കോവിഡിനേക്കാള്‍ മാരകം, എബോളയേക്കാള്‍ വിനാശകാരി; വരുന്നൂ....മറ്റൊരു വൈറസ്?...

കോവിഡിനേക്കാള്‍ മാരകം,  എബോളയേക്കാള്‍ വിനാശകാരി; വരുന്നൂ....മറ്റൊരു വൈറസ്?...

ന്യൂഡല്‍ഹി : കോവിഡ് 19 മഹാമാരിയുടെ പിടിയിലമര്‍ന്ന് നട്ടം തിരിയുന്ന ലോകത്തെ കൂടുതല്‍ ആശങ്കപ്പെടുത്തുന്ന മറ്റൊരു വാര്‍ത്തയെത്തുന്നു. അതിമാരകമായ മറ്റൊരു വൈറസ് ലോകമാകെ പൊട്ടിപ്പുറപ്പെടുമെന്ന വിദഗ്ധരുടെ മുന്നറിയിപ്പാണത്. കോവിഡ് പോലെ പെട്ടെന്ന് വ്യാപിക്കുന്നതും എബോള വൈറസിനേക്കാള്‍ അതി വിനാശകാരിയുമാകും പുതിയ വൈറസ് എന്നാണ് മുന്നറിയിപ്പ്.

ഡിസീസ് എക്സ് എന്നു പേരിട്ടിരിക്കുന്ന ഈ വൈറസിനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ നല്‍കിയിരിക്കുന്നത് എബോള വൈറസ് കണ്ടുപിടിച്ച പ്രൊഫസര്‍ ജീന്‍ ജാക്വസ് മുയംബെ താംഫും എന്ന ശാസ്ത്രജ്ഞനാണ്. 1976 ല്‍ ആണ് അജ്ഞാത രോഗഹേതുവായ എബോള വൈറസിനെ അദ്ദേഹം കണ്ടെത്തിയത്. പുതിയ വൈറസിന്റെ ഉത്ഭവം ആഫ്രിക്കയിലെ ട്രോപ്പിക്കല്‍ വന മേഖലയില്‍ നിന്നാകുമെന്നാണ് ജീന്‍ ജാക്വസിന്റെ മുന്നറിയിപ്പ്.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ് പുതിയ രോഗം ബാധിച്ചയാളെ കണ്ടെത്തിയത്. രക്തസ്രാവത്തോടുകൂടിയുള്ള പനിയായിരുന്നു രോഗലക്ഷണം. എബോള ടെസ്റ്റ് അടക്കം നടത്തിയെങ്കിലും നെഗറ്റീവ് ആയിരുന്നു ഫലം. ഇതോടെയാണ് ഡിസീസ് എക്സ് ബോധിച്ച ആദ്യ രോഗിയാണ് ഇയാളെന്ന് ഡോക്ടര്‍മാര്‍ സംശയിക്കുന്നത്. കൂടാതെ മൃഗങ്ങളില്‍ നിന്നും പക്ഷികളില്‍ നിന്നും കൂടുതല്‍ മഹാമാരികള്‍ മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത വര്‍ധിച്ചതായും ജീന്‍ ജാക്വസ് മുന്നറിയിപ്പ് നല്‍കുന്നു.

കോവിഡ് വളരെ വേഗം പടരുന്നതാണ്. എന്നാല്‍ എബോള വൈറസ് ബാധിച്ചാല്‍ 50 മുതല്‍ 90 ശതമാനം വരെയാണ് മരണം സംഭവിക്കുന്നത്. പുതിയ രോഗമായ ഡിസീസ് എക്സ് കോവിഡ് പോലെ പെട്ടന്ന് വ്യാപിക്കുന്നതും എബോള പോലെ മരണ സാധ്യത കുടുതലുള്ളതുമായതിനാല്‍ ഇത് മഹാദുരന്തത്തിന് വഴിവെക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്.

മൃഗങ്ങളില്‍ നിന്നോ പക്ഷികളില്‍ നിന്നോ ആകും പുതിയ വൈറസും മനുഷ്യരിലേക്ക് എത്തുകയെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കോവിഡിനെ അതിജീവിക്കാന്‍ വാക്സിനുകള്‍ കണ്ടുപിടിച്ച് മഹാമാരിയുടെ പിടിയില്‍ നിന്നും മുക്തി നേടാമെന്ന ആശ്വാസത്തിനിടെയാണ് ഞെട്ടലുണ്ടാക്കുന്ന പുതിയ വാര്‍ത്ത പുറത്തു വരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.