കൊച്ചി: കുവൈറ്റില്‍ താമസനിയമം ലംഘിച്ചു ജോലി ചെയ്‌തെന്ന് ആരോപിച്ച് 19 മലയാളി നഴ്‌സുമാര്‍ അടക്കം 30 ഇന്ത്യക്കാരെ ജയിലിലടച്ചു. കുവൈത്ത് മാനവശേഷി സമിതിയുടെ റെയ്ഡിലാണ് മലയാളികള്‍ ഉള്‍പ്പെടെ 60 പ്രവാസികള്‍ പിടിയിലായത്. മുലയൂട്ടുന്ന അമ്മമാരായ നാലു മലയാളി നഴ്‌സുമാരും അറസ്റ്റിലായവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത നാട്ടിലുള്ളവരുടെ ആശങ്ക വര്‍ധിപ്പിക്കുന്നു.
കുവൈത്തിലെ മാലിയയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലി നോക്കിയിരുന്ന 19 മലയാളി നഴ്‌സുമാരാണ് ആറു ദിവസമായി തടവില്‍ കഴിയുന്നത്. ലൈസന്‍സ് ഇല്ലാത്തവരും മതിയായ യോഗ്യത ഇല്ലാത്തവരുമാണ് അറസ്റ്റിലായതെന്നാണു കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. എന്നാല്‍, പിടിയിലായ മലയാളി നഴ്‌സുമാരെല്ലാം സ്ഥാപനത്തില്‍ നിയമാനുസൃതം ജോലി ചെയ്തിരുന്നവരാണെന്നു ബന്ധുക്കള്‍ പറയുന്നു.
എല്ലാവര്‍ക്കും കാലാവധിയുള്ള വിസയും സ്ഥാപനത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പും ഉണ്ട്. പലരും മൂന്നു മുതല്‍ 10 വര്‍ഷം വരെയായി ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുന്നവരാണ്. ഇന്ത്യയ്ക്കു പുറമേ ഫിലിപ്പീന്‍സ്, ഈജിപ്റ്റ്, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണു പിടിക്കപ്പെട്ടത്.
ഇറാന്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ആശുപത്രി. നല്ല രീതിയില്‍ നടന്നിരുന്ന ആശുപത്രിയില്‍ അടുത്തിടെ സ്‌പോണ്‍സറും ആശുപത്രിയുടെ ഉടമയും തമ്മിലുണ്ടായ തര്‍ക്കമാണ് അറസ്റ്റിലേക്കു നയിച്ചതെന്നാണു ബന്ധുക്കള്‍ക്കു ലഭിച്ച വിവരം.
അടൂര്‍ സ്വദേശിയായ ബിജോയുടെ ഭാര്യ ജസിനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. ഒരു മാസം മാത്രം പ്രായമായ മകള്‍ ഉള്‍പ്പെടെ രണ്ടു പെണ്‍മക്കളാണ് ദമ്പതികള്‍ക്കുള്ളത്. കുഞ്ഞു ജെഫിയമോള്‍ മുലപ്പാലിനായി കരയുമ്പോള്‍ അച്ഛന്‍ ബിജോയിയുടെ നെഞ്ചു പിടയുന്നുണ്ട്. മകളെ ജയിലിലെത്തിച്ചു മുലപ്പാല്‍ നല്‍കി മടക്കിക്കൊണ്ടുവരാന്‍ അനുമതി അധികൃതര്‍ നല്‍കിയിട്ടുണ്ട്. കുവൈത്തിലെ ഇന്ത്യന്‍ എംബസിയും കേന്ദ്ര മന്ത്രി വി.മുരളീധരനും ഇടപെട്ടതിനെ തുടര്‍ന്നാണു ജയിലില്‍ കുഞ്ഞുങ്ങള്‍ക്കു മുലയൂട്ടാന്‍ അവസരം ഒരുക്കിയത്.
പ്രസവാവധി കഴിഞ്ഞു തിരികെ ജോലിയില്‍ പ്രവേശിച്ച അന്നാണു ജെസിന്‍ അറസ്റ്റിലായത്. ജിലീബിലെ ഫ്‌ളാറ്റിലാണു ബിജോയിയും ജെസിനും രണ്ടു പെണ്‍മക്കളും താമസിക്കുന്നത്. ഇന്ത്യന്‍ എംബസിയും കേന്ദ്ര സര്‍ക്കാരും അടിയന്തരമായി ഇടപെട്ടു നഴ്‌സുമാരുടെ മോചനത്തിനുള്ള നടപടികള്‍ കൈക്കൊള്ളണം എന്നാണു ബിജോയ് ഉള്‍പ്പെടെ ബന്ധുക്കളുടെ ആവശ്യം.
മോചിപ്പിക്കാന്‍ നടപടികള്‍ പുരോഗമിക്കുന്നു: വി. മുരളീധരന്‍
ന്യൂഡല്‍ഹി: കുവൈത്തില്‍ അറസ്റ്റിലായ മലയാളികള്‍ ഉള്‍പ്പെട്ട നഴ്സുമാരുടെ സംഘത്തെ മോചിപ്പിക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ എംബസിയും അധികാരികളുമായി സംസാരിച്ചുവരുകയാണെന്നും കേന്ദ്രമന്ത്രി ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെയാണ് ആശുപത്രി പ്രവര്‍ത്തിച്ച് വന്നത്. ഇതേ തുടര്‍ന്നാണ് 19 മലയാളികള്‍ ഉള്‍പ്പെട്ട സംഘത്തെ തടവുകേന്ദ്രത്തിലേക്ക് മാറ്റിയത്.
ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും കൈക്കുഞ്ഞുങ്ങള്‍ ഉള്ളവര്‍ക്ക് അവരെ കാണാനും മുലയൂട്ടാനും ഉള്ള അനുമതി നല്‍കിയിട്ട് ഉണ്ടെന്നും മന്ത്രി വിശദീകരിച്ചു. താമസനിയമം ലംഘിച്ചു ജോലി ചെയ്തെന്ന പേരില്‍ പിടിക്കപ്പെട്ട 60 അംഗ സംഘത്തില്‍ 34 ഇന്ത്യക്കാര്‍ ആണുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v