കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വീണ്ടും നിപ രോഗബാധ സ്ഥിരീകരിച്ചതോടെ അതിവ്യാപന ശേഷിയുള്ള വൈറസ് ബാധയെ പ്രതിരോധിക്കാന്‍ കര്‍ശന ജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാനം വീണ്ടും നിപ ഭീഷണിയിലാകുമ്പോള്‍ മുന്‍കരുതലുകള്‍ അനിവാര്യം.
എന്താണ് നിപ വൈറസ്?
1998 ല്‍ മലേഷ്യയിലെ കാംപുങ് സുഗാംയ് നിപ എന്ന സ്ഥലത്ത് ആദ്യമായി കണ്ടെത്തിയത് കൊണ്ടാണ് നിപ എന്ന പേരില്‍ ഈ വൈറസ് അറിയപ്പെടുന്നത്. ഹെനിപാ വൈറസ് ജനുസിലെ പാരമിക്‌സോ വിറിഡേ വിഭാഗത്തില്‍പ്പെട്ട ആര്‍.എന്‍.എ വൈറസുകളാണിത്. പഴവര്‍ഗങ്ങള്‍ ഭക്ഷിച്ചു ജീവിക്കുന്ന റ്റെറോപസ് ജനുസില്‍പെട്ട നാലുതരം വവ്വാലുകളാണ് നിപ വൈറസ് വാഹകര്‍.
വവ്വാലിന്റെ കാഷ്ഠം, മൂത്രം, ഉമിനീര്, ശുക്ലം എന്നീ സ്രവങ്ങളിലൂടെയാണ് വൈറസ് പുറത്തേക്ക് വ്യാപിക്കുന്നത്. മലേഷ്യയില്‍ വവ്വാലുകളില്‍ നിന്ന് പന്നികളിലേക്കും തുടര്‍ന്ന് മനുഷ്യരിലേക്കും രോഗം പടര്‍ന്നു.
പന്നികള്‍ക്ക് പുറമേ പട്ടി, കുതിര, പൂച്ച, ആട് തുടങ്ങിയ വളര്‍ത്തുമൃഗങ്ങളിലേക്ക് രോഗം പകരാവുന്നതാണ്. ഇവയില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നതെങ്കിലും സ്ഥിരീകരണമില്ല. മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്ക് മാത്രം പകര്‍ന്നിരുന്ന നിപ വൈറസ് ജനിതക മാറ്റം സംഭവിച്ചതു കൊണ്ടാവണം മനുഷ്യരിലേക്കും പിന്നീട് മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്കും പടരുന്നത്.
രോഗം പകരുന്നതെങ്ങനെ?
ലോകാരോഗ്യ സംഘടന സൂണോറ്റിക് ഡിസീസ് വിഭാഗത്തിലാണ് നിപയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗങ്ങളെയാണ് സൂണോറ്റിക് ഡിസീസ് എന്നുവിളിക്കുന്നത്. വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്കും പിന്നീട് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരുന്ന രോഗമാണ് നിപ.
രോഗിയുടെ ശരീര സ്രവങ്ങള്‍ വഴിയാണ് രോഗം പകരുന്നത്. തുമ്മുമ്പോഴും മറ്റും അന്തരീക്ഷത്തിലൂടെയും രോഗം പകരാം. തലച്ചോറിനെയും ഹൃദയത്തെയും മറ്റും ബാധിക്കുന്നതാണ് മരണകാരണമാകുന്നത്. പനി ആരംഭിച്ച് രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ രോഗം മൂര്‍ച്ഛിക്കുന്നത് ഈ രോഗത്തിന്റെ ഒരു സ്വഭാവമാണ്.
വൈറസ് ബാധയുള്ള മൃഗങ്ങളുമായി അടുത്തിടപഴകുന്നതോ പക്ഷി-മൃഗങ്ങള്‍ കടിച്ചുപേക്ഷിച്ച പഴങ്ങള്‍ കഴിക്കുന്നതിലൂടേയോ വൈറസുകള്‍ മനുഷ്യ ശരീരത്തിലെത്താം. വൈറസ് ശരീരത്തിനുള്ളിലെത്തിയാല്‍ അഞ്ച് മുതല്‍ പതിനാല് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങും.
