ടെഹ്‌റാന്‍: നിരവധി പേര്‍ കൊല്ലപ്പെട്ട ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളുടെ അലയടികള്‍ അവസാനിക്കും മുന്‍പേ കര്‍ശന വസ്ത്ര ധാരണ ചട്ടം ലംഘിക്കുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കഠിന തടവും പിഴയും ശിക്ഷ വിധിക്കുന്ന വിവാദ ബില്‍ പാസാക്കി ഇറാന്‍ പാര്‍ലമെന്റ്.
'ഉചിതമല്ലാത്ത' വസ്ത്രം ധരിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവുശിക്ഷ വിധിക്കുന്നതാണ് ഇറാന്‍ പാര്‍ലമെന്റ് പാസാക്കിയ ബില്ല്. വിചാരണ മൂന്ന് വര്‍ഷം വരെ നീളാമെന്നും ബില്ലില്‍ വ്യക്തമാക്കുന്നു.
ശരീഅത്ത് നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇറാനിയന്‍ നിയമ പ്രകാരം പ്രായപൂര്‍ത്തിയായ സ്ത്രീകളും പെണ്‍കുട്ടികളും ഹിജാബ് ഉപയോഗിച്ച് മുടി മറയ്ക്കുകയും അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുകയും വേണം.
ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് മത പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനിയുടെ മരണത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം വന്‍ സംഘര്‍ഷമായി മാറുകയും ഇറാന്‍ മത പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
നിയമ പ്രകാരമല്ലാത്ത വസ്ത്രം പൊതുസ്ഥലങ്ങളില്‍ ധരിക്കുന്നവര്‍ക്ക് പീനല്‍ കോഡ് അനുസരിച്ച് അഞ്ച് മുതല്‍ 10 വര്‍ഷം വരെ തടവും 180 ദശലക്ഷം മുതല്‍ 360 ദശലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷയും ലഭിക്കുമെന്ന് പുതിയ 'ഹിജാബ് സദാചാര' ബില്ലില്‍ പറയുന്നു.
സമൂഹ മാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും നഗ്‌നത പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും ഹിജാബിനെ പരിഹസിക്കുന്നവര്‍ക്കും ശിക്ഷ ബാധകമാണെന്ന് ബില്ലില്‍ പറയുന്നു. വനിതാ ഡ്രൈവര്‍മാരുള്ള വാഹനങ്ങളില്‍ അവരോ മറ്റ് യാത്രക്കാരോ ഉചിതമായ വസ്ത്രം ധരിച്ചില്ലെങ്കില്‍ വാഹനങ്ങളുടെ ഉടമകള്‍ക്ക് പിഴ ചുമത്തും.
സംഘടിതമായ രീതിയിലോ വിദേശ സര്‍ക്കാരുകളുടെയോ മാധ്യമങ്ങളുടെയോ ഗ്രൂപ്പുകളുടെയോ സംഘടനകളുടെയോ ഭാഗമായോ അവയുമായി സഹകരിച്ചോ ഡ്രസ് കോഡ് ലംഘിക്കുന്ന ആരെയും അഞ്ച് മുതല്‍ 10 വര്‍ഷം വരെ തടവിന് ശിക്ഷിക്കാം.
പുരോഹിതരുടെയും നിയമജ്ഞരുടെയും യാഥാസ്ഥിതിക സംഘടനയായ ഗാര്‍ഡിയന്‍ കൗണ്‍സിലിന്റെ അംഗീകാരത്തിനായി ബില്‍ അയയ്ക്കും. ഗാര്‍ഡിയന്‍ കൗണ്‍സിലിന്റെ അംഗീകാരം കൂടി ലഭിച്ചാല്‍ ബില്‍ നിയമമാകും. എന്നാല്‍ ബില്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും പൂര്‍ണമായും അടിച്ചമര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെ കൊണ്ടുവന്നതാണെന്ന് ആരോപിച്ച് എട്ട് സ്വതന്ത്ര യുഎന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തി.
നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാനുള്ള തീരുമാനം അടിച്ചമര്‍ത്തലിനുപരി അക്രമാസക്തമായ നടപ്പാക്കല്‍ രീതികളിലേക്ക് നയിച്ചേക്കാമെന്നും അവര്‍ പറയുന്നു. സാംസ്‌കാരികമായ അവകാശം, ലിംഗവിവേചന നിരോധനം, അഭിപ്രായ സ്വാതന്ത്ര്യം, സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം, സാമൂഹിക, വിദ്യാഭ്യാസ, ആരോഗ്യ സേവനങ്ങള്‍, സഞ്ചാര സ്വാതന്ത്ര്യം എന്നിവയുള്‍പ്പെടെയുള്ള മൗലികാവകാശങ്ങളും ബില്‍ ലംഘിക്കുന്നതായി അവര്‍ അഭിപ്രായപ്പെട്ടു.
ഒരു വര്‍ഷത്തിന് മുന്‍പ് ഇറാന്‍ ഭരണകൂടത്തിനെതിരെ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളില്‍ തെരുവിലിറങ്ങിയ സ്ത്രീകള്‍ ശിരോവസ്ത്രം അഴിക്കുകയും അവ കത്തിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ സുരക്ഷാ സേന നടത്തിയ അടിച്ചമര്‍ത്തല്‍ പിന്നീട് കലാപമായി മാറിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന തീവ്രമായ പ്രക്ഷോഭങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു.
പ്രക്ഷോഭങ്ങള്‍ ഒതുങ്ങിയതിന് ശേഷം, തെരുവുകളില്‍ നിരീക്ഷണ ക്യാമറകള്‍ ഘടിപ്പിക്കുകയും സദാചാര പോലീസിങ് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടു. എന്നാല്‍ ഇപ്പോള്‍ ശിരോവസ്ത്രം ധരിക്കുന്ന സ്ത്രീകളുടെ എണ്ണം രാജ്യത്ത് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.