കൊച്ചി: സിനഡില്‍ പങ്കെടുക്കുന്ന പിതാക്കന്‍മാര്‍ക്കു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണം എന്ന ആഹ്വാനവുമായി മാര്‍ ആന്‍ഡ്രൂസ് താഴത്ത് എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികള്‍ക്കും വൈദികര്‍ക്കും സന്യസ്തര്‍ക്കുമായി ഇടയലേഖനം പുറപ്പെടുവിച്ചു. സീറോ മലബാര്‍ സഭയുടെ കുര്‍ബാന ക്രമം, കുരിശിന്റെ വഴിയും ജപമാലയും നിര്‍ത്തലാക്കുമെന്നുള്ള തെറ്റായ പ്രചാരണത്തെ സംബന്ധിച്ചും ഇടയലേഖനത്തില്‍ പ്രത്യേകം പ്രതിപാദിക്കുന്നു.
സാര്‍വ്രതിക സഭയിലെ മ്മെത്രാന്മാരുടെ സിനഡിന്റെ ഒന്നാം ഭാഗം 2023 ഒക്ടോബര്‍ നാലാം തീയതി മുതല്‍ 29-ാം തീയതി വരെ റോമില്‍ നടക്കുകയാണ്. അതിന് ഒരുക്കമായി സെപ്റ്റംബര്‍ മുപ്പത് മുതല്‍ സിനഡ് പിതാക്കന്മാര്‍ ധ്യാനത്തിലേയ്ക്ക് പ്രവേശിക്കും. ഈ അവസരത്തില്‍ മ്മെത്രാന്മാരുടെ സിനഡിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും സിനഡിനു വേണ്ടിയുള്ള കാര്യാലയത്തിന്റെ സെക്രട്ടറി ജനറല്‍ കര്‍ദിനാള്‍ മാരിയോ ഗ്രെക്കും ആവശ്യപ്പെട്ടിരിക്കുകയാണ്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറയുന്നത് പ്രാര്‍ത്ഥനയില്ലെങ്കില്‍ സിനഡ് ഉണ്ടാകില്ലെന്നാണ്.
സീറോ മലബാര്‍ സഭയില്‍ നിന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയും മാര്‍ ജോസഫ് പാംപ്ലാനിയും മാര്‍ ആന്‍ഡ്രൂസ് താഴത്തും ഈ സിനഡില്‍ പങ്കെടുക്കുന്നുണ്ട്. ആ അഴസരത്തില്‍ വിശ്വാസ സമൂഹത്തിന്റെ പ്രാര്‍ത്ഥന പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നുവെന്ന് സര്‍ക്കൂലറില്‍ ആവശ്യപ്പെടുന്നു.
യേശു മൂലക്കല്ലും അപ്പസ്‌തോലന്മാര്‍ അടിത്തറയുമായി പരിശുദ്ധാത്മാവിനാല്‍ പണിയപ്പെട്ട ഭവനമായ സഭയിലെ അംഗങ്ങളായ ദൈവജനമായ നാം, യേശുവിനോട് ചേര്‍ന്ന് ഒരുമിച്ച് നടക്കാനുള്ള ക്ഷണമായിട്ടാണ് സിനഡിനെ വിഭാവനം ചെയ്തിരിക്കുന്നത്. യേശുക്രിസ്തുവിന്റെ സഭ ആത്യന്തികമായി ദൈവജനത്തിന്റെ കൂട്ടായ്മയാണ്. ദൈവജനകൂട്ടായ്മയായ സഭയിലെ അംഗങ്ങളായ നാം യേശുവിന്റെ അവയവങ്ങളും ശിഖരങ്ങളും അജഗണവും ഭവനവും മണവാട്ടിയുമാണ്. സഭയെ നയിക്കുന്നത് പരിശുദ്ധാത്മാവാണ്. പ്രേഷിത ദാത്യവുമായിട്ടാണ് സഭ സ്ഥാപിതമായിരിക്കുന്നത്.
ആദിമ സഭയില്‍ ക്രിസ്ത്യാനികളുടെ ഇടയില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായപ്പോള്‍ അവര്‍ പത്രോസിന്റെ നേതൃത്വത്തിലുള്ള അപ്പസ്‌തോല സമൂഹത്തെ സമീപിച്ചു. അവര്‍ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ പങ്കുവച്ചെങ്കിലും പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ടാണ് തീരുമാനത്തില്‍ എത്തിയത്. ഈ തീരുമാനം പത്രോസിന്റെ നേതൃത്വത്തിലുള്ള അപ്പസ്തോല സമൂഹം പ്രഖ്യാപിച്ചപ്പോള്‍ അത് സഭാംഗങ്ങള്‍ മുഴുവന്‍ സ്വീകരിച്ചു.
