'അണ്ണാമലൈ അതിരുവിടുന്നു'; ബിജെപിയുമായി യാതൊരു സഖ്യവുമില്ലെന്ന് എഐഎഡിഎംകെ: തമിഴ്‌നാട് എന്‍ഡിഎയില്‍ പ്രതിസന്ധി

  'അണ്ണാമലൈ അതിരുവിടുന്നു'; ബിജെപിയുമായി യാതൊരു സഖ്യവുമില്ലെന്ന് എഐഎഡിഎംകെ: തമിഴ്‌നാട് എന്‍ഡിഎയില്‍ പ്രതിസന്ധി

ചെന്നൈ: തമിഴ്‌നാട്ടില്‍ ബിജെപിക്ക് തിരിച്ചടിയായി എന്‍ഡിഎ സഖ്യത്തില്‍ വിള്ളല്‍. ബിജെപി-എഐഎഡിഎംകെ നേതാക്കള്‍ തുടരുന്ന വാക്‌പോര് പരിധി വിട്ടതോടെ ബിജെപിയുമായി യാതൊരു സഖ്യവുമില്ലെന്ന് അണ്ണാ ഡിഎംകെ. പ്രഖ്യാപിച്ചു.

ബിജെപിയുമായി തിരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കണോ എന്നതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് വേളയില്‍ തീരുമാനമെടുക്കുമെന്നും മുതിര്‍ന്ന എഐഎഡിഎംകെ നേതാവ് ഡി. ജയകുമാര്‍ വ്യക്തമാക്കി.

ദ്രാവിഡ പാര്‍ട്ടികളുടെ ആരാധ്യനായ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സി.എന്‍ അണ്ണാദുരൈയെ വിമര്‍ശിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈക്കെതിരെ ജയകുമാര്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. അന്തരിച്ച മുഖ്യമന്ത്രിയെ അപമാനിക്കുന്നത് തന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് ജയകുമാര്‍ പറഞ്ഞു.

മുന്‍മുഖ്യമന്ത്രി ജയലളിത അടക്കം എഐഎഡിഎംകെ നേതാക്കളെ വിമര്‍ശിച്ച അണ്ണാമലൈയെ, ബിജെപി നിയന്ത്രിക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു. എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കാന്‍ അണ്ണാമലൈ ആഗ്രഹിക്കുന്നില്ലെങ്കിലും ബിജെപി പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നുണ്ട്.

'ഞങ്ങളുടെ നേതാക്കള്‍ക്കെതിരായ നിങ്ങളുടെ വിമര്‍ശനങ്ങളെല്ലാം ഞങ്ങള്‍ സഹിക്കണോ?. ഞങ്ങള്‍ എന്തിന് നിങ്ങളെ ചുമക്കണം? നിങ്ങളുടെ വോട്ട് ബാങ്ക് എല്ലാവര്‍ക്കും അറിയാം. ബിജെപിക്ക് തമിഴ്നാട്ടില്‍ ചുവടുറപ്പിക്കാനാവില്ല. ഞങ്ങള്‍ കാരണമാണ് നിങ്ങള്‍ അറിയപ്പെടുന്നത്' - അണ്ണാമലൈക്കെതിരെ ജയകുമാര്‍ ആഞ്ഞടിച്ചു.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.