്റാണ്ടുകളോം സിസ്റ്റര്‍ മേരി കത്തോലിക്കാ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിനായി പ്രയത്‌നിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. സിസ്റ്റര്‍ മേരിയുടെ മരണത്തിന് ആറു വര്‍ഷത്തിനു ശേഷം, ബംഗളൂരുവില്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് ആരംഭിച്ചു. ഈ വര്‍ഷം കോളജ് അതിന്റെ വജ്രജൂബിലി ആഘോഷിക്കുകയാണ്.
കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസയോട് പലപ്പോഴും ഉപമിക്കപ്പെട്ടിട്ടുള്ള വ്യക്തിയായ സിസ്റ്റര്‍ മേരി ഗ്ലോവറി തന്റെ സേവന പാതയുടെ നല്ലൊരു പങ്കും ഇന്ത്യയിലാണ് ചെലവിട്ടത്. മെല്‍ബണ്‍ അതിരൂപതയിലെ മേരി ഗ്ലോവറി മ്യൂസിയം സന്ദര്‍ശിക്കുന്ന ഓസ്ട്രേലിയക്കാര്‍ക്കും സിസ്റ്ററുടെ ജീവിതം ഒരു വലിയ പ്രചോദനമായി തുടരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.