നമ്മുടെ സഭയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണരീതിയെകുറിച്ചും മറ്റും ഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കപ്പടുന്നുണ്ടെങ്കിലും പത്രോസിന്റെയും അപ്പസ്‌തോലന്മാരുടെയും പിന്‍ഗാമികള്‍ പരിശുദ്ധാന്മാവിനാല്‍ നയിക്കപ്പട്ട് എടുക്കുന്ന തീരുമാനം സഭാംഗങ്ങള്‍ എല്ലാവരും ആദ്യയന്തികമായി സ്വീകരിക്കണം. മൂലക്കല്ലായ ക്രിസ്തുവിനോടും അടിത്തറയായ പത്രോസിന്റെ നേതൃത്വത്തിലുള്ള അപ്പസ്‌തോലന്മാരോടും അവരുടെ പിന്‍ഗാമികളായ മാര്‍പാപ്പയോടും മ്മെതാന്മാരോടും കൂട്ടായ്മയില്‍ നില്‍ക്കുന്നില്ലെങ്കില്‍ സഭയാകുന്ന ഭവനം ദുര്‍ബലമാകും. നമ്മുടെയിടയില്‍ വിഭജനങ്ങള്‍ ഉണ്ടാകുമ്പോള്‍ സഭയാകുന്ന ക്രിസ്തുവിന്റെ ഭവനം തന്നെയാണ് ബലഹീനമാകുന്നത്. സഭയെ നശിപ്പിക്കാന്‍ സഭാ ശ്രതുക്കള്‍ ശ്രമിക്കുന്നതിനെതിരേ നാം ജാഗരുകരായിരിക്കേണ്ടതാണ്.
അതിനാല്‍ ഇന്ന് നമ്മുടെ അതിരൂപതയിലെ വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതിയേക്കുറിച്ചുള്ള തര്‍ക്കത്തില്‍ മാര്‍പാപ്പയുടെയും അദേഹത്തിന്റെ പ്രതിനിധികളുടെയും സഭാ സമൂഹത്തിന്റെയും ഒപ്പം നടക്കാനും അതുവഴി കത്തോലിക്കാ സഭാ കൂട്ടായ്മയെ ശക്തിപ്പെടുത്താനും ഒരിക്കല്‍ കൂടി ഏവരോടും ആഹ്വാനം ചെയ്യുന്നുവെന്ന് സര്‍ക്കുലറില്‍ പറയുന്നു.
ക്രിസ്തു നമുക്ക് നല്‍കിയ പ്രേഷിതദാത്യം തുടരാന്‍ ഈ സാക്ഷ്യം അത്യന്താപേക്ഷിതമാണ്. പരിശുദ്ധ ത്രിത്വത്തിലെ ഐക്യമാണ് മാതൃക. വിവിധ സ്വയാധികാര സഭകളുടെ കൂട്ടായ്മയായ കത്തോലിക്കാ സഭയില്‍ നാനാത്വത്തില്‍ ഏകത്വമാണ് നാം കാണുന്നത്. സഭയിലും അതിന്റെ കുദാശകളിലും മറ്റും അടിസ്ഥാന ഘടകങ്ങളും വൈവിധ്യങ്ങളുള്ള ഘടകങ്ങളുമുണ്ട്. കത്തോലിക്കാ സഭയിലെ വിശ്വാസം, ധാര്‍മികത, അധികാര ശ്രേണി എന്നിവ അടിസ്ഥാനപരമായി ഒന്ന് മാത്രമാണ്.
അതേസമയം അടിസ്ഥാന ഘടനയില്‍ ഐക്യ രൂപം അത്യാവശ്യമാണ്. യേശുവില്‍ നിന്ന് അപ്പസ്‌തോലന്മാരിലൂടെ കൈമാറി തലമുറകളായി നമുക്ക് ലഭിച്ചതാണ് കുര്‍ബാന അര്‍പ്പണം. സഭാ നിയമം വ്യക്തമായി അനുശാസിക്കുന്നതുപോലെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് മെത്രാന്മാരുടെ സിനഡും മാര്‍പാപ്പയുമാണ്. എല്ലാ സഭാംഗങ്ങളും ഈ തീരുമാനം സ്വീകരിക്കാന്‍ ബാധ്യസ്ഥരുമാണ്.
സീറോ മലബാര്‍ സഭയുടെ തനതായ പൈതൃകവും കാലോചിതമായ അനുരൂപണവും കണക്കിലെടുത്ത് ഓദ്യോഗികമായി പരിഷ്‌കരിച്ച കുര്‍ബാനയര്‍പ്പണ രീതിയില്‍, യേശു ജനങ്ങളെ പഠിപ്പിച്ചതിന്റെ മാതൃകയില്‍ വചന ശുശ്രുഷയുടെ ഭാഗത്ത് കാര്‍മികന്‍ ജനങ്ങളെ അഭിമുഖീകരിച്ച് നില്‍ക്കുന്നു. എന്നാല്‍ ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായി മനുഷ്യ വര്‍ഗത്തിന്റെ രക്ഷയ്ക്കായി യേശു തന്നെത്തന്നെ പിതാവിന് ബലിയായി അര്‍പ്പിച്ചതിന്റെ (സമര്‍പ്പണം = കുര്‍ബാന) അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യത്തിലുള്ള ഓര്‍മ്മയാചരണമായ സ്‌തോത്ര ബലിയര്‍പ്പണ ഭാഗത്ത് യേശുവിന്റെ പ്രതിനിധിയായ കാര്‍മികനും ജനങ്ങളും ഒരേ ദിശയില്‍ പിതാവിലേക്ക് (സ്വര്‍ഗത്തിലേക്ക് / അള്‍ത്താരയിലേക്ക്) അഭിമുഖമായി നില്‍ക്കുന്നു.
