ലാംപെഡൂസ (ഇറ്റലി): യൂറോപ്പിലാകമാനമുള്ള അനധികൃത കുടിയേറ്റക്കാരുടെ ഒഴുക്ക് ഒരു വലിയ പ്രതിസന്ധിയാണെന്നും ഇറ്റലിക്കു മാത്രമായി അതു പരിഹരിക്കാന്‍ കഴിയില്ലെന്നും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലാനി. ആഫ്രിക്കയില്‍ നിന്നും കടല്‍ മാര്‍ഗമുള്ള അഭയാര്‍ത്ഥികളുടെ ഒഴുക്ക് തടയാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അഭയാര്‍ത്ഥിയാകാനുള്ള അപേക്ഷ തള്ളിയവരെ വേഗത്തില്‍ നാടുകടത്തണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
യൂറോപ്പിലെത്താന്‍ അഭയാര്‍ത്ഥികള്‍ പ്രധാനമായും ആശ്രയിക്കുന്ന സിസിലിയന്‍ ദ്വീപായ ലാംപെഡൂസയില്‍ സന്ദര്‍ശനത്തിനിടെയാണ് പ്രധാനമന്ത്രി, യൂറോപ്പ് നേരിടുന്ന വലിയ പ്രതിസന്ധിയെക്കുറിച്ച് വ്യക്തമാക്കിയത്. യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌നിനൊപ്പമായിരുന്നു മെലാനിയുടെ സന്ദര്‍ശനം.
'ദിനംപ്രതിയെന്നോണം എത്തുന്ന ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാര്‍ യൂറോപ്പിന്റെ ഭാവി തന്നെ അപകടത്തിലാക്കുകയാണ്' - പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞയാഴ്ച മൂന്നു ദിവസം കൊണ്ട് ലാംപെഡൂസയില്‍ മാത്രം ഏകദേശം 8,500 അനധികൃത കുടിയേറ്റക്കാരാണ് കടല്‍മാര്‍ഗം എത്തിയതെന്ന് യുഎന്‍ മൈഗ്രേഷന്‍ ഏജന്‍സിയുടെ കണക്കുകള്‍ പറയുന്നു. ഇപ്പോള്‍ ലാംപെഡൂസ ദ്വീപില്‍ ആകെയുള്ള ജനസംഖ്യയില്‍ കൂടുതല്‍ പേരാണ് മൂന്ന് ദിവസം കൊണ്ടെത്തിയത്. 6,000-മാണ് ഇവിടുത്തെ ജനസംഖ്യ.
ഇതേ തുടര്‍ന്നാണ് കുടിയേറ്റക്കാരെ സ്വീകരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ നയങ്ങളെക്കുറിച്ച് പുനരവലോകനം നടത്തണമെന്ന ആവശ്യവുമായി ജോര്‍ജിയ മെലാനി രംഗത്തെത്തിയത്. അനധികൃതമായി വരുന്ന കുടിയേറ്റക്കാരെ നേരിടേണ്ട ഉത്തരവാദിത്വം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഉത്തരവാദിത്ത വിഭജനത്തിലൂടെ പരിഹരിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.
