തിരുവനന്തപുരം: യു.കെയില്‍ നഴ്‌സിങ് ജോലിക്കായി പോയവരെ വാഗ്ദാനം നല്‍കിയ ജോലി ലഭ്യമാക്കാതെ കബളിപ്പിച്ച കൊച്ചിയിലെ സ്വകാര്യ ഏജന്‍സിക്കെതിരെ അന്വേഷണം നടത്തുമെന്ന് നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍.
പ്രശ്‌ന പരിഹാരത്തിന് സാധ്യമായ എല്ലാ ഇടപെടലുകളും നടത്തി വരികയാണ്. ഇക്കാര്യത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും യു.കെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും നോര്‍ക്ക വകുപ്പ് വഴി കത്ത് നല്‍കിയിട്ടുണ്ട്.
ഒപ്പം ആരോപണം നേരിടുന്ന സ്വകാര്യ റിക്രൂട്ടിങ് ഏജന്‍സിക്കെതിരെ അന്വേഷണം നടത്താനും ആരോപണം ശരിയെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിച്ച് ഡിജിപിക്കും കത്തു നല്‍കി. വിഷയം മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
വിഷയം യു.കെയിലെ ലോകകേരള സഭാ അംഗങ്ങള്‍, കേരളീയ പ്രവാസി സംഘടനകള്‍ മറ്റ് ഏജന്‍സികള്‍ എന്നിവരുടെ ശ്രദ്ധയില്‍ കൊണ്ടു വന്നിട്ടുണ്ട്. ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങിയാണ് കൊച്ചിയിലെ സ്വകാര്യ ഏജന്‍സി ഇവരെ യു.കെയില്‍ എത്തിച്ചതെന്നാണ് മനസിലാകുന്നത്.
ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കേഷനുകള്‍ അനിവാര്യമില്ലെന്ന് ഉദ്യേഗാര്‍ത്ഥികളെ വിശ്വസിപ്പിച്ചാണ് ഇത്തരം തട്ടിപ്പുകളെന്നാണ് മാധ്യമ വാര്‍ത്തകളില്‍ നിന്നും വ്യക്തമാകുന്നത്.
കേരളത്തില്‍ നിന്നും യു.കെയുള്‍പ്പെടെയുളള രാജ്യങ്ങളിലേയ്ക്ക് വ്യവസ്ഥാപിതവും സുരക്ഷിതവുമായ തൊഴില്‍ കുടിയേറ്റം നേര്‍ക്ക റൂട്ട്‌സ് ഉള്‍പ്പെടെയുളള അംഗീകൃത ഏജന്‍സികള്‍ വഴി നടത്തി വരുന്നുണ്ട്. നഴ്‌സുമാര്‍ക്ക് നോര്‍ക്ക റൂട്ട്‌സ് വഴിയുളള യുകെ, ജര്‍മ്മനി റിക്രൂട്ട്‌മെന്റുകള്‍ പൂര്‍ണമായും സൗജന്യവുമാണ്.
വിദേശ ഭാഷാ പഠനത്തിന് നോര്‍ക്ക എന്‍ഐഎഫ്എല്‍ ഏവര്‍ക്കും പ്രാപ്യമാകുന്ന രീതിയില്‍ സൗജന്യ നിരക്കിയലാണ് പരിശീലനം നല്‍കി വരുന്നത്. ഒപ്പം സാമ്പത്തിക ബുദ്ധിമുട്ടുളളവര്‍ക്ക് മറ്റിടങ്ങളില്‍ പരിശീലനത്തിന് വായ്പാ പദ്ധതിയും നോര്‍ക്ക ആവിഷ്‌കരിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും ചതിക്കുഴികളില്‍ വീണുപോകരുതെന്നും പി. ശ്രീരാമകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു.
മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണാമായും പാലിച്ച് അംഗീകൃത ഏജന്‍സി വഴിയാണ് തൊഴില്‍ കുടിയേറ്റം നടത്തുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.