കടുത്ത പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് പ്രധാനലക്ഷണങ്ങള്‍. ചുമ, വയറുവേദന, ഛര്‍ദി, ശ്വാസ തടസം എന്നിവയുമുണ്ടാകാം. സ്രവപരിശോധനകളിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. രക്തം മൂത്രം തൊണ്ടയില്‍ നിന്നുള്ള സ്രവം, വേണ്ടി വന്നാല്‍ നട്ടെല്ലില്‍ നിന്നും കുത്തിയെടുത്ത നീര് എന്നിവയാണ് പരിശോധനയ്ക്കായി അയക്കുന്നത്. നിപ രോഗം കാലാവസ്ഥയ്ക്കനുസരിച്ച് ചാക്രികമായി പ്രത്യക്ഷപ്പെടുന്ന ഒന്നാണെന്ന് ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുണ്ട്.
പഴംതീനി വവ്വാലുകള്‍ നിപ വൈറസിന്റെ സ്വാഭാവിക വാഹകരാണ്. വവ്വാലിന് നിപയെക്കൊണ്ട് ഉപദ്രവമൊന്നുമില്ല. പരസ്പര സഹവര്‍ത്തിത്വത്തോടെ കഴിയുന്നവരാണ് വവ്വാലും നിപയും. വവ്വാലില്ലെങ്കില്‍ നിപയ്ക്ക് നിലനില്പില്ല. അതുകൊണ്ടുതന്നെ വവ്വാലിനെ ഈ വൈറസ് ബാധിക്കുകയുമില്ല. ഡെങ്കി വൈറസും ഈഡിസ് കൊതുകും തമ്മിലും ഇതേ ബന്ധമാണ്.
മുന്‍കരുതലുകള്‍ എന്തെല്ലാം?
വവ്വാലുകള്‍ ഭക്ഷിച്ചുപേക്ഷിച്ച പഴവര്‍ഗങ്ങള്‍ കഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ വൈകാതെ വൈദ്യസഹായം തേടേണ്ടതാണ്.
വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യശരീരത്തിന്റെ ഉള്ളിലെത്തിയാല്‍ അസുഖം ഉണ്ടാകാം. ഇതിനുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. ഉദാഹരണമായി വവ്വാലുകള്‍ ധാരാളമുളള സ്ഥലങ്ങളില്‍ നിന്നും തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക. വവ്വാലുകള്‍ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ പോലുള്ള കായ് ഫലങ്ങള്‍ ഒഴിവാക്കുക.
രോഗിയുമായി സമ്പര്‍ക്കം ഉണ്ടായതിന് ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക. രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക. രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.വസ്ത്രങ്ങളും മറ്റും പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യുക.
ആരോഗ്യ പ്രവര്‍ത്തകരും ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്. രോഗ ലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുക. രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും മറ്റു ഇടപഴകലുകള്‍ നടത്തുമ്പോഴും കയ്യുറകളും മാസ്‌കും ധരിക്കുക.
മാസ്‌ക്, കൈയുറ ഗൗണ്‍ എന്നിവയൊക്കെ രോഗിയുമായി ഇടപഴകുമ്പോള്‍ ഉടനീളം ഉപയോഗിക്കേണ്ടതാണ്. ഇവ ഉപയോഗിച്ച ശേഷം അഴിക്കുമ്പോള്‍ വളരെയധികം ജാഗ്രതയും സുരക്ഷിതത്വവും പാലിക്കേണ്ടതാണ്. തീര്‍ത്തും സൂക്ഷ്മമായ വായുവിലെ കണങ്ങളില്‍ 95 ശതമാനവും ശ്വസിക്കുന്നത് തടയാന്‍ കഴിയുന്ന എന്‍-95 മാസ്‌കുകള്‍ രക്തവും സ്രവങ്ങളും ടെസ്റ്റിനായെടുക്കുമ്പോഴും ട്യൂബ് ഇടുന്നത് പോലുളള ഇടപെടല്‍ വേളയിലും നിര്‍ബന്ധമാണ്. കൈകള്‍ സോപ്പുപയോഗിച്ച് 20 സെക്കന്റെങ്കിലും വൃത്തിയായി കഴുകുക.
