കെ ഫോണ്‍ പദ്ധതി: 1,628.20 കോടി രൂപക്ക് ഭരണാനുമതി നല്‍കിയെന്ന് മുഖ്യമന്ത്രി

കെ ഫോണ്‍ പദ്ധതി: 1,628.20 കോടി രൂപക്ക് ഭരണാനുമതി നല്‍കിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെ ഫോണ്‍ പദ്ധതിയുടെ ഏഴു വര്‍ഷത്തെ നടത്തിപ്പും പരിപാലന ചിലവും ഉള്‍പ്പെടുത്തിയാണ് 1,628.20 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നല്‍കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കെ ഫോണ്‍ സംബന്ധിച്ച് റോജി എം. ജോണിന്റെ ആരോപണത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഒരു വര്‍ഷത്തെ പരിപാലന ചിലവായ 104 കോടി രൂപ നിരക്കില്‍ ഏഴു വര്‍ഷത്തെ പരിപാലന ചിലവ് 728 കോടി രൂപ വരുമെന്നിരിക്കെ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് ഇതിനായി 363 കോടി രൂപയാണ് ക്വാട്ട് ചെയ്തതെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു.

പദ്ധതി പരിപാലന ചിലവിനുള്ള തുക കെ-ഫോണിന്റെ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ നിന്നാണ് കണ്ടെത്തേണ്ടത്. കിഫ്ബി വായ്പയും നടത്തിപ്പു വരുമാനത്തില്‍ നിന്നും തിരിച്ചടയ്ക്കും. സംസ്ഥാന സര്‍ക്കാരിന് 500 കോടി രൂപയുടെ നഷ്ടമുണ്ടെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും യാതൊരു സാമ്പത്തിക ബാധ്യതയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ ഫോണ്‍ പദ്ധതിയുടെ നടത്തിപ്പ് ചുമതല നിര്‍വ്വഹിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിനാണ്. ബി.ഇ.എല്‍, റെയില്‍ ടെല്‍, എസ്.ആര്‍.ഐ.ടി, എല്‍.എസ് കേബിള്‍സ് എന്നിവയുടെ കണ്‍സോര്‍ഷ്യം മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.

പ്രാഥമിക സര്‍വ്വേ നടപടികളും വിശദമായ പദ്ധതി അവലോകനങ്ങളും നടത്തി ആവശ്യമായ അനുമതി ലഭ്യമാക്കിയ ശേഷം മാത്രമാണ് ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് അടങ്ങുന്ന കണ്‍സോര്‍ഷ്യവുമായി 2019 മാര്‍ച്ച് എട്ടിന് കരാര്‍ ഒപ്പിട്ടത്. സംസ്ഥാനത്തെ മുപ്പതിനായിരത്തിലധികം വരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിനുവേണ്ടി ഒപ്ടിക്കല്‍ നെറ്റ്‌വര്‍ക്ക് ശൃംഖല ഒരുക്കുന്നതിനാണ് കരാര്‍.

അടിസ്ഥാനസൗകര്യം ഉപയോഗപ്പെടുത്തി അടുത്ത ഘട്ടത്തില്‍ പ്രത്യേക ടെണ്ടര്‍ നടപടികളിലൂടെ പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ നിരക്കില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കണമെന്നും വ്യവസ്ഥ ചെയ്തു. സമയബന്ധിതമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും കൊവിഡ് വ്യാപനം പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ രണ്ടു വര്‍ഷത്തോളം പ്രതികൂലമായി ബാധിച്ചു.

ദേശീയപാതാ വികസന പ്രവര്‍ത്തനങ്ങളും റൈറ്റ് ഓഫ് വേ ലഭിക്കുന്നതിനുള്ള കാലതാമസവും മറ്റു സാങ്കേതിക തടസ്സങ്ങളും ഉണ്ടായെങ്കിലും കഴിഞ്ഞ രണ്ടു വര്‍ഷത്തിനകം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സാധ്യമായ ഇടങ്ങളില്‍ 97 ശതമാനം പൂര്‍ത്തീകരണം നടത്താനായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.