പ്രവാസികൾക്ക് തിരിച്ചടി; ഇന്ത്യയിലേക്കുള്ള സർവീസ് പൂർണമായും റദ്ദാക്കി സലാം എയർ

പ്രവാസികൾക്ക് തിരിച്ചടി; ഇന്ത്യയിലേക്കുള്ള സർവീസ് പൂർണമായും റദ്ദാക്കി സലാം എയർ

മസ്കറ്റ്: ബജറ്റ് എയർലൈനായ സലാം എയർ ഒമാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള സർവീസുകൾ പൂർണമായും നിർത്തുന്നു. ഇത് സംബന്ധിച്ച സർക്കുലർ ട്രാവൽ ഏജൻസികൾക്ക് വിമാനകമ്പനി കൈമാറി. വിമാനങ്ങളുടെ ലഭ്യതക്കുറവ് മൂലമാണ് സർവീസ് നിർത്തുന്നതെന്ന് സലാം എയർ വ്യക്തമാക്കി. അടുത്ത മാസം ഒന്നു മുതൽ ഇന്ത്യയിലേക്കുളള സർവീസുകൾ നിർത്തുന്നു എന്നാണ് ഒമാൻ ബജറ്റ് എയർലൈനായ സലാം എയർ വിവിധ ട്രാവൽ ഏജൻസികൾക്ക് നൽകിയ സർക്കുലറിൽ പറയുന്നത്. ഒക്ടോബർ ഒന്ന് മുതലുളള ബുക്കിംഗ് സ്വീകരിക്കരുതെന്നാണ് നിർദേശം.

വെബ്‌സൈറ്റിൽ നിന്നും അടുത്ത മാസം മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാനുളള സൗകര്യവും നീക്കിയിട്ടുണ്ട്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത മുഴുവൻ യാത്രക്കാർക്കും പണം തിരികെ നൽകുമെന്ന് സലാം എയർ അധികൃതർ അറിയിച്ചു. ഇതിനായി വിമാനക്കമ്പനിയെയോ ടിക്കറ്റ് എടുത്ത ട്രാവൽ ഏജൻസികളേയോ സമീപിക്കാവുന്നതാണ്. ഇന്ത്യയിലേക്ക് വിമാനം അയക്കുന്നതിലെ പരിമിതി മൂലമാണ് സർവ്വീസ് നിർത്തുന്നതെന്ന് അധികൃതർ പറഞ്ഞു. എന്നാൽ എത്രകാലത്തേക്കാണ് സർവ്വീസ് നിർത്തുന്നത് എന്നത് സംബന്ധിച്ച് സലാം എയർ വ്യക്തമാക്കിയിട്ടില്ല.

തിരുവനന്തപുരം, കോഴിക്കോട്, ലഖ്‌നൗ, ജയ്പൂർ എന്നീ ഇന്ത്യൻ നഗരങ്ങളിലേക്കാണ് സലാം എയർ ഇപ്പോൾ സർവ്വീസ് നടത്തുന്നത്. മലയാളികൾ ഏറ്റവും കൂടുതൽ താമസിക്കുന്ന സലാലയിൽ നിന്നാണ് കോഴിക്കോട്ടേക്ക് സർവ്വീസ് നടത്തുന്നത്. അടുത്തമാസം ഒന്ന് മുതൽ മസ്‌കറ്റിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് വിമാന സർവ്വീസ് ആരംഭിക്കാനുളള തീരുമാനവും റദ്ദാക്കിയിട്ടുണ്ട്. നിരവധി പ്രവാസികളാണ് ബജറ്റ് എയർലൈനായ സലാം എയറിനെ ആശ്രയിച്ച് കഴിഞ്ഞിരുന്നത്. സലാം എയറിന്റെ പിൻമാറ്റം ടിക്കറ്റ് നിരക്ക് വർദ്ധനവിന് കാരണമാകുമെന്ന ആശങ്കയും നിലനിൽക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.