മനാമ: ഡിപി വേള്‍ഡ് ടൂറിന് ഇക്കുറി ബഹ്‌റൈന്‍ ആതിഥേയത്വം വഹിക്കും. റോയല്‍ ഗോള്‍ഫ് ക്ലബ്ബില്‍ (ആര്‍ജിസി) 2024 ഫെബ്രുവരി ഒന്നു മുതല്‍ നാലു വരെയാണ് ബഹ്‌റൈന്‍ ചാമ്പ്യന്‍ഷിപ് അരങ്ങേറുന്നത്.
ഡി.പി വേള്‍ഡ് ഇന്റര്‍നാഷണല്‍ ഗോള്‍ഫ് ടൂറിന് ഹമദ് രാജാവ് രക്ഷാധികാരിയാകും. ഇതോടെ ആഗോള തലത്തില്‍ കായിക ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി രാജ്യം ഒരിക്കല്‍ കൂടി മാറും. ദശലക്ഷക്കണക്കിന് വരുന്ന ആഗോള ടി.വി പ്രേക്ഷകരും ഗോള്‍ഫ് മാമാങ്കത്തിന് സാക്ഷികളാകും.
സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്‍ഡ് സ്‌പോര്‍ട്സ് ഫെസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ചെയര്‍മാനും ബഹ്‌റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് ആല്‍ ഖലീഫ, ഡി.പി വേള്‍ഡ് ടൂറിന്റെ ചീഫ് എക്‌സിക്യൂട്ടിവ് കീത്ത് പെല്ലി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഔദ്യോഗിക പ്രഖ്യാപനം.
അന്താരാഷ്ട്ര ഗോള്‍ഫ് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത് ബഹ്‌റൈന്റെ പദവി ആഗോള തലത്തില്‍ വര്‍ധിപ്പിക്കുമെന്നും രാജ്യാന്തര കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിലുള്ള അതിന്റെ കഴിവുകള്‍ ഉയര്‍ത്തിക്കാട്ടുമെന്നും ശൈഖ് ഖാലിദ് പറഞ്ഞു. 26 രാജ്യങ്ങളിലായി 40 ലധികം ടൂര്‍ണമെന്റുകളാണ് സീസണില്‍ നടക്കുന്നത്.
പങ്കെടുക്കുന്നവര്‍ക്ക് മൊത്തം 148.5 മില്യണ്‍ ഡോളറിന്റെ സമ്മാനത്തുകയാണ് ലഭിക്കുക. 2011-ല്‍ ബഹ്‌റൈനില്‍ നടന്ന യൂറോപ്യന്‍ ടൂറിന്റെ ഉദ്ഘാടന വോള്‍വോ ഗോള്‍ഫ് ചാമ്പ്യന്‍സ് ടൂര്‍ണമെന്റിനുശേഷം രാജ്യത്ത് അരങ്ങേറുന്ന ഏറ്റവും വലിയ ഗോള്‍ഫ് മത്സരമാണിത്.
മിഡില്‍ ഈസ്റ്റിലെ മോട്ടോര്‍ സ്‌പോര്‍ട്ടിന്റെ ആസ്ഥാനമെന്ന നിലയില്‍ ബഹ്റൈന്‍ മാറിയിട്ടുണ്ട്. ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലെ ഫോര്‍മുല 1 ബഹ്‌റൈന്‍ ഗ്രാന്‍ഡ് പ്രീ ആഗോളതലത്തില്‍ ശ്രദ്ധേയമാണ്. സാഖിറിലെ ഗ്രാന്‍ഡ് പ്രീ സര്‍ക്യൂട്ട് 20-ാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുകയാണ്. ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച് രണ്ടു വരെയാണ് ഗ്രാന്‍ഡ് പ്രീ നടക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.