മരിച്ചിട്ടും വിടാതെ ഓണ്‍ലൈന്‍ വായ്പാ സംഘം; മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വീണ്ടും ബന്ധുക്കള്‍ക്ക് അയച്ചു

മരിച്ചിട്ടും വിടാതെ ഓണ്‍ലൈന്‍ വായ്പാ സംഘം; മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വീണ്ടും ബന്ധുക്കള്‍ക്ക് അയച്ചു

കൊച്ചി: കടമക്കുടിയില്‍ നാലംഗ കുടുംബം ജീവനൊടുക്കിയിട്ടും വിടാതെ ഓണ്‍ലൈന്‍ വായ്പാ സംഘം. മരണമടഞ്ഞ യുവാവിന്റെ മോര്‍ഫ് ചെയ്ത ചിത്രം ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്ത് പണമിടപാട് സംഘം ഭീഷണി തുടരുകയാണ്. നേരത്തെ യുവതിയുടെ ചിത്രവും മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചിരുന്നു.

വലിയ കടമക്കുടി മാടശേരി നിജോ (39), ഭാര്യ ശില്പ (32), മക്കളായ ഏബല്‍ (ഏഴ്), ആരോണ്‍ (അഞ്ച്) എന്നിവരെ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഓണ്‍ലൈന്‍ വഴിയുള്ള വായ്പാ സംഘത്തിന്റെ കെണിയില്‍ കുടുംബം അകപ്പെടുകയായിരുന്നു. എത്ര രൂപയാണ് വാങ്ങിയതെന്ന് കണ്ടെത്താനായിട്ടില്ല.

മാസം 9300 രൂപ വീതം ശില്പ തിരിച്ചടച്ചതായി വായ്പാ സംഘം അയച്ച സന്ദേശങ്ങളില്‍ വ്യക്തമാകുന്നുണ്ട്. ശില്പയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് തുക നല്‍കിയിരുന്നത്. ഇതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. തിരിച്ചടവ് മുടങ്ങിയതോടെ വായ്പ നല്‍കിയ ഓണ്‍ലൈന്‍ സംഘം ശില്പയ്ക്ക് ഭീഷണി സന്ദേശങ്ങള്‍ അയച്ചിരുന്നു. ഇത്തരം സന്ദേശങ്ങള്‍ ശില്പയുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ള അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊബൈല്‍ ഫോണില്‍ വാട്‌സാപ്പ് സന്ദേശമായും അയച്ചുകൊടുത്തിരുന്നു.

ഒരു സ്ത്രീയുടെ ഹിന്ദിയിലുള്ള ശബ്ദ സന്ദേശമാണ് ലഭിച്ചിട്ടുള്ളത്. എന്നാല്‍ ഹിന്ദി നന്നായി സംസാരിക്കാന്‍ അറിയാവുന്നവര്‍ സംസാരിക്കുന്ന രീതിയിലല്ല സംഭാഷണമെന്നാണ് സൂചന. നിങ്ങളുടെ തിരിച്ചടവ് മുടങ്ങിയെന്നും പണം ഉടന്‍ തിരിച്ചടച്ചില്ലെങ്കില്‍ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങളടക്കം അയച്ചു നല്‍കുമെന്നും ശബ്ദ സന്ദേശത്തിലുണ്ട്. സന്ദേശം ലഭിച്ചവരില്‍ പലരും ഇത് കാര്യമായെടുത്തിരുന്നില്ല. ഇവര്‍ ആത്മഹത്യ ചെയ്തതോടെയാണ് ഇതിന്റെ ഗൗരവം ബോദ്ധ്യമാകുന്നത്.

ശില്പയുടെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രത്തോടൊപ്പം നഗ്ന വീഡിയോയും ചൊവ്വാഴ്ച അയച്ചുനല്‍കുമെന്ന് തിങ്കളാഴ്ച വൈകിട്ടോടെ ഓണ്‍ലൈന്‍ വായ്പാ സംഘത്തിന്റെ സന്ദേശം ശില്പയുടെ വാട്‌സാപ്പില്‍ ലഭിച്ചിരുന്നു. ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പ് സംഘം അയച്ച മോര്‍ഫ് ചെയ്ത ശില്പയുടെ നഗ്ന ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും ലഭിച്ചിട്ടുണ്ട്. മോര്‍ഫ് ചെയ്ത ചിത്രങ്ങളും മറ്റും അയച്ചു നല്‍കുമെന്ന ഭീഷണി ഉയര്‍ന്നതോടെ ശില്പ മുന്‍കൈയെടുത്ത് കൂട്ട ആത്മഹത്യ ചെയ്തതാകാമെന്ന സംശയമാണ് നിജോയുടെ സുഹൃത്തുക്കളും നാട്ടുകാരും പങ്കുവയ്ക്കുന്നത്.

സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മുനമ്പം ഡി വൈ.എസ്.പി കെ.ജി അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.