നോബേല്‍ പുരസ്‌കാരത്തുക വര്‍ധിപ്പിച്ചു; ജേതാവിന് ലഭിക്കുക എട്ട് കോടിയിലധികം രൂപ

നോബേല്‍ പുരസ്‌കാരത്തുക വര്‍ധിപ്പിച്ചു; ജേതാവിന് ലഭിക്കുക എട്ട് കോടിയിലധികം രൂപ

സ്റ്റോക്‌ഹോം: ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാര ജേതാക്കള്‍ക്കുള്ള സമ്മാനത്തുകയില്‍ വന്‍ വര്‍ധന. ജേതാവിന് 74.5 ലക്ഷം രൂപ അധികം ലഭിക്കുമെന്ന് നൊബേല്‍ ഫൗണ്ടേഷന്‍ അറിയിച്ചു. അധിക തുകയുള്‍പ്പെടെ മൊത്തം 8.19 കോടി രൂപയായിരിക്കും സമ്മാനമായി ലഭിക്കുക. തുക ഉയര്‍ത്താനുള്ള സാമ്പത്തികശേഷിയുള്ളതുകൊണ്ടാണ് വര്‍ധിപ്പിക്കുന്നതെന്ന് നൊബേല്‍ ഫൗണ്ടേഷന്‍ അറിയിച്ചു.

1901-ല്‍ ആദ്യമായി നൊബേല്‍ പുരസ്‌കാരം ഏര്‍പ്പെടുത്തുമ്പോള്‍ ഒന്നരലക്ഷം സ്വീഡിഷ് ക്രോണറായിരുന്നു സമ്മാനത്തുക. 2013ല്‍ നൊബേല്‍ ഫൗണ്ടേഷന്റെ സാമ്പത്തിക സ്ഥിതി മോശം നിലയിലായിരുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ പുരസ്‌കാരത്തുക വെട്ടിക്കുറച്ചിരുന്നു.

കഴിഞ്ഞ ദശകത്തില്‍ സ്വീഡന്‍ കറന്‍സിയായ സ്വീഡിഷ് ക്രോണറുടെ മൂല്യം യൂറോപ്യന്‍ കറന്‍സിയായ യൂറോയ്ക്കെതിരെ 30 ശതമാനമായി ഇടിഞ്ഞിരുന്നു. അതുകൊണ്ട് സ്വീഡന് പുറത്തുള്ള യൂറോപ്യന്‍കാര്‍ക്ക് സമ്മാനത്തുകയിലെ വര്‍ധന നാമമാത്രമായിരിക്കും.

വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നൊബേല്‍ സമ്മാനം ഒക്ടോബര്‍ ആദ്യം പ്രഖ്യാപിക്കും. തുടര്‍ന്ന് ഫിസിക്സ്, കെമിസ്ട്രി, സാഹിത്യം, സമാധാനം എന്നിവയ്ക്കുള്ള സമ്മാനം അടുത്ത ദിവസങ്ങളിലായി പ്രഖ്യാപിക്കും. സ്വീഡിഷ് രസതന്ത്രജ്ഞന്‍ ആല്‍ഫ്രഡ് നൊബേലിന്റെ പേരിലുള്ള പുരസ്‌കാരം ഡിസംബര്‍ പത്തിനാണ് വിതരണം ചെയ്യുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.