തൊഴിലാളികൾ 'സ്പെയർ പാർട്ടുകൾ' അല്ല; ജോലിസ്ഥലത്ത് സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് തൊഴിലുടമയുടെ പ്രാഥമിക കടമ: ഫ്രാൻസിസ് മാർപാപ്പ

തൊഴിലാളികൾ 'സ്പെയർ പാർട്ടുകൾ' അല്ല; ജോലിസ്ഥലത്ത് സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് തൊഴിലുടമയുടെ പ്രാഥമിക കടമ: ഫ്രാൻസിസ് മാർപാപ്പ

ജോസ് വിൻ കാട്ടൂർ

വത്തിക്കാൻ സിറ്റി: തൊഴിലാളികൾക്ക് ജോലിസ്ഥലത്ത് മതിയായ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടത് തൊഴിലുടമയുടെ പ്രാഥമിക കടമയെന്ന് ഫ്രാൻസിസ് പാപ്പ. തൊഴിലാളികളെ 'സ്പെയർ പാർട്സ്' പോലെ പരിഗണിക്കുന്ന പ്രവണതയെ പാപ്പ ശക്തമായി അപലപിച്ചു. അതോടൊപ്പം, വിശുദ്ധ യൗസേപ്പിതാവിന്റെ സംരക്ഷണത്തിന് അവരെ ഭരമേൽപ്പിക്കുകയും ചെയ്തു.

തൊഴിലിടങ്ങളിൽ പരിക്കേൽക്കുകയും അംഗവൈകല്യം സംഭവിക്കുകയും ചെയ്തവർക്കുവേണ്ടിയുള്ള ഇറ്റലിയിലെ ദേശീയ അസോസിയേഷന്റെ (ANMIL) അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ. അസോസിയേഷന്റെ 80-ാം വാർഷികത്തോടനുബന്ധിച്ചാണ് അവർ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്.
ജോലിസ്ഥലങ്ങളിലെ സുരക്ഷാനടപടികൾ പ്രോത്സാഹിപ്പിക്കുന്നതിനും അപകടങ്ങളിൽപ്പെടുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും ആവശ്യമായ പിന്തുണ നൽകുന്നതിനുമുള്ള അസോസിയേഷന്റെ പരിശ്രമങ്ങളെ പാപ്പ അഭിനന്ദിച്ചു.

തൊഴിലാളികളോടുള്ള തൊഴിൽ ദാതാക്കളുടെ വലിയ ഉത്തരവാദിത്വത്തെ ഓർമിപ്പിച്ചുകൊണ്ട് പാപ്പാ ഇങ്ങനെ പറഞ്ഞു: ലാഭം മാത്രം കണക്കാക്കി തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നത് മനസ്സാക്ഷിക്ക് നിരക്കാത്ത കാര്യമാണ്. സ്വന്തം പ്രതിച്ഛായ നന്നാക്കാൻ വേണ്ടി മാത്രം തൊഴിലുടമകൾ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെയും പാപ്പ വിമർശിച്ചു.

തൊഴിലിടങ്ങളിലെ മരണങ്ങളും അപകടങ്ങളും

ഈ ആധുനിക ലോകത്തും തൊഴിലിടങ്ങളിൽ വളരെയധികം മരണങ്ങളും ദുരന്തങ്ങളും സംഭവിക്കുന്ന കാര്യം പാപ്പ വേദനയോടെ ഓർമിച്ചു. ജോലിസ്ഥലത്തെ അപകടങ്ങൾ ഒഴിവാക്കാൻ മെച്ചപ്പെട്ട നിയമങ്ങൾ നിർമ്മിക്കണം. തൊഴിലിടങ്ങളിൽവച്ച് അംഗവൈകല്യം സംഭവിക്കുന്നവരുടെ പുനരധിവാസത്തിനും നിയമങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. അതിലൂടെ അവരുടെ ക്ഷേമവും സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്തണം. സാധിക്കുന്നിടത്തോളം ആളുകൾക്ക് വീണ്ടും തൊഴിലവസരങ്ങൾ നൽകി അവരുടെ അന്തസ്സ് ഉയർത്തണം.

മെച്ചപ്പെട്ട സുരക്ഷാസംവിധാനങ്ങൾ ഒരുക്കാൻ നൂതന സാങ്കേതികവിദ്യകൾ ലഭ്യമായിട്ടും, ജോലിസ്ഥലത്ത് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന ദുരന്തങ്ങളെ ക്കുറിച്ചുള്ള തന്റെ ആശങ്ക പാപ്പ പങ്കുവച്ചു. അപകടങ്ങൾ തടയുന്നതിനായി പുതിയ സുരക്ഷാ നയങ്ങൾ പ്രാബല്യത്തിൽ വരുത്തണം. പ്രത്യേകിച്ച് സ്ത്രീകളുടെയും യുവജനങ്ങളുടെയും സുരക്ഷ പ്രാധാന്യമർഹിക്കുന്നു. ഇതിനായി പൊതുജനാവബോധം വളർത്തുന്നത് തുടരാൻ അസോസിയേഷൻ അംഗങ്ങളെ പാപ്പാ പ്രോത്സാഹിപ്പിച്ചു.

