ന്യൂഡല്‍ഹി: വാര്‍ത്തകള്‍ വളച്ചൊടിക്കുകയും വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്നാരോപിച്ച് നാല് ചാനലുകളെയും 11 അവതാരകരെയും ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി തീരുമാനിച്ചു. 
റിപബ്ലിക് ഭാരത്, ടൈംസ് നൗ, സുദര്‍ശന്‍ ന്യൂസ്, ദൂരദര്‍ശന്‍ എന്നീ ചാനലുകളെ ബഹിഷ്‌ക്കരിക്കും.  ഇതോടൊപ്പം മറ്റ് ചില ചാനലുകളിലെ അവതാരകരുടെ പരിപാടികളിലും മുന്നണിയുടെ പ്രതിനിധികള്‍ പങ്കെടുക്കില്ല.
മോഡി ഭരണകൂടത്തിനു വേണ്ടി വാര്‍ത്തകള്‍ പടച്ചുണ്ടാക്കുന്ന ഗോദി മീഡിയ എന്ന പേരില്‍ അറിയപ്പെടുന്ന മാധ്യമങ്ങളെയും ചാനല്‍ അവതാരകരെയും ബഹിഷ്‌ക്കരിക്കാനാണ് ഇന്ത്യ മുന്നണിയുടെ മാധ്യമ വിഭാഗത്തിന്റെ തീരുമാനം.
ആജ് തക്ക് എഡിറ്റര്‍ സുധീര്‍ ചൗധരി, റിപ്പബ്ലിക് ടിവിയുടെ അര്‍ണബ് ഗോസ്വാമി,  അമന്‍ ചോപ്ര, അമീഷ് ദേവ്ഗണ്‍, ആനന്ദ് നരസിംഹന്‍ (ന്യൂസ് 18), അതിഥി ത്യാഗി (ഭാരത് എക്സ്പ്രസ്), ചിത്ര തൃപാഠി (ആജ് തക്), റുബിക ലിയാഖത് (ഭാരത് 24), ഗൗരവ് സാവന്ത്, ശിവ് അരൂര്‍ (ഇന്ത്യ ടുഡേ), പ്രാച്ഛി പ്രശാര്‍ (ഇന്ത്യ ടി.വി), സുശാന്ത് സിന്‍ഹ (ടൈംസ് നൗ നവഭാരത്) എന്നിവരുടെ പരിപാടികള്‍ ബഹിഷ്‌ക്കരിക്കാനാണു തീരുമാനം. 
ബുധനാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന മുന്നണിയുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ 12 പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു. വാര്‍ത്തകളെ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുകയും പക്ഷപാതപരമായി അവതരിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് ബഹിഷ്‌ക്കരണ കാരണമായി ചൂണ്ടിക്കാട്ടുന്നത്. 
 തുടക്കത്തില്‍ ഏതാനും മാസത്തേക്കായിരിക്കും ബഹിഷ്‌ക്കരണം. ഇവരുടെ സമീപനത്തില്‍ മാറ്റമുണ്ടെങ്കില്‍ തീരുമാനം പുനപരിശോധിക്കും. ഒരു പുരോഗതിയുമില്ലെങ്കില്‍ ഇത്തരം ചാനലുകള്‍ക്ക് പരസ്യങ്ങള്‍ നിഷേധിക്കുന്നതടക്കമുള്ള തീരുമാനങ്ങളുമുണ്ടാകും. 
അതിനിടെ 2024 ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തെ നേരിടാന്‍ സീറ്റ് വിഭജന പ്രക്രിയക്ക് തുടക്കമിടാനും ജാതി സെന്‍സസ് തുറുപ്പ് ചീട്ടാക്കാനും ഡല്‍ഹിയില്‍ ചേര്‍ന്ന സഖ്യത്തിന്റെ പ്രഥമ ഏകോപന സമിതി യോഗം തീരുമാനിച്ചു. 
സംസ്ഥാന തലത്തിലായിരിക്കും സീറ്റ് വിഭജന ചര്‍ച്ച നടക്കുക. തര്‍ക്കങ്ങള്‍ ഉടലെടുത്താല്‍ ദേശീയ നേതൃത്വം ഇടപെട്ട് പരിഹാരമുണ്ടാക്കും. തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊതുറാലികള്‍ നടത്തും. മധ്യപ്രദേശിലെ ഭോപ്പാലില്‍ ഒക്ടോബറിലാണ് ആദ്യ റാലി. 
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.