മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഒരാള്‍ നിപ നിരീക്ഷണത്തില്‍, സാമ്പിള്‍ പരിശോധനക്കയച്ചു; മലപ്പുറം ജില്ലയിലും നിയന്ത്രണം കടുപ്പിച്ചു

മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഒരാള്‍ നിപ നിരീക്ഷണത്തില്‍, സാമ്പിള്‍ പരിശോധനക്കയച്ചു; മലപ്പുറം ജില്ലയിലും നിയന്ത്രണം കടുപ്പിച്ചു

മലപ്പുറം: കോഴിക്കോട് ജില്ലയില്‍ വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനം ജാഗ്രത പുലര്‍ത്തണമെന്ന് മലപ്പുറം ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. നിലവില്‍ ജില്ലയില്‍ നിന്നുള്ള ആരും തന്നെ സമ്പര്‍ക്ക പട്ടികയില്‍ ഇല്ല. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പനിയും അപസ്മാര ലക്ഷണവും കാണിച്ച ഒരാളെ ഐസൊലേഷനില്‍ നിരീക്ഷിച്ചു വരികയാണ്. സമ്പര്‍ക്ക പട്ടികയില്‍ ഇല്ലെങ്കിലും ഇവരുടെ സാമ്പിള്‍ ശേഖരിച്ച് നിപ വൈറസ് പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും ആര്‍. രേണുക വ്യക്തമാക്കി.

ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി ജില്ല ദുരന്തനിവാരണ അതോറിറ്റി ജില്ല കളക്ടര്‍ വി.ആര്‍ പ്രേം കുമാറിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പ് മേധാവികളുടെ യോഗം ചേര്‍ന്നു. നിലവിലെ സാഹചര്യത്തെ നേരിടാനായി കര്‍മ്മ പദ്ധതിയും തയാറാക്കി.

യോഗത്തില്‍ ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പകള്‍, മഞ്ചേരി മെഡിക്കല്‍ കോളജ്, മൃഗസംരക്ഷണ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പ്, പൊലീസ്, ആയുഷ്, ഹോമിയോ, വനിതാ-ശിശു വികസന വകുപ്പ്, ഐ.സി.ഡി.എസ് തുടങ്ങിയവയുടെ വകുപ്പ് മേധാവികള്‍ പങ്കെടുത്തു.

നിപ രോഗ പ്രതിരോധ ഭാഗമായി ജില്ല മെഡിക്കല്‍ ഓഫിസില്‍ പ്രത്യേക നിപ കണ്‍ട്രോള്‍ സെല്‍ പ്രവര്‍ത്തനമാരംഭിച്ചു. രോഗ ലക്ഷണങ്ങളോ സമ്പര്‍ക്ക സാധ്യതയുള്ളവരോ സംശയനിവാരണത്തിനോ സെല്ലുമായി ബന്ധപ്പെടാം. കൂടാതെ അടിയന്തിര സാഹചര്യം നേരിടാനായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡുകളും ആരംഭിച്ചിട്ടുണ്ട്. 108 ആംബുലന്‍സ് സേവനങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. നിപ കണ്‍ട്രോള്‍ സെല്‍ ഫോണ്‍: 04832734066.

2018 ല്‍ മലപ്പുറത്ത് നിപ രോഗബാധയില്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് കര്‍ശന സുരക്ഷ നടപടികളാണ് ആരോഗ്യ വകുപ്പ് സ്വീകരിച്ചത്. 2021 സെപ്റ്റംബറില്‍ കോഴിക്കോട് ജില്ലയില്‍ 12 വയസുള്ള കുട്ടി നിപ ബാധിച്ച് മരിച്ചപ്പോഴും മലപ്പുറത്ത് ജാഗ്രത നിര്‍ദേശമുണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.