ഉൽപാദനക്ഷമത മാത്രം ലക്ഷ്യം വച്ച് മുന്നോട്ടുപോയാൽ, അത് മനുഷ്യനെ ഒരു ഉൽപ്പാദനയന്ത്രമാക്കി തരംതാഴ്ത്തുമെന്ന് പാപ്പ നിരീക്ഷിച്ചു. അപകടങ്ങൾ സംഭവിച്ചുകഴിയുമ്പോൾ മാത്രമല്ല നാം സുരക്ഷയെക്കുറിച്ച് ചിന്തിക്കേണ്ടത്. അതുപോലെ, ജോലിസ്ഥലത്തെ അപകടങ്ങൾ പതിവു സംഭവങ്ങളാണെന്ന് പറഞ്ഞ് അതിനോട് നിസ്സംഗത പുലർത്തുകയുമരുത് - പാപ്പ പറഞ്ഞു.

മനുഷ്യ ജീവനും ജീവിതവും ഒരിക്കലും പാഴാക്കി കളയാനുളളതല്ല. തൊഴിലിടങ്ങളിൽ സംഭവിക്കുന്ന അപകടമരണങ്ങളും സ്ഥായിയായ ശാരീരിക വൈകല്യങ്ങളും ഒരു വ്യക്തിയെയും കുടുംബത്തെയും മാത്രമല്ല ബാധിക്കുന്നത്, മറിച്ച് അത് എല്ലാവരെയും ബാധിക്കുന്ന ഒന്നാണ്. ഒരു സമൂഹത്തെയൊന്നാകെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടാൻ ചിലപ്പോൾ അത് ഇടവരുത്തിയേക്കാം. അതിനാൽ, ഉചിതമായ നിയമനിർമ്മാണം നടത്തുകയും അത് പ്രാബല്യത്തിൽ വരുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകത മാർപാപ്പ അവർത്തിച്ചുപറഞ്ഞു. ഇവയ്ക്കെല്ലാം പുറമേ ജോലി സ്ഥലത്ത് പുലർത്തേണ്ട സാഹോദര്യ മനോഭാവത്തെക്കുറിച്ചും പാപ്പ ഒർമ്മിപ്പിച്ചു.

കൂടുതൽ ലാഭമുണ്ടാക്കുക എന്നതിന്റെ പേരിൽ ഒരാളുടെ ഏകാഗ്രത നഷ്ടപ്പെടുന്ന വിധത്തിൽ ദീർഘസമയം ജോലി ചെയ്യാൻ നിർബന്ധിക്കുക, ഇൻഷുറൻസ് അല്ലെങ്കിൽ മറ്റു സുരക്ഷാ സംബന്ധമായ മുൻകരുതലുകൾ അനാവശ്യ ചെലവുകളും വരുമാനനഷ്ടവുമായി കണക്കാക്കി വേണ്ടെന്നു വയ്ക്കുക തുടങ്ങിയവയൊന്നും അംഗീകരിക്കാൻ കഴിയില്ല - പാപ്പ ഉദ്ബോധിപ്പിച്ചു.

ജോലിസ്ഥലത്തെ സുരക്ഷ തൊഴിലുടമയുടെ പ്രഥമ കടമ

ജോലിസ്ഥലത്ത് സുരക്ഷിതത്വം ഉറപ്പാക്കുക എന്നത് തൊഴിലുടമയുടെ 'പ്രാഥമിക കടമ' യാണെന്ന് മാർപ്പാപ്പ പറഞ്ഞു, സംരംഭകരോ നിയമനിർമ്മാതാക്കളോ സുരക്ഷിതത്വത്തിൽ ശ്രദ്ധ ചെലുത്തുന്നതിനു പകരം, ചില ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽ അവരുടെ മനസ്സാക്ഷി വെടിപ്പാക്കാൻ താൽപര്യപ്പെടുന്നതിനോട് പരിശുദ്ധ പിതാവ് വിയോജിപ്പ് പ്രകടിപ്പിച്ചു. പാപ്പ തുടർന്നു: തൊഴിലുടമകളുടെ മുൻഗണന, തൊഴിലാളികളെ സഹോദരീസഹോദരൻമാരായി കണ്ടു കൊണ്ട് അവരുടെ കാര്യത്തിൽ ശ്രദ്ധാലുക്കൾ ആയിരിക്കുക എന്നതായിരിക്കണം.

തൊഴിലാളികൾ 'സ്പെയർ പാർട്ടുകൾ' അല്ല

ചില തൊഴിലുടമകൾ തൊഴിലാളികളെ സ്പെയർ പാർട്ടുകൾ പോലെയാണ് പരിഗണിക്കുന്നത് എന്ന് മാർപ്പാപ്പ ചൂണ്ടിക്കാട്ടി. സാമ്പത്തിക താൽപര്യത്തെക്കാളുപരിയായി, ഓരോ വ്യക്തിയും സമൂഹത്തിന് വിലപ്പെട്ടതാണെന്ന അവബോധം ഓരോ തൊഴിലുടമയ്ക്കും ഉണ്ടാകണം. ആരെങ്കിലും വൈകല്യമോ പരിമിതികളോ ഉള്ളവരായി മാറിയാൽ അത് മുഴുവൻ സാമൂഹിക ഘടനയെയും ബാധിക്കുമെന്ന് പാപ്പ അടിവരയിട്ടു പറഞ്ഞു.

പരിശുദ്ധ കന്യകാമറിയത്തിന്റെയും തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെയും മാധ്യസ്ഥത്തിന് തൊഴിലാളികളെ ഭരമേൽപ്പിച്ച്, അവരുടെ പ്രാർത്ഥനകൾ അഭ്യർത്ഥിച്ചുകൊണ്ട്, പരിശുദ്ധ പിതാവ് അവരുമായുള്ള തന്റെ കൂടികാഴ്ച അവസാനിപ്പിച്ചു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26