പട്ടയഭൂമി ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടില്ലെന്ന് സൂചന; അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് ഒത്താശയെന്ന് രാജ്ഭവന്‍: നിയമോപദേശം തേടും

 പട്ടയഭൂമി ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടില്ലെന്ന് സൂചന; അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് ഒത്താശയെന്ന് രാജ്ഭവന്‍: നിയമോപദേശം തേടും

തിരുവനന്തപുരം: പട്ടയഭൂമിയിലെ എല്ലാ നിര്‍മ്മാണങ്ങളും ക്രമവത്കരിക്കാന്‍ നിയമസഭ പാസാക്കിയ ഭൂമി പതിച്ചുകൊടുക്കല്‍ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടില്ലെന്ന് സൂചന.

മൂന്നാറിലും മലയോര മേഖലകളിലുമുള്ള അനധികൃത നിര്‍മ്മാണങ്ങളിലേറെയും വാണിജ്യ സ്ഥാപനങ്ങളാണെന്നും വന്‍കിട നിര്‍മ്മാണങ്ങളും പാര്‍ട്ടി ഓഫീസുകളും സംരക്ഷിക്കാനുദ്ദേശിച്ചുള്ളതാണ് നിയമ ഭേദഗതിയെന്നുമാണ് രാജ്ഭവന്റെ വിലയിരുത്തല്‍. ബില്‍ രാജ്ഭവനിലെത്തിയാലുടന്‍ അതിന്മേല്‍ നിയമോപദേശം തേടും.

ഇത്തരം വിവാദ ബില്ലുകളിന്മേല്‍ നിയമോപദേശം തേടണമെന്ന് രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ക്ക് ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ജീവനോപാധിക്കായുള്ള ചെറിയ നിര്‍മ്മാണങ്ങള്‍ ക്രമവത്കരിക്കുന്നത് ആയിരക്കണക്കിന് സാധാരണക്കാര്‍ക്ക് ആശ്വാസമാകുമെന്നതുകൂടി പരിഗണിച്ചാവും ഗവര്‍ണറുടെ അന്തിമ തീരുമാനം. ഗവര്‍ണര്‍ ഒപ്പിടാതെ ബില്‍ നിയമമാവില്ല.

പട്ടയഭൂമിയിലെ വാണിജ്യ നിര്‍മ്മാണങ്ങള്‍ക്കെതിരെ സുപ്രീംകോടതിയടക്കം ശരിവച്ച നിയന്ത്രണങ്ങള്‍ മറികടക്കാനാണ് ബില്‍ കൊണ്ടുവന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. മൂന്നാറിലെ എട്ട് വില്ലേജുകളില്‍ മാത്രം 226 അനധികൃത നിര്‍മ്മാണങ്ങള്‍ ജില്ലാ ഭരണകൂടം കണ്ടെത്തി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇടുക്കി ദേവികുളം താലൂക്കിലെ പട്ടയ ഭൂമിയിലാണ് അനധികൃത നിര്‍മ്മാണങ്ങളേറെയും. ശാന്തന്‍പാറ, ഉടുമ്പന്‍ചോല, ബൈസന്‍വാലി എന്നിവിടങ്ങളിലെ സിപിഎം ഓഫീസ് നിര്‍മ്മാണം ഹൈക്കോടതി തടഞ്ഞിരുന്നു. ഈ ക്രമക്കേടുകളും ബില്ലിലൂടെ സാധൂകരിക്കപ്പെടും. പട്ടയ ഭൂമിയിലെ ക്വാറികള്‍, റിസോര്‍ട്ടുകള്‍ എന്നിവയെക്കുറിച്ച് ബില്ലില്‍ വ്യക്തതയില്ല.

1960 ലെ ഭൂപതിവു നിയമത്തിലാണ് ഭേദഗതി വരുത്തിയത്. ഇതനുസരിച്ച് ഭൂപതിവു നിയമത്തിന്റെ 1964 ലെയും 1993 ലെയും ചട്ടങ്ങളിലും മാറ്റം വരും. പുതിയ ചട്ടങ്ങള്‍കൂടി ഉണ്ടാക്കുന്നതോടെ മലയോര മേഖലകളിലെ പട്ടയഭൂമിയില്‍ ഇതുവരെ നടത്തിയ എല്ലാ നിര്‍മ്മാണ പ്രവൃത്തികള്‍ക്കും നിയമപരമായ അംഗീകാരം ലഭിക്കും.

അനുവദിക്കപ്പെട്ടതിനു പുറമേ മറ്റാവശ്യങ്ങള്‍ക്കായി നടത്തിയ നിര്‍മ്മാണങ്ങള്‍ ക്രമവത്ക്കരിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതിനും ഭേദഗതി ബില്ല് നിയമമാകുന്ന തീയതി വരെ ലഭിച്ചിട്ടുള്ള പട്ടയങ്ങളില്‍ ഉള്‍പ്പെട്ട ഭൂമി മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നതിനുമുള്ള രണ്ട് ഭേദഗതികളാണ് ബില്ലിലുള്ളത്. മൂന്നാറിലെ അനധികൃത നിര്‍മ്മാണങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നായിരുന്നു സര്‍ക്കാരിന്റെ മുന്‍നിലപാടെന്നും രാജ്ഭവന്‍ വിലയിരുത്തി.

നിയമസഭ പാസാക്കിയ 15 ബില്ലുകളാണ് ഗവര്‍ണര്‍ ഒപ്പിടാനുള്ളത്. ലോകായുക്ത നിയമ ഭേദഗതി, ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ ഒഴിവാക്കാനുള്ള ബില്‍ ഉള്‍പ്പെടെ തടഞ്ഞിരിക്കുകയാണ്. പി.എസ്.സി അംഗങ്ങളായി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത രണ്ടു പേരുടെയും മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനായി റിട്ടയേര്‍ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് മണികുമാറിന്റെയും നിയമനങ്ങളും ഗവര്‍ണര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.