വടക്കേ ആഫ്രിക്കയില്‍ നിന്നും ചെറുബോട്ടുകളില്‍ തിങ്ങിനിറഞ്ഞ് ജീവന്‍ പണയംവച്ചാണ് ഇറ്റലിയുടെ തെക്കേ അറ്റത്തുള്ള ദ്വീപില്‍ അഭയാര്‍ത്ഥികള്‍ എത്തിച്ചേരുന്നത്. അതിനിടെ കഴിഞ്ഞ ദിവസം അതിദാരുണമായ ഒരു സംഭവവുമുണ്ടായി. 40 അഭയാര്‍ത്ഥികളുമായി യാത്ര പുറപ്പെട്ട ബോട്ടില്‍നിന്ന്, ജനിച്ച് അധികം വൈകാതെ മരിച്ച കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. വടക്കേ ആഫ്രിക്കയില്‍ നിന്നുള്ള യാത്രയ്ക്കിടെയാണ് അമ്മ കുഞ്ഞിന് ജന്മം നല്‍കിയതെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം പിന്നീട് കുഞ്ഞു ശവപ്പെട്ടിയില്‍ ലാംപെഡൂസയിലെ ഒരു സെമിത്തേരിയില്‍ അടക്കം ചെയ്യുകയും ചെയ്തു. കഴിഞ്ഞയാഴ്ച രക്ഷാപ്രവര്‍ത്തനത്തിനിടെ അഞ്ചു മാസം പ്രായമുള്ള കുട്ടി മുങ്ങിമരിച്ച ദാരുണ സംഭവവും റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തിന്റെ രൂക്ഷത തിരിച്ചറിഞ്ഞ യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌നുമായി ചേര്‍ന്ന് നടത്തിയ പത്രസമ്മേളനത്തിലും, അനിയന്ത്രിതമായ കുടിയേറ്റത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ജോര്‍ജിയ മെലാനി പറഞ്ഞു. യൂറോപ്പിന്റെ മികച്ച ഭാവിയെ പോലും അപകടത്തിലാക്കും വിധമാണ് കുടിയേറ്റക്കാരുടെ അനിയന്ത്രിതമായ ഒഴുക്കെന്ന് അവര്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ പൊതുവായ പ്രതികരണം ആവശ്യമാണെന്നു പത്രസമ്മേളനത്തില്‍ യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു. കുടിയേറ്റക്കാരില്‍ ചിലരെ ഏറ്റെടുക്കാന്‍ യൂണിയനിലെ മറ്റ് അംഗങ്ങളോട് അവര്‍ ആഹ്വാനം ചെയ്തു. ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാര്‍ എത്തുന്ന ഇറ്റലിയുടെ സമ്മര്‍ദ്ദം ഒഴിവാക്കാന്‍ 'ആക്ഷന്‍ പ്ലാന്‍' തയ്യാറാക്കുമെന്നും അറിയിച്ചു.
400 പേര്‍ക്ക് താമസിക്കാന്‍ മാത്രം ശേഷിയുള്ള ലാംപെഡൂസ മൈഗ്രേഷന്‍ സെന്ററില്‍ 1,500 കുടിയേറ്റക്കാര്‍ തുടരുന്നുവെന്ന് സെന്റര്‍ നടത്തുന്ന ഇറ്റാലിയന്‍ റെഡ് ക്രോസ് വെളിപ്പെടുത്തി. വന്‍തോതിലുള്ള അനധികൃത കുടിയേറ്റക്കാരുടെ വരവില്‍ അതൃപ്തരായ പ്രദേശവാസികള്‍ പ്രതിഷേധത്തിലാണ്. ഇവിടുത്തെ കുടിയേറ്റ മാനേജ്മെന്റ് സംവിധാനം തന്നെ ആകെ അവതാളത്തിലാണ്.
ഈ വര്‍ഷം ഇതുവരെ 127,000 കുടിയേറ്റക്കാര്‍ ഇറ്റലിയുടെ തീരത്ത് എത്തിയിട്ടുണ്ട്, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലുണ്ടായതിന്റെ ഇരട്ടിയാണിത്. യുഎന്‍ മൈഗ്രേഷന്‍ ഏജന്‍സിയുടെ കണക്കനുസരിച്ച് വടക്കേ ആഫ്രിക്കയില്‍ നിന്ന് ഈ വര്‍ഷം ഇറ്റലിയിലേക്കും മാള്‍ട്ടയിലേക്കും വരുന്ന വഴിക്ക് തന്നെ രണ്ടായിരത്തിലധികം ആളുകള്‍ അപകടത്തില്‍പെട്ട് മരണപ്പെട്ടിട്ടുണ്ട്.
കൂടുതല്‍ വായനയ്ക്ക്:
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.