ബലിയര്‍പ്പണത്തിനും കുര്‍ബാന സ്വീകരണത്തിനും ശേഷം പ്രേഷിത ദൗാത്യവുമായി വിശുദ്ധ കുരിശിന്റെ അടയാളത്തില്‍ മുദ്രവെച്ച അയക്കുന്ന സമാപന ഭാഗത്ത് കാര്‍മികന്‍ വീണ്ടും ജനാഭിമുഖമായി നില്‍ക്കുന്നു. സഭ ഔദ്യോഗികമായി അംഗീകരിച്ച ഈ അടിസ്ഥാന ക്രമം എല്ലാവരും സ്വീകരിച്ച് നമ്മുടെ കൂട്ടായ്മ കാത്തുസൂക്ഷിക്കാന്‍ ഏവരോടും ആഹ്വാനം ചെയ്യുന്നതായി എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. .
അതേസമയം 2022 സെപ്റ്റംബറിലെ സര്‍ക്കുലറില്‍ സൂചിപ്പിച്ചിരിക്കുന്നതുപോലെ രൂപതകള്‍ക്ക് സ്വീകരിക്കാവുന്ന അനുവദിക്കപ്പെട്ട വൈവിധ്യങ്ങള്‍ നമുക്ക് തുടരാവുന്നതാണ്. ഉദാഹരണമായി മദ്ബഹവിരി നാം ഉപയോഗിക്കുന്നില്ല. കുരിശു വരച്ച് നമുക്ക് കുര്‍ബാന ആരംഭിക്കാവുന്നതാണ്. കാര്‍മ്മികന്‍ അനുവദിച്ചിട്ടുളള ഐശ്ചികങ്ങള്‍ തുടര്‍ന്നും നിലനില്‍ക്കുന്നു. ഇതുമായി ബന്ധപ്പെട്ട് വളരെയേറെ തെറ്റായ പ്രചരണങ്ങള്‍ ഇന്ന് നടക്കുന്നുണ്ട്. അതിനെതിരെ നമുക്ക് നിതാന്ത ജാഗ്രത ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ജപമാല, കുരിശിന്റെ വഴി, ക്രൂശിതരൂപം, പരിശുദ്ധ കുര്‍ബാനയുടെ ആരാധന, വിശുദ്ധരോടുള്ള ഭക്തി തുടങ്ങിയവ നമ്മുടെ അതിരൂപതയില്‍ ഇനിമുതല്‍ ഉണ്ടാകുകയില്ല തുടങ്ങിയവയാണ് ദുരുദ്ദേശപരമായ മറ്റൊരു തെറ്റായ പ്രചാരണം. ഇവ തികച്ചും വാസ്തവ വിരുദ്ധമാണെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
വിശ്വാസ പരിശീലനം, കുടുംബക്കൂട്ടായ്മ പരിപോഷണം, സാമൂഹ്യ സേവനം, രാഷ്ട്ര നിര്‍മിതി തുടങ്ങിയവയ്ക്ക് പ്രാധാന്യം കൊടുക്കേണ്ടതിന് പകരം മറ്റ് കാര്യങ്ങളിലേയ്ക്ക് ശ്രദ്ധ മാറുന്നതിനാല്‍ നമ്മുടെ അതിരൂപത ബലഹീനമായിക്കൊണ്ടിരിക്കുകയാണ്. യേശുവിനോടും അപ്പസ്‌തോലന്മാരുടെ പിന്‍ഗാമികളോടും ചേര്‍ന്ന് സഹകരിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തതുപോലെ നമ്മുടേതായ അഭിപ്രായങ്ങളില്‍ നിന്ന് ഒരു ചുവട് പിന്നോട്ട്‌വച്ച് സഭാകൂട്ടായ്മ ശക്തിപ്പെടുത്താന്‍ ആഹ്വാനം ചെയ്യുന്നുവെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സര്‍ക്കുലറില്‍ പറയുന്നു.
നമ്മുടെ അതിരുപതയ്ക്കായി ഫ്രാന്‍സീസ് മാര്‍പ്പാപ്പ നിയോഗിച്ച പൊന്തിഫിക്കല്‍ ഡെലഗേറ്റിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ തുടര്‍ന്നും നമുക്ക് സ്വീകരിക്കാം. നമ്മുടെ അതിരൂപതയിലെ പ്രതിസന്ധികള്‍ എത്രയും വേഗം പരിഹരിക്കാന്‍ നമുക്ക് പ്രത്യേകം പ്രാര്‍ത്ഥിക്കാമെന്ന അഭ്യര്‍ത്ഥനയുമായാണ് സര്‍ക്കുലര്‍ അവസാനിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26