ആകാശം കീഴടക്കിയ സുല്‍ത്താന്‍ അല്‍ നെയാദി തിങ്കളാഴ്ച യു.എ.ഇയിലെത്തും

ആകാശം കീഴടക്കിയ സുല്‍ത്താന്‍ അല്‍ നെയാദി തിങ്കളാഴ്ച യു.എ.ഇയിലെത്തും

ദുബായ്: ബഹിരാകാശത്തെ ചരിത്രദൗത്യത്തിന് ശേഷം യു.എ.ഇയുടെ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി തിങ്കളാഴ്ച നാട്ടില്‍ തിരിച്ചെത്തുമെന്ന് മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്റര്‍ അറിയിച്ചു. ആറു മാസത്തെ ബഹിരാകാശ ദൗത്യം പൂര്‍ത്തീകരിച്ച് സെപ്റ്റംബര്‍ നാലിന് അമേരിക്കയിലെ ഫ്‌ളോറിഡയില്‍ മടങ്ങിയെത്തിയ അദ്ദേഹം ആരോഗ്യം വീണ്ടെടുത്തിരുന്നു.

നിലവില്‍ ടെക്‌സസിലെ ഹൂസ്റ്റണില്‍ റിക്കവറി പരിപാടികളില്‍ പങ്കെടുക്കുകയാണ് നെയാദി. അറബ് ചരിത്രത്തിലെ ഏറ്റവും വലിയ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കിയാണ് നെയാദി ഭൂമിയില്‍ തിരിച്ചെത്തിയത്.

നാസ നടത്തിയ അഭിമുഖത്തില്‍ ബഹിരാകാശനിലയത്തിലെ വിശേഷങ്ങള്‍ നെയാദി പങ്കുവച്ചിരുന്നു. ബഹിരാകാശത്ത് നടന്ന ആദ്യ അറബ് പൗരന്‍ എന്ന റെക്കോര്‍ഡും നെയാദിക്ക് സ്വന്തമായി. ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശനിലയത്തില്‍ ചെലവഴിച്ച ആദ്യ അറബ് വംശജനാണ് അദ്ദേഹം. ചരിത്രനേട്ടത്തിനുശേഷം സ്വന്തം നാട്ടില്‍ തിരിച്ചെത്തുന്ന നെയാദിക്ക് വന്‍വരവേല്‍പ്പാണ് യുഎഇ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. രാഷ്ട്രനേതാക്കളെ സന്ദര്‍ശിക്കല്‍, പൊതുജനങ്ങളുമായുള്ള സംവാദം, ജന്മനാടായ അല്‍ ഐനില്‍ പ്രത്യേക സ്വീകരണം എന്നിവ നടക്കുമെന്നാണ് കരുതുന്നത്.

ഒരാഴ്ചയോളം മാതൃരാജ്യത്ത് ചെലവഴിക്കുമെന്നാണ് അധികൃതര്‍ നേരത്തെ വെളിപ്പെടുത്തിയത്. പിന്നീട് ശാസ്ത്രപരീക്ഷണങ്ങള്‍ തുടരുന്നതിന് ഹൂസ്റ്റണിലേക്ക് മടങ്ങും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.