അണുനാശികാരികളായ ക്ലോറോഹെക്‌സിഡൈന്‍ അല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറുകള്‍ കൊണ്ട് ശുശ്രൂഷയ്ക്ക് ശേഷം കൈ കഴുകണം. ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പരമാവധി ഡിസ്‌പോസബിള്‍ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കില്‍ ശരിയായ രീതിയില്‍ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം.
ഓട്ടോക്ലേവ് ചെയ്യുക, ഗ്ലൂട്ടറാല്‍ഡിഹൈഡ് ഉപയോഗിക്കുക എന്നിവയാണ് അണു നശീകരണത്തിന് ഉപയോഗിക്കേണ്ടത്. ആശുപത്രികള്‍ക്കും പരിചരിക്കുന്നവര്‍ക്കും ഉള്ള പൊതുവായ അണുനശീകരണ മാര്‍ഗങ്ങള്‍ ആരോഗ്യ വകുപ്പ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.
2001 ലാണ് ഇന്ത്യയില്‍ ആദ്യമായി നിപ വൈറസ് സ്ഥിരീകരിക്കുന്നത്. ബംഗാളിലെ സിലിഗുഡിയില്‍ 71 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 50 പേര്‍ മരിച്ചു. 2007 ലും വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടു. 2007 ഏപ്രിലില്‍ ബംഗാളിലെ നാദിയ ജില്ലയിലെ ബെലെചുപാറയിലാണ് രോഗബാധ ആരംഭിച്ചത്. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് നാദിയ. അഞ്ച് പേര്‍ അജ്ഞാത രോഗം ബാധിച്ച് മരണപ്പെടുകയായിരുന്നു.
മരണപ്പെട്ടവരില്‍ ആദ്യത്തെയാള്‍ പ്രദേശത്തെ പനയില്‍ നിന്നുള്ള കള്ള് കുടിച്ചതായി പ്രദേശവാസികള്‍ പിന്നീട് പറഞ്ഞിട്ടുണ്ട്. അന്ന് 30 പേര്‍ക്കാണ് രോഗബാധയുണ്ടായത്. ബംഗ്ലാദേശിലും ബംഗാളിലെ നാദിയയിലും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പടര്‍ന്നിട്ടുണ്ട്. 1998 ന് ശേഷം നിപ വൈറസ് രോഗം വിവിധ രാജ്യങ്ങളിലായി അഞ്ഞൂറോളം പേരെ ബാധിച്ചു. ഇവരില്‍ 252 പേര്‍ മരിച്ചു.
2018 മെയ് അഞ്ചിനാണ് കേരളത്തില്‍ ആദ്യമായി നിപ വൈറസ് ബാധിച്ചുള്ള മരണം സ്ഥിരീകരിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രോഗബാധ സ്ഥിരീകരിച്ചവരില്‍ രണ്ട് പേരൊഴികെ പതിനേഴ് പേരും മരണത്തിന് കീഴടങ്ങി. ആദ്യമരണം നടന്നുകഴിഞ്ഞ് 12 ദിവസങ്ങള്‍ക്ക് ശേഷമാണ് അജ്ഞാതമായ ഒരു വൈറസിനെ കുറിച്ച് ആരോഗ്യ വകുപ്പിന് സംശയം ജനിക്കുന്നത്.
