ന്യൂഡല്‍ഹി: ലോക്‌സഭയിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന വനിതാ സംവരണ ബില്‍ ലോക്‌സഭ പാസാക്കി. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യത്തെ ബില്ലായാണ് വനിതാ സംവരണ ബില്‍ എത്തിയത്. കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ രാം മേഘ്‌വാളാണ് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്. 454 എംപിമാര്‍ ബില്ലിനെ അനുകൂലിച്ചു. നിലവിലെ ബില്ലിനെ രണ്ട് എംപിമാര്‍ എതിര്‍ത്തു. ബില്‍ നാളെ രാജ്യസഭയിലെത്തും.
പാര്‍ലമെന്റില്‍ ബില്ലുമായി ബന്ധപ്പെട്ട് നടന്നത് എട്ട് മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയാണ്. ബില്‍ പാസാക്കിയാലും വര്‍ഷങ്ങള്‍ കഴിഞ്ഞ് മത്രമേ അതിന്റെ ഗുണഫലങ്ങള്‍ പ്രാവര്‍ത്തികമാകൂ എന്ന വിമര്‍ശനമാണ് പ്രതിപക്ഷം പ്രധാനമായും ഉന്നയിച്ചത്. എന്നാല്‍ ഇത് സര്‍ക്കാരിന്റെ ഏതെങ്കിലും വിധത്തിലുള്ള ഇടപെടല്‍ കൊണ്ടല്ല സംഭവിച്ചതെന്ന് മന്ത്രി മറുപടി പറഞ്ഞു. ഡിലിമിറ്റേഷന്‍ കമ്മിഷന്‍ ഭരണഘടനയ്ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ജനസംഖ്യ സെന്‍സസ് കഴിഞ്ഞാലേ ഇത് നടപ്പിലാക്കാന്‍ സാധിക്കൂ എന്നും നിയമമന്ത്രി ലോക്‌സഭയില്‍ വ്യക്തമാക്കി.
ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്ന് സീറ്റുകള്‍ വനിതകള്‍ക്ക് സംവരണം ചെയ്തുള്ള 128-ാം ഭരണഘടനാ ഭേദഗതി ബില്‍ ചൊവ്വാഴ്ചയാണ് ലോക്സഭയില്‍ അവതരിപ്പിച്ചത്. പാര്‍ലമെന്റിന്റെ പുതിയ മന്ദിരത്തില്‍ ആദ്യമായി ചേര്‍ന്ന ലോക്സഭയില്‍ 'നാരി ശക്തി വന്ദന്‍ അദിനിയം' എന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ബില്‍ പ്രഖ്യാപിച്ചത്.
അടുത്ത മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം മാത്രമായിരിക്കും വനിതാ സംവരണം നടപ്പാക്കുകയെന്നാണ് ബില്ലിലെ സുപ്രധാന വ്യവസ്ഥ. മണ്ഡല പുനര്‍നിര്‍ണയമാകട്ടെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലാത്ത, അടുത്ത സെന്‍സസിന്റെ അടിസ്ഥാനത്തില്‍ മാത്രമേ നടക്കൂ. അതുകൊണ്ടു തന്നെ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വനിത സംവരണമുണ്ടാകില്ല. വനിതാ സംവരണം ഉടന്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ലെന്നും അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീകളുടെ വോട്ട് മുന്നില്‍ കണ്ടുള്ള പുകമറ മാത്രമാണ് ബില്‍ എന്നും ആക്ഷേപം ഉയരുന്നുമുണ്ട്. മാത്രമല്ല കൂടിയാലോചനകള്‍ കൂടാതെ ബില്‍ കൊണ്ടുവന്നതില്‍ ബിജെപിയില്‍ ഒരു വിഭാഗം അതൃപ്തരാണ്.
ലോക്സഭയിലെയും നിയമസഭകളിലെയും മൂന്നിലൊന്ന് സീറ്റുകളില്‍ 15 വര്‍ഷത്തേക്കാണ് വനിതാ സംവരണമെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നു. സംവരണ കാലാവധി പാര്‍ലമെന്റിന് നിയമനിര്‍മാണത്തിലൂടെ നീട്ടാം. വനിതാ സംവരണമായി മാറിയ മണ്ഡലങ്ങള്‍ അടുത്ത മണ്ഡല പുനര്‍നിര്‍ണയം വരെ ആ നിലയില്‍ തുടരും. ഓരോ പുനര്‍നിര്‍ണയത്തിന് ശേഷവും സംവരണ മണ്ഡലങ്ങള്‍ ഊഴമിട്ട് മാറും.
എസ്‌സി, എസ്ടി മണ്ഡലങ്ങള്‍ക്കും വനിതാ സംവരണം ബാധകമാണ്. ഇതുംകൂടി ചേര്‍ത്താണ് മൂന്നിലൊന്ന് മണ്ഡലങ്ങള്‍ വനിതകള്‍ക്കായി മാറ്റി വയ്ക്കുക. ലോക്സഭയില്‍ എസ്‌സി, എസ്ടി സംവരണം ഉറപ്പാക്കുന്ന 330-ാം അനുച്ഛേദത്തില്‍ വനിതകള്‍ക്ക് കൂടി സംവരണം അനുവദിച്ചുള്ള 330എ(1), (2), (3) വ്യവസ്ഥകള്‍ ബില്ലില്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന നിയമസഭകളില്‍ എസ്‌സി, എസ്ടി സംവരണം ഉറപ്പാക്കുന്ന 332 അനുച്ഛേദത്തോടൊപ്പം എ(1), (2), (3) വ്യവസ്ഥകള്‍ കൂടി വനിതാ സംവരണത്തിനായി ഉള്‍ത്തിയിട്ടുണ്ട്. ലോക്സഭയിലെയും നിയമസഭകളിലെയും എസ്‌സി, എസ്ടി സംവരണത്തിന് നിശ്ചിത സമയപരിധി നിശ്ചയിച്ചുള്ള 334-ാം അനുച്ഛേദത്തില്‍ ഭേദഗതി വരുത്തിയാണ് വനിതാ സംവരണത്തിന് 15 വര്‍ഷത്തെ കാലാവധി, ആവശ്യമെങ്കില്‍ പാര്‍ലമെന്റിന് സംവരണം നീട്ടാം, മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം സംവരണം നിലവില്‍ വരും തുടങ്ങിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.