തുടര്‍ന്ന് നടന്ന വിദഗ്ധ പരിശോധനയില്‍ മെയ് 19 ന് മരണം നിപ വൈറസ് ബാധ മൂലമാണെന്ന് സ്ഥിരീകരിച്ചു. രോഗ നിര്‍ണയത്തിന് രണ്ടാഴ്ചയോളം വേണ്ടി വന്നെങ്കിലും പഴുതടച്ച പ്രതിരോധത്തിലൂടെ വൈറസിന്റെ അതിവ്യാപനം തടയാന്‍ സാധിച്ചു.
കോഴിക്കോട് പേരാമ്പ്രയിലെ ചങ്ങരോത്തായിരുന്നു വൈറസ് ബാധയുടെ ഉറവിടം. മെയ് അഞ്ചിന് പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയില്‍ വളച്ചുകെട്ടി വീട്ടില്‍ സാബിത്താണ് കേരളത്തില്‍ നിപ ബാധിച്ച് മരിച്ച ആദ്യരോഗിയെന്ന് കരുതുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു സാബിത്തിന്റെ മരണം.
മെയ് 18ന് സാബിത്തിന്റെ സഹോദരന്‍ സ്വാലിഹും കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നിപ പനി മൂലം മരണപ്പെട്ടു. സാബിത്തിനാണ് പഴം തീനി വവ്വാലുകളില്‍ നിന്നും ആദ്യമായി നിപ ബാധിച്ചതെന്നാണ് കരുതുന്നത്. സാലിഹ് മരണപ്പെട്ടതോടെയാണ് രോഗം സ്ഥിരീകരണ ഘട്ടത്തിലെത്തിയത്. ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ സാലിഹിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കുള്ള സംശയമാണ് വിദഗ്ധ പരിശോധനയിലേക്കെത്തിച്ചത്.
സാലിഹ് മരണപ്പെട്ടതിന് പിന്നാലെ പിതാവ് മൂസയും അവരുടെ സഹോദരി മറിയവും മരണപ്പെട്ടു. ദിവസങ്ങള്‍ക്കുള്ളില്‍ സാബിത്തിനെ ചികിത്സിച്ച ആരോഗ്യപ്രവര്‍ത്തക, പേരാമ്പ്ര ആശുപത്രിയിലെ നേഴ്സ് ലിനി പുതുശേരിയും നിപ ബാധിച്ച് മരിച്ചു. തുടര്‍ന്ന് രോഗികളുമായി പല രീതിയില്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ട പതിമൂന്ന് പേരാണ് രോഗം ബാധിച്ച് മരിച്ചത്.
ആദ്യ നിപ വൈറസ് ബാധയുടെ ഭീതിയൊഴിയുന്നതിന് മുന്‍പ് 2019 ല്‍ വീണ്ടും കേരളത്തില്‍ നിപ സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലെ പറവൂര്‍ സ്വദേശിയായ എഞ്ചിനീയറിങ് വിദ്യാര്‍ഥി ഗോകുല്‍ കൃഷ്ണയ്ക്കാണ് (23) രോഗം സ്ഥിരീകരിച്ചത്. 54 ദിവസം നീണ്ടുനിന്ന ചികിത്സയ്ക്ക് ശേഷമാണ് യുവാവ് രോഗമുക്തി നേടിയത്.
2021 ലാണ് കേരളത്തില്‍ മൂന്നാം തവണ നിപ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം മുന്നൂരില്‍ നിന്നുള്ള 12 വയസുകാരന്‍, മുഹമ്മദ് ഹിഷാന്‍ ആണ് വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ സെപ്റ്റംബര്‍ അഞ്ചിനായിരുന്നു മരണം.
മുന്‍കരുതലുകള്‍ സ്വീകരിച്ചതിനാല്‍ രോഗവ്യാപനം തടയാന്‍ സാധിച്ചു. രോഗം ബാധിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് കുട്ടി റമ്പൂട്ടാന്‍ കഴിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു. പഴത്തിലൂടെയാണ് വൈറസ് ബാധയുണ്ടായതെന്ന നിഗമനത്തിലായിരുന്നു ആരോഗ്യ വകുപ്പ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.